മുഖപ്രസംഗം: ആഘോഷത്തില്‍ ഓണത്തിന്റെ അന്തഃസത്ത കൈവിടരുത്
Friday, August 28, 2015 1:20 AM IST
കേരളത്തിന്റെ സമൂഹമനസില്‍ പതിഞ്ഞുകിടക്കുന്ന സവിശേഷമായൊരു ശുഭചിന്തയാണ് ഓണത്തില്‍ പ്രതിഫലിക്കുന്നത്. ജാതി, മത, വര്‍ഗ, കക്ഷി വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം എന്നതുതന്നെ ഓണത്തെ മനോഹരവും വേറിട്ടതുമാക്കുന്നു. ഓണത്തിനു പിന്നിലുള്ള ഐതിഹ്യവും ചരിത്രവും അവയുടെ വ്യാഖ്യാനവും എന്തായിരുന്നാലും മലയാളിസമൂഹത്തെ ഒന്നാക്കി നിര്‍ത്തുന്നതില്‍ ഓണത്തിന്റെ സംഭാവന അതുല്യമാണ്. എല്ലാ വൈവിധ്യ വൈരുധ്യങ്ങളെയും മറികടന്ന് ഒരു സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുകയും സ്വന്തം സംസ്കാരത്തെക്കുറിച്ച് അഭിമാനം ജനിപ്പിക്കുകയും ചെയ്യുന്നതെന്തായാലും അത് ഉത്കൃഷ്ടമായതുതന്നെ.

ഫോര്‍ട്ട് കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന അതിദാരുണമായ ബോട്ടപകടത്തിന്റെ നടുക്കം മാറാതെയാണു നാമിത്തവണ ഓണം ആഘോഷിക്കുന്നത്. ഈ ഉത്സവനാളുകളില്‍ത്തന്നെ എത്രയോ അപകടങ്ങള്‍ കേരളത്തില്‍ നടന്നു. ഒട്ടുമിക്കതും അശ്രദ്ധയുടെയോ അലംഭാവത്തിന്റെയോ ഫലമായിരുന്നു. ഒരാള്‍ കാട്ടുന്ന അശ്രദ്ധയ്ക്കു പല നിരപരാധികള്‍ ഇരകളായ കുറേ സംഭവങ്ങള്‍. ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ അതു കുറെപ്പേരുടെ കണ്ണീരായി മാറുന്നതും തലസ്ഥാനത്തെ പ്രമുഖ പ്രഫഷണല്‍ കോളജ് കാമ്പസില്‍ നാം കണ്ടു. ആഘോഷങ്ങള്‍ സന്തോഷം മാത്രമായിരിക്കണം, ആവേശമോ ലഹരിയോ ആകരുത് എന്ന പാഠം ഈ സംഭവം ഓര്‍മിപ്പിക്കുന്നുണ്ട്.

ഓണം എന്ന ആശയം നന്മ നിറഞ്ഞതാണ്. ദുഃഖങ്ങള്‍ക്കിടയില്‍ സന്തോഷവും തിന്മകള്‍ക്കിടയില്‍ നന്മയും കണ്െടത്താനുള്ള ആഹ്വാനവുമാണത്. നന്മകളും തിന്മകളും സമൂഹത്തിലുണ്ടാകും. തിന്മയുടെ ശക്തികളെ ചെറുക്കാനുള്ള ശേഷി പരമാവധി നേടിയെടുക്കുക എന്നതാണു സമൂഹത്തിനു നന്മയാഗ്രഹിക്കുന്നവര്‍ ചെയ്യുക. ഓണം നല്‍കുന്നതു നല്ല ചിന്തകളും സങ്കല്പങ്ങളും മാത്രമല്ല നല്ല അനുഭവങ്ങളുമാകണം.

അതിരുവിട്ടുള്ള ആഘോഷമായി ഓണം മാറരുത്. ആഘോഷങ്ങളോടു പ്രത്യേകമായൊരു ആഭിമുഖ്യം കേരളീയസമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. പണക്കൊഴുപ്പും പ്രൌഢിയും കാട്ടാനുള്ള അവസരമാക്കി ആഘോഷവേളകള്‍ മാറുന്നു. അനാവശ്യമായ ആഘോഷങ്ങള്‍ക്കായി പണമെറിയാന്‍ പലര്‍ക്കും യാതൊരു മടിയുമില്ല. ചുറ്റുമുള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ആഘോഷത്തിലേക്കു നാം മടങ്ങിവരേണ്ടിയിരിക്കുന്നു. പട്ടിണിയില്‍ കഴിയുന്ന അനേകായിരങ്ങള്‍ കേരളത്തില്‍ത്തന്നെ ഉണ്െടന്ന യാഥാര്‍ഥ്യം നമുക്കു മറക്കാനാവില്ല. പട്ടിണി മരണങ്ങള്‍ ഇപ്പോള്‍ അപൂര്‍വമാണെങ്കിലും കടുത്ത ദാരിദ്യ്രം അനുഭവിക്കുന്ന അനേകംപേര്‍ ഇവിടെയുണ്ട്. പട്ടിണിയില്ലെങ്കിലും വലിയ സാമ്പത്തിക പ്രയാസങ്ങളില്‍ കഴിയുന്നവര്‍ അനവധി. ഈ ഓണനാളുകളില്‍ നല്ല മനുഷ്യരുടെ കരങ്ങള്‍ ഈ ദുഃഖിതരില്‍ ചിലരുടെ പക്കലേക്കു നീളുന്നുണ്ട്. ഇത്തരം സത്കര്‍മങ്ങളാവും യഥാര്‍ഥത്തില്‍ ഓണത്തിന്റെ ചൈതന്യം.

ആഘോഷവേളകളെ മദ്യത്തില്‍ മുക്കുന്നതു മലയാളികളുടെ ശീലമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. ആഘോഷവേളകളിലും അവധിദിനങ്ങളിലും കേരളത്തില്‍ മദ്യവില്പന വര്‍ധിക്കും. പതിവുപോലെ ഈ ഓണദിവസങ്ങളിലും ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്പനശാലകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവുകള്‍ കാണപ്പെട്ടു. മലയാളിയുടെ മദ്യപാനശീലത്തിന്റെ 'ഖ്യാതി' കേരളം കടന്നും പരക്കുകയാണ്. കഴിഞ്ഞദിവസം ഡല്‍ഹി മെട്രോയില്‍ മദ്യലഹരിയില്‍ കോപ്രായങ്ങള്‍ കാണിച്ച മലയാളി പോലീസുകാരന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. മദ്യത്തില്‍ മുങ്ങുന്ന ആഘോഷങ്ങള്‍ അപകടപൂര്‍ണമാകുന്നതിന്റെ പല ഉദാഹരണങ്ങള്‍ ഈ ഉത്സവനാളുകളിലും ഉണ്ടായല്ലോ.


അഭിമാനികളാണെങ്കിലും ആശ്രിതത്വം മലയാളികളില്‍ വര്‍ധിച്ചുവരുകയാണ്. സ്വന്തം ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനെക്കാള്‍, പാകം ചെയ്ത ഭക്ഷണം വിലകൊടുത്തു വാങ്ങിക്കഴിക്കുന്നതിനാണു താത്പര്യം. അതിനു പണം എത്ര മുടക്കാനും തയാര്‍. പായ്ക്കറ്റ് ഭക്ഷണവും ജങ്ക് ഫുഡും നമ്മുടെ ജീവിതശൈലിയെയാകെ മാറ്റിമറിച്ചിരിക്കുന്നു. അന്യനാട്ടില്‍പ്പോയി അധ്വാനിച്ചുകിട്ടുന്ന പണം മറുനാട്ടുകാര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കായി നാം നിര്‍ലോപം ചെലവഴിക്കുന്നു. അരിയും പഴവും പച്ചക്കറിയും കോഴിയും മാടും എന്നുവേണ്ട സകലതും അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്നതു നാം നോക്കിയിരിക്കുന്നു. അപ്രകാരം എത്തുന്നതാകെ വിഷമയമാണെന്നു മനസിലാക്കിയിട്ടും ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ നാം കാര്യമായി ഉത്സാഹിക്കുന്നില്ല. പച്ചക്കറി ഉത്പാദനത്തില്‍ ഇപ്പോള്‍ താത്പര്യം കാട്ടാന്‍ തുടങ്ങിയിട്ടുണ്െടന്നതു മറക്കുന്നില്ല.

ആശ്രിതത്വത്തില്‍നിന്നു സ്വാശ്രയത്വത്തിലേക്കും ദാരിദ്യ്രത്തില്‍നിന്നു സമൃദ്ധിയിലേക്കും സംഘര്‍ഷത്തില്‍നിന്നു യോജിപ്പിലേക്കും കേരള ജനതയെ ചലിപ്പിക്കാന്‍ കഴിയുന്ന ആഘോഷമായി ഓണം മാറണം. വിളവെടുപ്പിന്റെ ഉത്സവമാണല്ലോ ഓണം. വിളവെടുപ്പുണ്ടാകണമെങ്കില്‍ വിത്തു നടണം. ദാരിദ്യ്രം മാറണമെങ്കില്‍ അധ്വാനം ഉണ്ടാകണം. പരസ്പരം അറിയാന്‍ ശ്രമിക്കുന്നതിലൂടെയും സഹകരിക്കുന്നതിലൂടെയുമാണ് അനുരഞ്ജനം സാധ്യമാവുക. പ്രകൃതി അനുഗ്രഹങ്ങള്‍ ഏറെ ചൊരിഞ്ഞിട്ടുള്ള നാടാണു കേരളം. ജനങ്ങള്‍ കഴിവും മികവുമുള്ളവരാണ്. മനുഷ്യവിഭവശേഷിയുടെ മഹത്ത്വം രാജ്യം തിരിച്ചറിയുന്ന കാലഘട്ടത്തില്‍ മലയാളിയുടെ അധ്വാനശേഷിയുടെയും ബുദ്ധിശക്തിയുടെയും കര്‍മകുശലതയുടെയും ഫലം മലയാളനാടിനു സ്വന്തമാക്കാനാവണം. ആഘോഷച്ചടങ്ങുകളിലും പ്രകടനങ്ങളിലും ഓണം പാഴായിപ്പോവരുത്. സമഭാവനയിലേക്കും സമ്പദ്സമൃദ്ധിയിലേക്കും നാടിനെ നയിക്കുന്ന സമ്മോഹനമായൊരു ചിന്താധാരയും പ്രേരണയുമായി അതു നിലനില്‍ക്കണം. അര്‍ഥമില്ലാത്ത ആഘോഷങ്ങളില്‍ ഓണത്തിന് അതിന്റെ അന്തഃസത്ത നഷ്ടപ്പെടാതിരിക്കട്ടെ.

ദീപികയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഹൃദ്യമായ ഓണാ ശംസകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.