സംശയങ്ങള്‍ ബാക്കിയാക്കി സര്‍ക്കാര്‍ തലയൂരി
Wednesday, August 5, 2015 12:28 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മലയോര പ്രദേശങ്ങളില്‍ പത്തു വര്‍ഷം മുമ്പു വരെയുള്ള കൈവശക്കാര്‍ക്കു പട്ടയം നല്‍കാനുള്ള തീരുമാനം പുറത്തുവന്നതിന്റെ അടുത്ത ദിവസം പിന്‍വലിക്കേണ്ടി വന്നത് സര്‍ക്കാരിനു തിരിച്ചടിയായി. കോണ്‍ഗ്രസിനുള്ളില്‍നിന്നുപോലും കടുത്ത എതിര്‍പ്പിനിടയാക്കിയ ആദ്യ തീരുമാനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്നതു ദുരൂഹമായി തുടരുകയാണ്.

ഒരുമാസം മുമ്പു പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് സംബന്ധിച്ച വിവരങ്ങള്‍ പരസ്യമായത് കഴിഞ്ഞ ദിവസം മാത്രമാണ്. അപ്പോള്‍ ത ന്നെ അതു വിവാദമായി മാറുകയും ചെയ്തു. റിസോര്‍ട്ട് മാഫിയ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാനാണ് ഈ ചട്ടഭേദഗതി എന്ന ആക്ഷേപമാണ് ഉയര്‍ന്നുവന്നത്. മാത്രമല്ല കോടതിയില്‍ നില്‍ക്കുന്ന നിരവധി കൈയേറ്റ കേസുകളില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായ വിധി വരുന്നതിന് ഈ ഭേദഗതി വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

1977 ജനുവരി ഒന്നിനു മുമ്പുള്ള കൈവശക്കാര്‍ക്കു പട്ടയം നല്‍കുക എന്നതായിരുന്നു കാലങ്ങളായി കേരളത്തില്‍ അംഗീകരിക്കപ്പെട്ട പ്രഖ്യാപിത നിലപാട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഈ നിലപാട് അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അതനുസരിച്ചുള്ള പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കാ ന്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. ഇതായിരുന്നു കര്‍ഷകരെ ആശങ്കപ്പെടുത്തിയിരുന്ന പ്രശ്നം.

സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് അനുസരിച്ചു മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെ നടത്തിയ ഭേദഗതിയാണിതെന്നാണു റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറയുന്നത്. ഉപാധിരഹിത പട്ടയമെന്ന കര്‍ഷകരുടെ ആവശ്യം സാധിച്ചു കൊടുക്കുന്നതിനായാണു ഭേദഗതി നടത്തിയതെന്നും മന്ത്രി വാദിക്കുന്നു.

1977 ജനുവരി ഒന്നിനു ശേഷമുള്ള കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്ന ആവശ്യം രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നോ കര്‍ഷക സംഘടനകളില്‍നിന്നോ ഇതുവരെ ഒരു വേദിയിലും ഉയര്‍ന്നുവന്നിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപാധിരഹിത പട്ടയം വേണമെന്ന ആവശ്യം കര്‍ഷകര്‍ ദീര്‍ഘനാളായി മുന്നോട്ടുവയ്ക്കുന്നതാണ്. പൊതു ആവശ്യത്തിനുള്ള വിഭാഗത്തില്‍പെടുത്തി മുമ്പു പട്ടയം നല്‍കാനുള്ള നീക്കം നടത്തിയപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍നിന്നു കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്ങനെ നല്‍കുന്ന പട്ടയം നിയമത്തിനു മുമ്പില്‍ നിലനില്‍ക്കില്ലെന്നായിരുന്നു അന്നവര്‍ ചൂണ്ടിക്കാട്ടിയത്.

പട്ടയം നല്‍കുന്നതിനു വരുമാനപരിധി നിശ്ചയിച്ചതിനെയും കര്‍ഷകര്‍ എതിര്‍ത്തിരുന്നു. 1964 ലെ ചട്ടങ്ങളില്‍ വരുമാന പരിധി പറയുന്നതു മുന്‍ഗണന നിശ്ചയിക്കുന്നതിനു മാത്രമായിരുന്നു എന്നാണവര്‍ പറയുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് വരുമാന പരിധി നിശ്ചയിച്ചതിനെ ആയിരുന്നു എതിര്‍ത്തത്. എന്നാല്‍ 1977 ജനുവരി ഒന്ന് എന്ന തീയതിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്നോ കര്‍ഷക സംഘടനകളില്‍നിന്നോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നോ ഉയര്‍ന്നുവന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് പത്തു വര്‍ഷം മുമ്പു വരെ കൈവശം വച്ചവര്‍ക്കു പട്ടയം നല്‍കാനുള്ള ഭേദഗതി സംശയമുണര്‍ത്തിയത്.


പട്ടയം നല്‍കാനുള്ള തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ഭേദഗതി ആര്‍ക്കുവേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. വ്യാപകമായ ആവശ്യമുണ്ടായിരുന്നു എന്നു മാത്രമാണു മുഖ്യമന്ത്രി ഉള്‍പ്പെടെ പറയുന്നത്.

സമീപകാലത്ത് മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ ഭൂമി കൈയേറ്റം സാധൂകരിക്കുന്നതിന് ഈ ഭേദഗതി സഹായിക്കുമായിരുന്നു. ഇതാണ് വ്യാപകമായ എതിര്‍പ്പിനു വഴിവച്ചത്.

ഭേദഗതിയോട് ഏറ്റവും എതിര്‍പ്പുണ്ടായത് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെയായിരുന്നു. അതിനു ഗ്രൂപ്പുവ്യത്യാസമില്ലായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ എംഎല്‍എ എന്നിവര്‍ സര്‍ക്കാര്‍ നടപടി തിരുത്തണമെന്നു പരസ്യമായി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. പട്ടയം ലഭിക്കുന്ന പ്രദേശങ്ങളില്‍ പെടുന്ന ഇടുക്കി, പത്തനംതിട്ട ഡിസിസി പ്രസിഡന്റുമാരും സര്‍ക്കാര്‍ നടപടിയോടു യോജിച്ചില്ല എന്നതാണു രസകരം.

ഏതായാലും എതിര്‍പ്പു രൂക്ഷമായതോടെ ഭേദഗതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചര്‍ച്ചയിലൂടെ തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്നെങ്കിലും തീരുമാനം പത്രസമ്മേളനം വിളിച്ചുകൂട്ടി അറിയിക്കാന്‍ മുഖ്യമന്ത്രി റവന്യുമന്ത്രി അടൂര്‍ പ്രകാശിനോടു നിര്‍ദേശിക്കുകയായിരുന്നു. കൂട്ടായി എടുത്ത തീരുമാനമാണെന്നു അടൂര്‍ പ്രകാശ് പറയുന്നുണ്ടായിരുന്നു.

ഏതായാലും ചട്ടത്തില്‍ വരുത്തിയ ഭേദഗതിയും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തി എന്ന കാര്യത്തില്‍ സംശയമില്ല. ഭേദഗതി പിന്‍വലിച്ച് സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. എങ്കിലും ഈ തീരുമാനം ഒട്ടേറെ സംശയങ്ങള്‍ ഉയരാന്‍ ഇടയാക്കി എന്നതില്‍ സംശയമില്ല. പുതിയ ഭേദഗതിയും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും യഥാര്‍ഥ കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നതിനുള്ള നടപടി വീണ്ടും ദീര്‍ഘിപ്പിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷ കര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.