മലയാളി തീര്‍ഥാടകസംഘത്തിന്റെ ബസ് മറിഞ്ഞ് ഏഴു വയസുകാരന്‍ മരിച്ചു
Sunday, August 30, 2015 12:04 AM IST
കൊച്ചി: തിരുപ്പതിയിലേക്കു തീര്‍ഥയാത്ര പോയ സംഘം സഞ്ചരിച്ച ടൂറിസ്റ് ബസ് മറിഞ്ഞ് ഏഴു വയസുകാരന്‍ മരിച്ചു. ആലപ്പുഴ പാണാവള്ളി പൂച്ചാക്കല്‍ സ്വദേശി ചാലക്കല്‍ ജയാനന്ദന്റെ മകന്‍ ആദര്‍ശ് (7)ആണു മരിച്ചത്. മുപ്പതു പേര്‍ക്കു പരിക്കേറ്റു.

ആദര്‍ശിന്റെ അമ്മ ശര്‍മിളയടക്കം ഏഴുപേരുടെ നില ഗുരുതരമാണ്. തിരുവോണദിനത്തില്‍ എറണാകുളം ബോള്‍ഗാട്ടിയില്‍നിന്നാണ് 37 പേരടങ്ങുന്ന തീര്‍ഥയാത്രാസംഘം പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തമിഴ്നാട്ടിലെ ആമ്പല്ലൂരിലാണ് അപകടം. പാലം ഇറങ്ങുന്നതിനിടെ ബസ് മൂന്നു നാലു തവണ കീഴ്മേല്‍ മറിഞ്ഞെന്നു യാത്രക്കാര്‍ പറഞ്ഞു. ബസിനടിയില്‍പ്പെട്ടാണ് ആദര്‍ശിന്റെ മരണം. ബസിലുണ്ടായിരുന്ന ബേബി, സേതുലക്ഷ്മി, ഷിജു, ശശിധരന്‍, സാംബശിവന്‍, രത്നാകരന്‍, ഷിബു, സെല്‍വന്‍, ബിന്ദു, ആദിത്യന്‍, സൂര്യദേവ്, അനന്തു, നിഷ, മാളവിക, സുമ, സീതാലക്ഷ്മി, പല്ലവി, സിമി, അമ്പാടി, ദേവു, രഞ്ജിത്, ഷൈജു, നീതു, കൃഷ്ണന്‍, പ്രാര്‍ഥന, സിനി, ജലജ, അശ്വതി, കുഞ്ഞു, ശര്‍മിള എന്നിവര്‍ക്കു പരിക്കേറ്റു. ഷിജു, ബേബി, നീതു, ശര്‍മിള, ശശിധരന്‍, ഷിബു, ജലജ എന്നിവരുടെ നില ഗുരുതരമാണ്.


ഷിജുവിനെ ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റി. ബേബി, നീതു, ശര്‍മിള, ശശിധരന്‍, ഷിബു, ജലജ എന്നിവരെ വെല്ലൂരിലും ആമ്പല്ലൂരിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരും ആമ്പല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജയാനന്ദനും കുടുംബവും എറണാകുളം ബോള്‍ഗാട്ടിയിലെത്തിയാണു തീര്‍ഥാടകസംഘത്തില്‍ ചേര്‍ന്നത്. പിറവത്തുനിന്നുള്ളതാണ് ഇവര്‍ സഞ്ചരിച്ച ടൂറിസ്റ് ബസ്. ഇതില്‍ രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു. അപകടശേഷം ഇവരെ കാണാതായെന്നു രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. ആദര്‍ശിന്റെ മൃതദേഹം ആമ്പല്ലൂരിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. നാട്ടിലെത്തിക്കാനുള്ള ക്രമീകരണം നടത്തിവരുന്നു.

അരൂര്‍ ഔവര്‍ ലേഡി സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. അച്ഛന്‍ ജയാനന്ദന്‍ പുതുവൈപ്പ് വില്ലേജ് അസിസ്റന്റ് ആണ്. അമ്മ ശര്‍മിള പൂച്ചാക്കല്‍ ലാഭം മാര്‍ക്കറ്റ് ജീവനക്കാരിയും സഹോദരി അനുപമ മണപ്പുറം ഗവ.സ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.