പാലക്കാട് ഐഐടിയില്‍ ക്ളാസുകള്‍ക്കു തുടക്കം
പാലക്കാട് ഐഐടിയില്‍ ക്ളാസുകള്‍ക്കു തുടക്കം
Tuesday, August 4, 2015 12:28 AM IST
പാലക്കാട്: കേരളത്തിലെ പ്രഥമ ഐഐടി പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തിന്റെ ചിരകാലാഭിലാഷമായ ഈ സാങ്കേതിക സ്ഥാപനത്തില്‍ വിദ്യാര്‍ഥികളുടെ ഹരിശ്രീ കുറിക്കല്‍ ഇന്നലെ രാവിലെ നടന്നു. കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയില്‍നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മുഖാമുഖത്തിലൂടെ ആദ്യബാച്ചിന് ആശംസകള്‍ നേര്‍ന്നതോടെയാണ് ഔപചാരികമായി ക്ളാസുകള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും മദ്രാസ് ഐഐടി ഗവേണിംഗ് ബോര്‍ഡ് അംഗവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ ക്ളാസെടുത്തു.

ലോകത്തിനേറെ ഗുണകരമായ മാറ്റത്തിനുളളതാകണം വിദ്യാഭ്യാസം എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാകണം ഐഐടിയുടെ ലക്ഷ്യമെന്നു ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രഫ. ഭാസ്കര രാമമൂര്‍ത്തി, പാലക്കാട് ഐഐടി ഡയറക്ടറുടെ ചുമതലയുളള പ്രഫ.പി.ബി.സുനില്‍കുമാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസ്, ഫാക്കല്‍റ്റി അംഗങ്ങളായ പ്രഫ. എം.എസ്. മാത്യൂസ്, പ്രഫ. കെ.കെ. ബാലസുബ്രഹ്മണ്യം, ഐഐടി മദ്രാസ് പ്ളാനിംഗ് വിഭാഗം ഡീന്‍ പ്രഫ. ഡേവിഡ് കോയിന്‍ പിള്ള, വിദ്യാര്‍ഥിക്ഷേമ വിഭാഗം തലവന്‍ പ്രഫ.കാശി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജ്യത്തിന്റെ ഉന്നമനത്തിനുള്ള മഹാസംരംഭം: മന്ത്രി ഇറാനി

പാലക്കാട്: ഐഐടി എന്നാല്‍ കുറച്ചു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുളള സ്ഥാപനം മാത്രമല്ലെന്നും അതു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുളള മഹത്തായ സംരംഭമാണെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി.ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാടിന്റെ ആദ്യ ബാച്ചിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് ഒട്ടേറെ പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്െടന്നും മന്ത്രി പറഞ്ഞു.


ഔദ്യോഗിക ഉദ്ഘാടനം ചിങ്ങം ഒന്നിന്

പാലക്കാട്: ചിങ്ങം ഒന്നിന് ഐഐടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2014 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ഐഐടികളില്‍ ആദ്യം യാഥാര്‍ഥ്യമാകുന്നതു പാലക്കാട്ടേതാണ്. വാളയാറിനടുത്ത് കനാല്‍പിരിവില്‍ അഹല്യ ഇന്‍സ്റിറ്റ്യൂട്ടിലാണ് താത്കാലിക കാമ്പസ് ഒരുങ്ങിയിരിക്കുന്നത്. 55,000 ചതുരശ്ര അടിയിലാണു താത്കാലിക കാമ്പസ് ഒരുക്കിയിരിക്കുന്നത്. 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് ആദ്യ ബാച്ചിലുള്ളത്. പത്ത് അധ്യാപകരുമുണ്ടാകും. മദ്രാസ് ഐഐടിക്കാണ് പാലക്കാട് ഐഐടിയുടെ നടത്തിപ്പു ചുമതല. സ്ഥിരം കാമ്പസിനായുള്ള അഞ്ഞൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതു പുതുശേരിയില്‍ അന്തിമഘട്ടത്തിലാണ്. സ്ഥിരം കാമ്പസിന് ഈ മാസം തറക്കല്ലിടും. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്ഥിരം കാമ്പസ് യാഥാര്‍ഥ്യമാകും. കംപ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി നാല് എന്‍ജിനിയറിംഗ് കോഴ്സുകളാണു തുടക്കത്തില്‍ ആരംഭിക്കുന്നത്. പ്രവേശനപരീക്ഷയില്‍ 2800 മുതല്‍ 10,000 റാങ്ക് വരെ ലഭിച്ചവരാണ് ഇവിടെ പ്രവേശനം നേടിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.