സഹായം ചോദിച്ചു ജ്വല്ലറിയിലെത്തിയ യുവാവ് 35 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു
സഹായം ചോദിച്ചു ജ്വല്ലറിയിലെത്തിയ യുവാവ് 35 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു
Friday, August 28, 2015 12:12 AM IST
കോട്ടയം: പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ സഹായം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ 1350 ഗ്രാം സ്വര്‍ണം കവര്‍ന്നു. കോട്ടയം നഗരത്തിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ളക്സ് രണ്ടാംനിലയിലെ ഏഴാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍സ് മരിയാ ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍നിന്നാണു 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.35നാണു സംഭവം. സിസി ടിവി കാമറയില്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്െടങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല.

മോഷണത്തെക്കുറിച്ച് ജ്വല്ലറി ഉടമ അരുണ്‍ പറയുന്നതിങ്ങനെ: ഉച്ചകഴിഞ്ഞ് 2.30നു ഷോപ്പിംഗ് കോംപ്ളക്സിലെത്തിയ യുവാവ് ഏതാനും പേപ്പറുകളുമായി കടകള്‍ കയറിയിറങ്ങി. മുഴുക്കൈയന്‍ ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ 35 വയസ് പ്രായം തോന്നിക്കുന്ന കറുത്തനിറമുള്ള യുവാവാണെന്നു കാമറാ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംസാരിക്കാതെ ആംഗ്യഭാഷയിലാണു കടകളിലുണ്ടായിരുന്നവരോട് ഇയാള്‍ ആശയവിനിമയം നടത്തിയത്. ഏതാനും കടകളില്‍ കയറിയശേഷം മോഷണം നടന്ന കടയിലെത്തിയപ്പോള്‍ ജീവനക്കാരനായ മോഹനന്‍ മാത്രമാണു കടയിലുണ്ടായിരുന്നത്. മോഷ്ടാവ് നോട്ടീസുമായി കടയ്ക്കുള്ളിലേക്കു കടക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇവിടെ ആരുമില്ലെന്നു പറഞ്ഞു തിരിച്ചയച്ചെങ്കിലും അല്പനിമിഷത്തിനകം വീണ്ടുമെത്തി കൈയിലുണ്ടായിരുന്ന പേപ്പറുകളിലൊന്നു മോഹനനു നല്കി. ഇയാള്‍ക്കു സഹായം നല്‍കിയവരുടെ പേരുകളായിരുന്നു പേപ്പറിലുണ്ടായിരുന്നത്.മോഹനന്‍ പേപ്പര്‍ വായിക്കുന്നതിനിടെ, മേശയുടെ മുകളില്‍ പ്ളാസ്റിക് ട്രേയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടാവ് മറ്റൊരു പേപ്പര്‍ ഉപയോഗിച്ച് തന്ത്രപൂര്‍വം മറച്ചുവലിച്ചെടുത്തു കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നു മോഹനന്റെ പക്കല്‍നിന്നും പേപ്പര്‍ വാങ്ങിയ കടയില്‍നിന്നു പുറത്തേക്കിറങ്ങിയ ശേഷമാണു സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍തന്നെ കടയുടമ അരുണ്‍ മാര്‍ക്കോസിനെ വിവരമറിയിച്ചു. ഇദ്ദേഹം വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.


പഴയ സ്വര്‍ണങ്ങള്‍ വില്‍ക്കുന്ന കടയില്‍ വില്പനയ്ക്കെത്തിച്ച 1350 ഗ്രാം 916 സ്വര്‍ണാഭരണങ്ങളാണു മോഷ്ടിക്കപ്പെട്ടത്. ഇന്നലെ വില്പന ആരംഭിച്ചപ്പോള്‍ 1506 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും 17 ഗ്രാം മാത്രമാണ് ഇന്നലെ വിറ്റിരുന്നതെന്നും ഉടമ അരുണ്‍ പറഞ്ഞു. സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ളാസ്റിക് ട്രേയ്ക്ക് 140 ഗ്രാം തൂക്കം വരും. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മോഷണം നടന്ന കടയിലെയും സമീപ കടകളിലെയും കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ ദൃശ്യങ്ങള്‍ കണ്െടത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശിയാണു മോഷ്ടാവെന്നു പോലീസ് സംശയിക്കുന്നു. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, ഡിവൈഎസ്പി വി. അജിത്, സിഐമാരായ ഗിരീഷ് പി. സാരഥി, എ.ജെ. തോമസ്, വെസ്റ്റ് എസ്ഐ ടി.ആര്‍. ജിജു എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.