ഓണാഘോഷം: പാല്‍ വില്പന ഇരട്ടിയിലേക്ക്; ഗുണനിലവാരം പരിശോധിക്കും
Friday, August 28, 2015 12:13 AM IST
കോട്ടയം: ഓണപ്പായസം, തൈര്, മോര്, ഐസ്ക്രീം തുടങ്ങി ഓണത്തിനു മധുരം പകരാന്‍ കൂടുതല്‍ പാല്‍ എത്തിയേ തീരൂ. ഒരാഴ്ചയായി പാല്‍ വില്പന കൂടിവരികയാണ്. മുന്‍പ് രാവിലെയും വൈകുന്നേരവുമായിരുന്നു പാല്‍ സൊസൈറ്റികളുടെ വിതരണമെങ്കില്‍ ഇപ്പോള്‍ ഉച്ചയ്ക്കും കടകളില്‍ പാല്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. തിരുവോണത്തിന് വില്പന ഇരട്ടിയാകുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍.

മധ്യകേരളത്തിലെ പ്രധാന പാല്‍വില്പനക്കാരായ മലനാട് മില്‍ക്ക് ഒരാഴ്ചയായി ഒരു ലക്ഷം ലിറ്റര്‍ പാല്‍ നാലു ജില്ലകളില്‍ അധികം വിറ്റഴിക്കുന്നതായി കാഞ്ഞിരപ്പള്ളി പാറത്തോട് ചില്ലിംഗ് യൂണിറ്റ് വ്യക്തമാക്കി.

മില്‍മ കോട്ടയം ജില്ലയില്‍ വില്പന അര ലക്ഷം ലിറ്ററില്‍നിന്ന് ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ചു. ഉത്രാടത്തിന് ഒന്നര ലക്ഷം ലിറ്ററിന്റെ വില്പനയാണു പ്രതീക്ഷിക്കുന്നത്. ജില്ലയില്‍നിന്നുള്ള കളക്ഷനു പുറമേ മൂവാറ്റുപുഴ, എറണാകുളം മില്‍മ കേന്ദ്രങ്ങളില്‍നിന്നും കോട്ടയത്ത് പാല്‍ എത്തിക്കുന്നുണ്ട്.

സംസ്ഥാനതലത്തില്‍ കഴിഞ്ഞ ഉത്രാടത്തിന് 25 ലക്ഷം ലിറ്ററാണു മില്‍മ വിറ്റത്. ലിറ്ററിനു 38 മുതല്‍ 40 രൂപ വരെയാണു പാല്‍ വില. തൈരിന് 46 രൂപ. കോട്ടയം ജില്ലയില്‍ വൈക്കം, കടുത്തുരുത്തി പ്രദേശങ്ങളാണു പാല്‍ ഉത്പാദനത്തില്‍ മുന്നിലുള്ളത്. എറണാകുളം റീജണു കീഴില്‍ കോട്ടയം ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്.


ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളും ഉള്‍പ്പെടുന്നതാണ് എറണാകുളം റീജണ്‍. പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ ജില്ലയില്‍ 12 ബ്രാന്‍ഡ് പാല്‍ വില്പന നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പാലിന്റെ ഗുണനിലവാര പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പ്രാദേശിക പാല്‍ കമ്പനികളും കൂടുതല്‍ പാല്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. പ്രധാന വിതരണക്കാര്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നാണ് അധികം പാല്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷനു കീഴില്‍ മൈസൂര്‍, മാണ്ഡ്യ, തുങ്കൂര്‍, ഹാസന്‍ എന്നിവിടങ്ങളില്‍നിന്നാണ് മില്‍മ പാല്‍ സംഭരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.