ബോട്ട് ദുരന്തം: മത്സ്യബന്ധന ബോട്ടിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണം
ബോട്ട് ദുരന്തം: മത്സ്യബന്ധന ബോട്ടിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണം
Sunday, August 30, 2015 12:13 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനു കാരണം യന്ത്രവത് കൃത മത്സ്യബന്ധനബോട്ട് ഓടി ച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമെന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍ബോര്‍ഡ് എന്‍ജിനുള്ള മത്സ്യ ബന്ധനബോട്ട് യാത്രാബോട്ടിലേ ക്കു പാഞ്ഞു വന്നിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇതും അപകട സമയത്തു ബോട്ട് ഓടിച്ചിരുന്ന ഡ്രൈവറുടെയും രക്ഷപ്പെട്ട യാത്രക്കാരുടെയും മൊഴികളും അടിസ്ഥാനമാക്കിയാണു പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. യാത്രാബോട്ട് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ടുകൂടി ലഭിച്ച ശേഷമേ അന്തിമറിപ്പോര്‍ട്ട് തയാറാക്കൂ. കഴിയുന്നതും വേഗം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണു ശ്രമിക്കുന്നതെന്നു മട്ടാഞ്ചേരി അസിസ്റ ന്റ് പോലീസ് കമ്മീഷണര്‍ ജി. വേണു പറഞ്ഞു.

അതേസമയം, തിരുവോണ നാളില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്െടടുത്തതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കുമ്പളങ്ങി ഇടപ്പറമ്പില്‍ നിസാറിന്റെ മകള്‍ ഫൌസിയ (29), തോപ്പുംപടി നസ്രത്ത് കണ്ടത്തില്‍പ്പറമ്പില്‍ പീറ്ററിന്റെ മകന്‍ സെബാസ്റ്യന്‍ ഷില്‍ട്ടണ്‍ (24) എന്നിവരുടെ മൃതദേഹങ്ങളാണു വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കണ്െടടുത്തത്. തീരദേശ പോലീസിന്റെ പട്രോളിംഗിനിടെ ഫൌസിയയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി കമാലക്കടവില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ തെരച്ചിലില്‍ ഷില്‍ട്ടന്റെ മൃതദേഹം വല്ലാര്‍പാടത്തു നിന്നുമാണു കണ്െടത്തിയത്. ഇന്‍ക്വസ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഇരുവരുടെയും സംസ്കാരം നടത്തി.

കാണാതായെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയ നാലു പേരുടെ മൃതദേഹങ്ങളും ഇതോടെ കണ്െടടുത്തു. തീരരക്ഷാസേനയും തീരദേശ പോലീസും തെരച്ചില്‍ അവസാനിപ്പിച്ചു.

യാത്രാബോട്ട് വരുന്നതു കണ്ടു വേഗം കുറച്ച മറ്റൊരു മത്സ്യബന്ധന വള്ളത്തെ മറികടന്നാണ് അപകടമുണ്ടാക്കിയ ബോട്ട് കുതിച്ചെത്തിയതെന്നാണു ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍നിന്നു യാത്രക്കാര്‍ വെള്ളത്തിലേക്കു തെറിച്ചുവീഴുന്നതും ബോട്ട് വട്ടംകറങ്ങി മുങ്ങിത്താഴുന്നതും ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലുണ്ട്. മീന്‍പിടിത്ത ബോട്ടിന്റെ അണിയത്ത് ദിശാ നിരീക്ഷണത്തിനായി ചുമതലയുള്ള ആരും നിന്നിരുന്നില്ലെന്നതും വ്യക്തമാണ്.


അഴിമുഖത്തെ കപ്പല്‍ച്ചാലില്‍ യാത്രാബോട്ടുകളും മറ്റു യാനങ്ങളും എപ്പോഴും കടന്നുപോകുന്ന ഏറ്റവും തിരക്കേറിയ ഭാഗത്ത് അമിതവേഗത്തിലാണു മത്സ്യബന്ധനബോട്ട് പാഞ്ഞെത്തിയത്. ബോട്ടിന്റെ മെക്കാനിക്കായിരുന്ന കണ്ണമാലി സ്വദേശി ഷിജുവാണു ബോട്ട് ഓടിച്ചിരുന്നത്. ലൈസന്‍സില്ലാത്തയാളെ യന്ത്രവത്കൃത വള്ളം ഓടിക്കാന്‍ നിയോഗിച്ചതിനു സ്രാങ്ക് കണ്ണമാലി സ്വദേശി ജോണിനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ് ചെയ്തിരുന്നു.

ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ജുഡീഷല്‍ അന്വേഷണം വേണം: കോടിയേരി

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലുണ്ടായ ബോട്ടുദുരന്തം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഫോര്‍ട്ട്കൊച്ചിയിലുണ്ടായ ബോട്ട് അപകടം സമീപകാലത്തു ജലഗതാഗത മേഖലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ്. കൊച്ചി കോര്‍പറേഷനും സംസ്ഥാന തുറമുഖ വകുപ്പും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ആശ്വാസ ധനസഹായം പരിമിതമാണ്. അപകടത്തിന് ഇരയായവരില്‍ പലരുടെയും കുടുംബങ്ങള്‍ക്കു വാസയോഗ്യമായ വീടില്ല. കൂടുതല്‍ ധനസഹായം നല്‍കുന്നതിനൊപ്പം വീടില്ലാത്തവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനുളള നടപടിയും സ്വീകരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.