ഓണസമ്മാനമായി കൊച്ചിക്കു സ്മാര്‍ട്ട് സിറ്റി പദ്ധതി
Friday, August 28, 2015 12:59 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഓണസമ്മാനമായി കൊച്ചിക്ക് ലഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി ആരംഭിക്കുമെന്ന് മേയര്‍ ടോണി ചമ്മണി അറിയിച്ചു. നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 98 സ്മാര്‍ട്ട് സിറ്റികളില്‍ ഇടംപിടിച്ച കൊച്ചി പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ പിന്തള്ളിയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനപ്രവൃത്തികളും മൂന്നു മാസത്തിനകം പൂര്‍ത്തീകരിച്ച് വിശദമായ പദ്ധതിരേഖ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിന് ഐസിആര്‍എ എന്ന ഏജന്‍സിയെ കണ്‍സള്‍ട്ടന്റായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈ പവര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ കണ്‍സള്‍ട്ടന്റാണ് വികസന പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. ഇതിന് മുമ്പായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നഗരത്തില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഐസിആര്‍എ റിപ്പോര്‍ട്ടുകള്‍ തയാറാക്കുക. അടിസ്ഥാന സൌകര്യത്തിനപ്പുറം സിറ്റി സാനിറ്റേഷനും നഗര നവീകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഒരു വര്‍ഷം 100 കോടി രൂപ വച്ച് അഞ്ചു വര്‍ഷത്തേക്ക് 500 കോടി രൂപയാണ് പദ്ധതിക്കായി ഫണ്ട് ലഭിക്കുന്നത്. ഇതിലൂടെ കൊച്ചിയില്‍ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.


പദ്ധതിയില്‍ കൊച്ചിക്കും ഇടം നേടാനായത് അഭിമാനാര്‍ഹമാണ്. ഒരുപാടു നാള്‍ നീണ്ട എല്ലാ വിഭാഗം ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലേക്കുള്ള ഏക നഗരമാകാന്‍ കൊച്ചിക്ക് സാധിച്ചതും ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഔദ്യോഗികമായി ഇടം നേടിയതും. സ്മാര്‍ട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ നമ്മുടെ നഗരത്തെ മാറ്റി എടുക്കുന്നതിന് നഗരത്തിലെ ഓരോ നിവാസിയുടെയും പൂര്‍ണ പിന്തുണയും സഹകരണവും ആവശ്യമാണ്. കൊച്ചിയെ ലോക നഗരങ്ങളുടെ ശ്രേണിയിലേക്ക് ഉയര്‍ത്തുവാന്‍ സമസ്ത മേഖലയിലുള്ള എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നതായും മേയര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.