റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്ട്രേഷന്‍ 2.07 ലക്ഷം
Friday, August 28, 2015 12:43 AM IST
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ 1860 ആര്‍പിഎസുകളിലായി 2.07 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ 71,000 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി.

അതേസമയം ഷീറ്റ് വിറ്റ നാലായിരം കര്‍ഷകരുടെ ബില്ലുകള്‍ മാത്രമേ കംപ്യൂട്ടര്‍ സെര്‍വറില്‍ അപ്ലോഡ് ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ജൂലൈ നാലിനു പദ്ധതി ആരംഭിച്ചശേഷം ജൂലൈ 15 വരെ വിറ്റ ഷീറ്റ് ബില്ലുകളുടെ അപ് ലോഡിംഗ് നടപടികളാണ് ഇപ്പോഴും നടന്നുവരുന്നത്.

ഈ കാലാവധിയില്‍ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും ബില്ലുകളും വിലസ്ഥിരതാ സഹായ പദ്ധതിയുടെ വെബ് സൈറ്റില്‍ വിജയകരമായി അപ്ലോഡ് ചെയ്ത കര്‍ഷകര്‍ക്കു മാത്രമെ ഒന്നാംഘട്ടമായി സഹായത്തുക ലഭിക്കൂ.


ഓണത്തിനു മുന്‍പ് പരമാവധി അയ്യായിരം പേര്‍ക്കു മാത്രമെ സഹായം ലഭിക്കാനിടയുള്ളൂവെന്ന് റബര്‍ ബോര്‍ഡ് കേന്ദ്രം വ്യക്തമാക്കി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ അര ലക്ഷത്തിലേറെ കര്‍ഷകരാണ് ബില്ല് അപ്ലോഡ് ചെയ്ത് സഹായം ലഭിക്കാന്‍ കാത്തിരിപ്പു തുടരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.