ഹൃദയം നിറയെ നന്ദിയോടെ മാത്യു ഇന്ന് ആശുപത്രിയുടെ പടികളിറങ്ങും
ഹൃദയം നിറയെ നന്ദിയോടെ മാത്യു ഇന്ന്  ആശുപത്രിയുടെ പടികളിറങ്ങും
Wednesday, September 2, 2015 11:05 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ആ ഹൃദയം നിറയെ സന്തോഷവും നന്ദിയുമായി, ഭാര്യ ബിന്ദുവിന്റെ കൈപിടിച്ചു മാത്യു ആച്ചാടന്‍ ഇന്ന് ആശുപത്രിയുടെ പടികളിറങ്ങും. വിമാനമാര്‍ഗം പറന്നെത്തിയൊരു ഹൃദയത്തിന്റെ സ്പന്ദനം പുതിയ ജീവിതം സമ്മാനിച്ച മാത്യുവിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെത്തും. ഉച്ചകഴിഞ്ഞു മൂന്നിനാണു മാത്യു ആശുപത്രി വിടുന്നത്.

തിരുവനന്തപുരത്തുനിന്ന് ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ഹൃദയം എറണാകുളത്തെ ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചതുവഴി ശ്രദ്ധ നേടിയ ചാലക്കുടി പരിയാരം സ്വദേശി ആച്ചാടന്‍ വീട്ടില്‍ മാത്യുവിന്റെ (47) ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍നിന്നു മാറ്റുന്നത്. ആശുപത്രി വിടുന്നെങ്കിലും ചാലക്കുടിയിലെ വീട്ടിലേക്കു തത്കാലമില്ല.

രണ്ടു മാസത്തോളം എറണാകുളത്തു തന്നെ ഫ്ളാറ്റിലാണു വിശ്രമം. ഇടയ്ക്ക് ആശുപത്രിയില്‍ തുടര്‍പരിശോധനയ്ക്കായി എത്തേണ്ടതുള്ളതിനാലാണ് ഇവിടെ താമസിക്കുന്നത്. മാത്യുവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്െടന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.


കഴിഞ്ഞ ജൂലൈ 24ന് ആണ് മാത്യുവിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്തക്രിയയായിരുന്നു മാത്യുവിന്റേത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ.നീലകണ്ഠശര്‍മയുടെ (46) ഹൃദയമാണു മാത്യുവില്‍ വച്ചുപിടിപ്പിച്ചത്.

നാവികസേനയുടെ ഡോണിയര്‍ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്നു ഹൃദയം കൊച്ചിയിലെത്തിച്ചത്. ശ്രീചിത്രയില്‍നിന്ന് ഒരു മണിക്കൂറും 19 മിനിറ്റും മാത്രമാണു ലിസി ആശുപത്രിയിലേക്കു ഹൃദയമെത്തിക്കാന്‍ വേണ്ടിവന്നത്.

നാവികസേനയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാരും എറണാകുളം, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങളും പോലീസും പൊതുസമൂഹവും ശസ്ത്രക്രിയയുടെ വിജയത്തിനായി കൈകോര്‍ത്തുവെന്നു ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു.

ലിസി ആശുപത്രിയിലെ ഡോ.ജോസ് ചാക്കോയ്ക്കൊപ്പം ഡോ. ജേക്കബ് ഏബ്രഹാം, ജീവേഷ് തോമസ് എന്നിവരാണു നീലകണ്ഠശര്‍മയുടെ ഹൃദയം വേര്‍പെടുത്തി അതിവേഗം കൊച്ചി യിലെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.