പട്ടയനടപടി അട്ടിമറിക്കാനുള്ള നീക്കം: ഹൈറേഞ്ച് സംരക്ഷണ സമിതി
Tuesday, August 4, 2015 12:22 AM IST
കട്ടപ്പന: 2005ന് മുമ്പ് മലയോരങ്ങളില്‍ ഭൂമി കൈയേറിയവര്‍ക്കു നാലേക്കര്‍ വരെ ഭൂമിക്കു പട്ടയം നല്‍കാനും പട്ടയം ലഭിക്കാനുള്ള വരുമാന പരിധി മൂന്നുലക്ഷം രൂപയായി നിജപ്പെടുത്താനുമുള്ള സര്‍ക്കാര്‍ തീരുമാനം പട്ടയ നടപടികളെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായി ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍.

കുടിയേറ്റത്തെയും കൈയേറ്റത്തെയും ഒരുപോലെ കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ല. കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നാണു കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടുവരുന്നത്. 1/01/77 ന് മുമ്പ് കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമുള്ളതാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ കുടിയേറ്റ ഭൂമിയുടെ ജോയിന്റ് വെരിഫിക്കേഷന്‍പോലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ പ്രദേശങ്ങളിലെ ഭൂരിപക്ഷം കര്‍ഷകര്‍ക്കും പട്ടയം ലഭിക്കാതിരിക്കാന്‍ ഇതൊരു കാരണമാണ്. ഇതെല്ലാം മറച്ചുവച്ചു റവന്യുമന്ത്രി അടൂര്‍ പ്രകാശ് നല്‍കുന്ന വിശദീകരണം നിഗൂഢതകള്‍ നിറഞ്ഞതും സത്യത്തെ മറച്ചുവയ്ക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. 01/01/77ന് മുമ്പ് കൈവശമുള്ള ഭൂമി മക്കളുടെയോ മറ്റു കൈവശക്കാരുടെയോ പേരിലായാലും പട്ടയം നല്‍കാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണത്തിനു പ്രസക്തിയില്ല.


എന്നാല്‍, 01/01/77 നുശേഷം ആരെങ്കിലും വനം കൈയേറിയിട്ടുണ്െടങ്കില്‍ അത്തരം കൈയേറ്റത്തെ ഹൈറേഞ്ച് സംരക്ഷണസമിതി അംഗീകരിക്കുന്നില്ല. ഇങ്ങനെയുള്ള കൈയേറ്റങ്ങളുടെ പേരുപറഞ്ഞു യഥാര്‍ഥ കുടിയേറ്റ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ അട്ടിമറിക്കാനാണു ഭരണരംഗത്തെ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നീക്കം ദുരൂഹത ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ നടന്നുവരുന്ന പട്ടയ നടപടികളെ അട്ടിമറിക്കാനാണു പുതിയ വിജ്ഞാപനമെന്നു സംശയിക്കുന്നതായും സമിതി ആരോപിച്ചു.

വാര്‍ഷിക വരുമാനത്തിനു പരിധിവച്ചതും അംഗീകരിക്കില്ല. പരിധി തീരുമാനം അനാവശ്യമാണ്. ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കുവാനായി നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന നിഗൂഢശ്രമങ്ങളെ ശക്തമായി എതിര്‍ത്തു തോല്‍പ്പിക്കുമെന്നു സമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, കെ.കെ. ദേവസ്യ, മൌലവി മുഹമ്മദ് റഫീഖ് അല്‍ കൌസരി, സെക്രട്ടറി ജോസഫ് കുഴുപ്പള്ളില്‍ എന്നിവരും മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.