മലയോരഭൂമി: ചട്ട ഭേദഗതി വിവാദമായി
Tuesday, August 4, 2015 12:17 AM IST
തിരുവനന്തപുരം: മലയോര പ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കാന്‍ റവന്യു വകുപ്പ് അസാധാരണ ഗസറ്റിലൂടെ ചട്ടഭേദഗതി നടത്തി. ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിന്റെ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിച്ചത് ജൂലൈ നാലിനാണ്.

പുതിയ ഭേദഗതി വിവാദമായതിനെത്തുടര്‍ന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രശ്നത്തില്‍ ഇടപെട്ടു. റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി സുധീരന്‍ ടെലിഫോണില്‍ സംസാരിച്ചു. ഇന്നു തിരുവനന്തപുരത്തു കെപിസിസി പ്രസിഡന്റിനെ കണ്ട് മന്ത്രി അടൂര്‍ പ്രകാശ് വിശദീകരണം നല്‍കും. ഇടുക്കി ഡിസിസി പ്രസിഡന്റിനോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സുധീരന്‍ ആവശ്യപ്പെട്ടു.

1977 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന ധാരണയാണ് പുതിയ ഭേദഗതിയിലൂടെ മാറുന്നത്. ഭൂമി പതിച്ചുനല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. നാലേക്കര്‍ വരെ ഭൂമിയാണു പതിച്ചുനല്‍കുന്നത്. 2015 ജൂണ്‍ ഒന്നിന് ഭൂമി കൈവശമായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു പതിച്ചുനല്‍കുമെന്നാണു ചട്ടഭേദഗതിയില്‍ പറയുന്നത്.

പെട്ടെന്ന് എടുത്ത തീരുമാനമല്ല ഇതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതലുള്ള ആവശ്യമാണിത്. തലമുറകളായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കാണു രേഖാമൂലം അവകാശം നല്‍കുന്നത്. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് അവകാശം നല്‍കുന്നത്. ഭൂമി പതിച്ചുനല്‍കുന്നതിനു വരുമാനപരിധി പാടില്ലെന്ന നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഭൂമി കൈവശം വയ്ക്കുന്നതിനുള്ള കാല പരിധി 2005 ജൂണ്‍ ഒന്നു വരെയാക്കിയത് എന്തു കൊണ്െടന്ന വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിട്ടില്ല.


പുതിയ ഭേദഗതിയോടെ കോടതിയിലുള്ള ഭൂമി കൈയേറ്റ കേസുകളില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെടുമെന്ന ആരോപണം ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 1977 ജനുവരി ഒന്നിനു മുമ്പു ഭൂമി കൈവശം വച്ചവര്‍ക്കുള്ള പട്ടയവിതരണ നടപടി വൈകുന്നതിനു മാത്രമേ ഈ ഭേദഗതി സഹായിക്കൂ എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ തിരുമ്മു ചികിത്സയില്‍ കഴിയുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നു സുധീരന്‍ പറഞ്ഞെങ്കിലും ഈ വിഷയവും ചര്‍ച്ചയില്‍ വന്നു എന്നാണറിയുന്നത്. ഏതു സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്തതെന്നു വിശദീകരിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നു സുധീരന്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണു സുധീരന്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതിപക്ഷവും ഭരണമുന്നണിയിലെ ഒരു വിഭാഗവും ഭേദഗതിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.