കുടമാളൂര്‍ ഭക്തസാന്ദ്രം; അല്‍ഫോന്‍സാ തീര്‍ഥാടനത്തിനു പതിനായിരങ്ങള്‍
കുടമാളൂര്‍ ഭക്തസാന്ദ്രം; അല്‍ഫോന്‍സാ തീര്‍ഥാടനത്തിനു പതിനായിരങ്ങള്‍
Sunday, August 2, 2015 12:10 AM IST
കുടമാളൂര്‍: സഹനവഴിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ ഭവനത്തിലേക്കു പതിനായിരങ്ങളുടെ തീര്‍ഥാടനം. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ കുടമാളൂര്‍ അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്കു നടത്തിയ 27-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം വിശ്വാസപ്രഘോഷണത്തിന്റെ മഹാപ്രവാഹമായി.

ചങ്ങനാശേരി, അതിരമ്പുഴ മേഖലാ തീര്‍ഥാടനങ്ങള്‍ പദയാത്രയായാണ് ജന്മഗൃഹത്തിലെത്തിയത്. ചങ്ങനാശേരി മേഖലാ തീര്‍ഥാടനം പുലര്‍ച്ചെ 5.30-ന് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍നിന്നു അതിരമ്പുഴ മേഖലാ തീര്‍ഥാടനം 5.30-ന് കോട്ടയ്ക്കുപുറത്തുനിന്നും ആറുമാനൂരില്‍നിന്നും ആരംഭിച്ചു.

കുടമാളൂര്‍ മേഖലാ തീര്‍ഥാടനമാണ് ആദ്യം ജന്മഗൃഹത്തില്‍ എത്തിച്ചേര്‍ന്നത്. രാവിലെ ആറിന് ഫൊറോനയിലെ എല്ലാ ഇടവകകളില്‍നിന്നു ആരംഭിച്ച തീര്‍ഥാടനങ്ങള്‍ പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ സംഗമിച്ചാണ് ജന്മഗൃഹത്തിലെത്തിയത്. തുടര്‍ന്ന് കുടമാളൂര്‍ ഫൊറോന വികാരി ഫാ.ഏബ്രഹാം വെട്ടുവയലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി.

കോട്ടയ്ക്കുപുറത്തുനിന്നും ആറുമാനൂരില്‍നിന്നും ആരംഭിച്ച അതിരമ്പുഴ മേഖലാ തീര്‍ഥാടനങ്ങള്‍ ആര്‍പ്പൂക്കര അമ്പലക്കവലയില്‍ സംഗമിച്ച് ജന്മഗൃഹത്തിലെത്തി. അതിരമ്പുഴ ഫൊറോനാ വികാരി ഫാ.സിറിയക് കോട്ടയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. വികാരിജനറാള്‍ റവ.ഡോ.മാണി പുതിയിടം സന്ദേശം നല്‍കി.

കോട്ടയം, നെടുംകുന്നം, മണിമല മേഖലകളിലെ തീര്‍ഥാടകര്‍ കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ സംഗമിച്ച് അവിടെനിന്ന് പദയാത്രയായി കുടമാളൂര്‍ ഫൊറോനാ പള്ളിയിലെത്തി. മണിമല ഫൊറോനാ വികാരി ഫാ.ആന്റണി നെരയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. അതിരൂപതാ പ്രോട്ടോ സിഞ്ചെള്ളൂസ് റവ.ഡോ.ജോസഫ് മുണ്ടകത്തില്‍ സന്ദേശം നല്‍കി. തുടര്‍ന്നു തീര്‍ഥാടകര്‍ ജന്മഗൃഹത്തിലെത്തി.

പുളിങ്കുന്ന്, ചമ്പക്കുളം, എടത്വ, ആലപ്പുഴ മേഖലകളിലെ തീര്‍ഥാടകര്‍ രാവിലെ പത്തിന് മാന്നാനം ആശ്രമദേവാലയത്തില്‍ സംഗമിച്ചു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥന നടത്തി. ആശ്രമം പ്രിയോര്‍ ഫാ.സെബാസ്റ്യന്‍ ചാമത്തറ സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ജന്മഗൃഹത്തിലേക്ക് തീര്‍ഥാടനം നടത്തി.

പുലര്‍ച്ചെ 5.30-ന് ആരംഭിച്ച ചങ്ങനാശേരി മേഖലാ തീര്‍ഥാടനം 12-നു കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൌണ്ടിലെത്തി കുറുമ്പനാടം മേഖലാ തീര്‍ഥാടനത്തോടു ചേര്‍ന്ന് 2.30-ന് ജന്മഗൃഹത്തിലെത്തി. ഫാ.ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി.


അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ വിവിധ സമയങ്ങളില്‍ ജന്മഗൃഹത്തിലെത്തി. വൈകുന്നേരം നാലിന് ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറമ്പില്‍, അസിസ്റന്റ് ഡയറക്ടര്‍ ഫാ.ബിജോയ് അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയോടെ തീര്‍ഥാടനം സമാപിച്ചു.

ജന്മഗൃഹത്തിലെത്തിയ തീര്‍ഥാടകര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ മാമ്മോദീസ സ്വീകരിച്ച കുടമാളൂര്‍ പള്ളിയും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. തീര്‍ഥാടകര്‍ക്കായി കുടമാളൂര്‍ പള്ളിയില്‍ നേര്‍ച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

റവ.ഡോ.ജോബി കറുകപ്പറമ്പില്‍, ഫാ.ഏബ്രഹാം വെട്ടുവയലില്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, ഫാ.ഷോജി പുത്തന്‍പുരയ്ക്കല്‍, സിസ്റര്‍ ആലീസ് മരിയ, സിസ്റര്‍ ലിസി കണിയാംപറമ്പില്‍, സിസ്റര്‍ മരീന, സിസ്റര്‍ ക്ളെയര്‍, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ജോസ് പ്ളാക്കില്‍, സാലിച്ചന്‍ തുമ്പേക്കളം, സെബിന്‍ സെബാസ്റ്യന്‍, കെവിന്‍ ഫ്രാന്‍സിസ്, ജാന്‍സന്‍ ജോസഫ്, ഷിബു കെ.മാത്യു, ബിജു തോപ്പില്‍, കെ.പി.മാത്യു, ലൂക്ക് അലക്സ്, ടി.സി.ബിജോ, ജോസഫ് ചാക്കോ, ജോസഫ് പത്തുംപാടം, ടി.എം.മാത്യു, ഷാജി ഉപ്പൂട്ടില്‍, സി.പി.തോമസ്, റോസ് മരിയ ലൂക്കോസ്, ബ്രദര്‍ സെല്‍ബിന്‍ പുതുക്കുളങ്ങര, പ്രിന്‍സി ആന്റണി ചിറ്റേട്ടുകളം, മിനി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സഹനം വിശുദ്ധിയുടെ മാനദണ്ഡം:മാര്‍ പെരുന്തോട്ടം

കുടമാളൂര്‍: ദൈവഹിതം എന്തെന്നറിഞ്ഞ് അതിനു വിധേയപ്പെടുന്ന സഹനമാണ് വിശുദ്ധിയുടെ മാനദണ്ഡമായിത്തീരുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ കുടമാളൂര്‍ അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്ക് ഇന്നലെ നടന്ന തീര്‍ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.

സഹനംകൊണ്ടു മാത്രം വിശുദ്ധി പ്രാപിക്കണമെന്നില്ല. ദൈവഹിതത്തിനനുസൃതമായ സഹനമാകുമ്പോഴാണ് അതു വിശുദ്ധിയിലേക്കുള്ള മാര്‍ഗമായിത്തീരുന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനം അത്തരത്തിലുള്ളതായിരുന്നു. അല്‍ഫോന്‍സാമ്മയുടെ സഹനത്തിനടിസ്ഥാനം സ്നേഹമായിരുന്നു.

അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന പ്രാര്‍ഥനയോടെ ഈശോയും ഈശോയുടെ അമ്മയും സമര്‍പ്പിച്ചതുപോലെ ദൈവഹിതത്തിനു പൂര്‍ണമായി വിട്ടുകൊടുക്കാന്‍ സാധിക്കുന്നവര്‍ക്കാണ് സഹനജീവിതത്തിലൂടെ വിശുദ്ധരാകാന്‍ സാധിക്കുക. ഏതു ജീവിതാന്തസിലും ദൈവേഷ്ടം നിറവേറട്ടെയെന്ന പ്രാര്‍ഥനയോടെ ജീവിച്ചു വിശുദ്ധരാകാനുള്ള വിളി സ്വീകരിക്കാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.