പ്രാര്‍ഥനകള്‍ സഫലമാകും; ഫാ. ബെറ്റ്സന്റെ കാരുണ്യം സുവര്‍ണചരിത്രവും
പ്രാര്‍ഥനകള്‍ സഫലമാകും; ഫാ. ബെറ്റ്സന്റെ കാരുണ്യം സുവര്‍ണചരിത്രവും
Tuesday, August 4, 2015 12:32 AM IST
ടി.വി. ജോഷി

കോഴിക്കോട്: നിരവധി അവയവമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഫാ. ബെറ്റ്സണ്‍ തുക്കുപറമ്പില്‍ (40) ഇന്നു രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയനാകുമ്പോള്‍ അവയവദാന ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായംകൂടി രചിക്കപ്പെടും. മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ വൃക്കദാനമെന്ന മഹത്കര്‍മത്തിനു മുന്നില്‍ ഒരിക്കല്‍കൂടി തകര്‍ന്നടിയും. വൈദികന്‍ നല്കുന്ന വൃക്ക മുസ്ലിം സഹോദരനു ജീവന്‍പകരുന്നു എന്നതു മാത്രമല്ല ഈ അവയവദാനത്തെ ശ്രദ്ധേയമാക്കുന്നത്. വൃക്ക സ്വീകരിക്കുന്നയാളുടെ ഭാര്യ തന്റെ വൃക്കകളിലൊന്നു ദാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദുമത വിശ്വാസിയായ പാലക്കാട് സ്വദേശിനിയാണ് ഈ കാരുണ്യവഴിയിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തുക.

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പനങ്ങാടന്‍ വീട്ടില്‍ അലവിക്കുട്ടിയെന്ന മുപ്പത്തഞ്ചുകാരനാണ് തൃശൂര്‍ പടിഞ്ഞാറെ ചാലക്കുടി സ്വദേശി ഫാ.ബെറ്റ്സന്റെ ത്യാഗമനസു തുണയാകുന്നത്. ഒരു വര്‍ഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലാണ് ഓട്ടോഡ്രൈവറായ അലവിക്കുട്ടി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനു വിധേയനായി വരികയായിരുന്നു.

വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു മുന്നില്‍ പകച്ചുപോയ കുടുംബം. ശസ്ത്രക്രിയയ്ക്കായി വേണ്ടിവരുന്ന പണത്തെക്കുറിച്ചുള്ള ആധി വേറെയും. ഇതിനിടയിലാണ് ആശ്വാസം പകരുന്ന തീരുമാനവുമായി ഫാ.ബെറ്റ്സണ്‍ ഇവര്‍ക്കു മുന്നില്‍ അവതരിച്ചത്.

നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നു കമ്മിറ്റി രൂപീകരിച്ചു ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കുകകൂടി ചെയ്തതോടെ കുടുംബത്തിനു ശുഭപ്രതീക്ഷയായി. വടക്കാഞ്ചേരി സെന്റ് മേരീസ് പോളിടെക്നിക് ഡയറക്ടറും പാലക്കാട് പാടൂര്‍ ഹോളിക്രോസ് പള്ളി വികാരിയുമായ ഫാ. ബെറ്റ്സണ്‍ രണ്ടുവര്‍ഷം മുമ്പുതന്നേ സന്നദ്ധ വൃക്കദാനത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫൌണ്േടഷന്റെ പ്രവര്‍ത്തനങ്ങളായിരുന്നു പ്രചോദനം.


പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തുള്‍പ്പെടെയുള്ളവരെ തന്റെ ആഗ്രഹമറിയിച്ചു. ഒരുവര്‍ഷം മുമ്പ് വൃക്കദാനത്തിനു സന്നദ്ധത അറിയിച്ചുകൊണ്ട് ഫൌണ്േടഷനില്‍ രജിസ്റര്‍ ചെയ്തു. വൃക്ക ആവശ്യപ്പെട്ട് അലവിക്കുട്ടിയും ഇവിടെ രജിസ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും ഗ്രൂപ്പുകള്‍ യോജിക്കുമെന്നു കണ്െടത്തിയതോടെ തുടര്‍നടപടികള്‍ക്കു വേഗമേറി. പരിശോധന പൂര്‍ത്തിയാക്കിയ അലവിക്കുട്ടിയും ഫാ. ബെറ്റ്സണും ഇന്നു രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയരാകും.

പാലക്കാട് ജില്ലയില്‍നിന്നു സ്വമേധയാ അവയവദാനം നടത്തുന്ന ആദ്യവൈദികനായും ഫാ. ബെറ്റ്സണ്‍ ഇതോടെ മാറും. രാവിലെ എട്ടോടെ ശസ്ത്രക്രിയ നടപടികള്‍ തുടങ്ങും. ഡോക്ടര്‍മാരായ സജിത്ത് നാരായണന്‍, ഫിറോസ് അസീസ്, ഹരിഗോവിന്ദ്, കൃഷ്ണമോഹന്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്.ഫാ. ബെറ്റ്സണിലൂടെ തങ്ങള്‍ക്കു തിരികെ കിട്ടിയ ജീവിതം മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടണമെന്ന ചിന്തയില്‍നിന്നാണ് അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമത്ത് സുഹ്റ വൃക്കദാനത്തിനു സന്നദ്ധയായത്. വര്‍ഷങ്ങളായി രോഗബാധിതയായ പാലക്കാട് നെന്മാറ സ്വദേശി കേശവന്റെ മകള്‍ വൈഷ്ണവി(18)ക്കാണ് സുഹ്റയുടെ വൃക്ക നല്കുക.

നിര്‍ധനകുടുംബത്തില്‍പ്പെട്ട വൈഷ്ണവി നേരത്തേ വൃക്ക മാറ്റിവയ്ക്കലിനു വിധേയയായെങ്കിലും പരാജയപ്പെടുകയായിരുന്നു. അച്ഛന്‍ കേശവനാണ് അന്നു വൃക്ക നല്കിയത്. വൈഷ്ണവിയുടെ അമ്മയും സഹോദരനും വൃക്കരോഗികളാണ്. സുമനസുകളുടെ സഹായത്തിലാണ് ഈ കുടുംബം ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്. അടുത്ത മാസം മിംസ് ആശുപത്രിയില്‍ വച്ചായിരിക്കും വൈഷ്ണവിയുടെയും സുഹറയുടെയും ശസ്ത്രക്രിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.