അപകടങ്ങള്‍ നിയന്ത്രിക്കാന്‍ സേഫ്റ്റി കമ്മീഷന്‍ രൂപീകരിക്കും: മന്ത്രി തിരുവഞ്ചൂര്‍
അപകടങ്ങള്‍ നിയന്ത്രിക്കാന്‍ സേഫ്റ്റി കമ്മീഷന്‍ രൂപീകരിക്കും: മന്ത്രി തിരുവഞ്ചൂര്‍
Friday, August 28, 2015 12:09 AM IST
കോട്ടയം: അപകടങ്ങള്‍ നിയന്ത്രിക്കാനും കുറയ്ക്കാനുമുള്ള മാര്‍ഗരേഖ തയാറാക്കാന്‍ സേഫ്റ്റി കമ്മീഷന്‍ രൂപീകരിക്കുമെന്നു വനം-ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. ജലഗതാഗതത്തില്‍ ഏറെക്കുറെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്തുന്നതിനായി സേഫ്റ്റി കമ്മീഷന്‍ ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. കുമരകം ബോട്ടുദുരന്തത്തിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച ജസ്റീസ് നാരായണ കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതു നിര്‍ദേശിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണത്തില്‍ കാലിക പ്രസക്തിയുള്ള എന്തെങ്കിലും കാര്യങ്ങള്‍ വന്നാല്‍ മാറ്റം വരുത്താനും തയാറാണ്. കൊച്ചി ദുരന്തത്തില്‍ ജലഗതാഗത വകുപ്പിനെ കുറിച്ചു വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ബോട്ടുകളുടെ തലങ്ങും വിലങ്ങുമുള്ള യാത്രയാണ് അപകടങ്ങള്‍ക്കു കാരണം. വാട്ടര്‍ ട്രാഫിക് കണ്‍ട്രോള്‍ ആവശ്യമാണ്. ഇതിനെപ്പറ്റി ഗൌരവമായി ചിന്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അപകടത്തില്‍പ്പെട്ട ബോട്ട് ദുര്‍ബലം; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല

മട്ടാഞ്ചേരി: എട്ടു യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട യാത്രാബോട്ട് ദുര്‍ബലമാണെന്നും ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും പരിശോധനയില്‍ കണ്െടത്തി. കൊച്ചിന്‍ പോര്‍ട്ട് ഡപ്യൂട്ടി കമ്മീഷണര്‍ ഗൌരീ പ്രസാദ് ബിസ്പാള്‍ നടത്തിയ പരിശോധനയിലാണ് ഇതു സ്ഥിരീകരിച്ചത്.

35 വര്‍ഷത്തെ പഴക്കം ബോട്ടിനുണ്ട്. നിര്‍മാണ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്െടത്തി. കൂടുതല്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഗൌരി പ്രസാദ് അറിയിച്ചു.


യാത്രാബോട്ടുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും: മന്ത്രി കെ. ബാബു


കൊച്ചി: യാത്രാ ബോട്ടുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി കെ. ബാബു. ബോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും കൊച്ചിയില്‍ പോര്‍ട്ട് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി വ്യക്തമാക്കി.

യാത്രാ ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടത്തിനു കാരണം എന്ന വാദം ശരിയല്ല. മത്സ്യബന്ധന ബോട്ടിന്റെ അണിയം വളരെ ശക്തമാണ്. അതിന്റെ പ്രഹരത്തിലാണ് യാത്രാ ബോട്ട് പിളര്‍ന്നത്.


ഫൈബര്‍ ബോട്ടിംഗ് നടത്തുമ്പോള്‍ ബോട്ടിന്റെ ഉള്‍ത്തട്ടിലെ മരം ദ്രവിച്ചു പോവുക സ്വാഭാവികമാണ്. അലൂമിനിയം ബോട്ടിംഗ് നടത്തിയാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. ഇതടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോട്ടിന്റെ കാലപ്പഴക്കം വ്യക്തമായി നിര്‍ണയിക്കാനാകില്ലെന്നു യോഗത്തില്‍ തുറമുഖ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കായി ബോട്ട് കരയ്ക്കു കയറ്റുമ്പോള്‍ തടിഭാഗങ്ങള്‍ മാറ്റി പുതിയത് വയ്ക്കാറുണ്ട്.

കേരളത്തില്‍ എത്ര വര്‍ഷം വരെ പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്താം എന്ന കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളില്ല. ഇതിനായി ബോട്ടുടമകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും നിര്‍ദേശമുയര്‍ന്നു.


പോര്‍ട്ട് ട്രസ്റിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ ബോട്ട് ദുരന്തം സംബന്ധിച്ചു പോര്‍ട്ട് ട്രസ്റ് നടത്തുന്ന അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മറൈന്‍ വിഭാഗം തലവന്‍ ഗൌരി പ്രസാദ് ബിസ്വാളിനാണ് അന്വേഷണ ചുമതല. ആഭ്യന്തരതല അന്വേഷണത്തിനാണ് പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഉത്തരവിട്ടിരിക്കുന്നത്. അപകടം ഉണ്ടാകാനുള്ള സാഹചര്യം, ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ബോട്ട് ദുര്‍ബലാവസ്ഥയില്‍ ആയതാണ് തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. ബോട്ട് ഓടിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമാണു തങ്ങള്‍ നല്‍കുന്നതെന്നാണ് പോര്‍ട്ട് ട്രസ്റ് അധികൃതരുടെ നിലപാട്. ബോട്ടിന്റെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത് മറ്റ് ഏജന്‍സികളാണെന്നും അവര്‍ വിശദീക രിക്കുന്നു.


മരിച്ചവരുടെ ബന്ധുക്കള്‍ക്കു ധനസഹായം

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കുള്‍ക്ക് ഒരു ലക്ഷം രൂപ വീതം കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുമെന്ന് മേയര്‍ ടോണി ചമ്മണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.