തിരുവോണത്തോണി ആറന്മുളയ്ക്കു പുറപ്പെട്ടു
തിരുവോണത്തോണി ആറന്മുളയ്ക്കു പുറപ്പെട്ടു
Friday, August 28, 2015 12:10 AM IST
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണവിഭവങ്ങളുമായി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നു തിരുവോണത്തോണി യാത്ര തിരിച്ചു. പരമ്പരാഗത ആചാരങ്ങളോടെ മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിലാണു തോണിയാത്ര. ഉത്രാടം നാള്‍ സന്ധ്യയ്ക്കു കാട്ടൂരില്‍ നിന്നു പുറപ്പെടുന്ന തിരുവോണത്തോണി പള്ളിയോടങ്ങളുടെ അകമ്പടിയോടെ പമ്പാനദിയിലൂടെ യാത്ര ചെയ്ത് ഇന്നു പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തും.

കുമാരനെല്ലൂരില്‍ നിന്ന് അറിയിപ്പുതോണിയില്‍ പുഴ മാര്‍ഗം യാത്ര തിരിച്ച് ആറന്മുളയിലും പിന്നീട് കാട്ടൂരിലെത്തിയ മങ്ങാട്ട് ഭട്ടതിരിയെ ആചാരപരമായി സ്വീകരിച്ചു. തുടര്‍ന്ന് ആറന്മുളയില്‍ നിന്നും കാട്ടൂരിലെത്തിയ തിരുവോണത്തോണിയില്‍ ഭട്ടതിരി തിരുവോണവിഭവങ്ങളുമായി യാത്ര തിരിച്ചു. കാട്ടൂരിലെ വിവിധ നായര്‍ തറവാടുകളില്‍ നിന്നുമെത്തിച്ച വിഭവങ്ങളാണ് തോണിയിലുള്ളത്.


ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്ക് തോണിയിലെത്തിക്കുന്ന വിഭവങ്ങളാണ് ഉപയോഗിക്കുന്നത്. ചെറുകോല്‍, കാട്ടൂര്‍, ഇടപ്പാവൂര്‍, കോറ്റാത്തൂര്‍ പള്ളിയോടങ്ങള്‍ തോണിയെ അനുഗമിക്കുന്നുണ്ട്.

രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരന്‍, ജില്ലാ പഞ്ചായത്തംഗം എസ്.ഹരിദാസ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.ജി. ശശിധരന്‍പിള്ള, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ തോണിയെ യാത്രയയ്ക്കാന്‍ കാട്ടൂരിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.