വിവാഹമോചനം നേടിയ മുസ്ലിം വനിതയ്ക്കു ചികിത്സാച്ചെലവിന് അര്‍ഹതയുണ്ട്: ഹൈക്കോടതി
വിവാഹമോചനം നേടിയ മുസ്ലിം വനിതയ്ക്കു ചികിത്സാച്ചെലവിന് അര്‍ഹതയുണ്ട്: ഹൈക്കോടതി
Wednesday, July 29, 2015 12:20 AM IST
കൊച്ചി: വിവാഹമോചനം നേടിയ രോഗിയായ മുസ്ലിം സ്ത്രീക്കു ജീവനാംശത്തിനൊപ്പം ചികിത്സാ ചെലവും നല്‍കാന്‍ മുന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചികിത്സ നടത്തിയ രേഖകള്‍ ബന്ധപ്പെട്ട വിചാരണക്കോടതിയില്‍ ഹാജരാക്കി സ്ത്രീക്ക് തന്റെ അവകാശം നേടിയെടുക്കാമെന്നു ജസ്റീസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി.

മുസ്ലിം സ്ത്രീയുടെ വിവാഹമോചന സംരക്ഷണ നിയമപ്രകാരം ഇവര്‍ക്ക് പ്രതിമാസം 3,000 രൂപ നിരക്കില്‍ 3.60 ലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ നേരത്തെ കോഴിക്കോട് ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ മുന്‍ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ 45,000 രൂപ മാത്രം കുറവു ചെയ്തു നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഇരുകൂട്ടരും ഹൈക്കോടതിയെ സമീപിച്ചു.

ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് തനിക്ക് വൃക്കരോഗത്തെത്തുടര്‍ന്ന് ചെലവേറിയ ചികിത്സ വേണ്ടിവന്നുവെന്നും ഈയിനത്തില്‍ 2.31 ലക്ഷം രൂപ ചെലവു വന്നുവെന്നും ഹര്‍ജിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. പലരില്‍നിന്നായി കടം വാങ്ങിയാണ് ആശുപത്രിയില്‍ പണം നല്‍കിയതെന്നും ഇവര്‍ ബോധിപ്പിച്ചു. ഭര്‍ത്താവ് തലാഖ് ചൊല്ലുന്നതിനു മുമ്പ് വേര്‍പിരിഞ്ഞു കഴിഞ്ഞ കാലഘട്ടത്തില്‍ ഉള്‍പ്പെടെയുള്ള ഈ ചെലവുകൂടി ജീവനാംശത്തോടൊപ്പം അനുവദിച്ചുതരണമെന്നും രോഗിയായ സ്ത്രീ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് ഭാര്യയായിരുന്ന സ്ത്രീ ഭാവിയിലും സുരക്ഷിതമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള കടമ ഭര്‍ത്താവായിരുന്ന വ്യക്തിക്കുണ്െടന്ന് കോടതി വ്യക്തമാക്കിയത്. വിവാഹിതായിരുന്ന കാലയളവിലെ ജീവിതനിലവാരത്തിനൊപ്പം തുടര്‍ന്നും ജീവിക്കാന്‍ ഹര്‍ജിക്കാരിക്ക് അവകാശമുണ്ട്. ഗുരുതരരോഗിയായ ഹര്‍ജിക്കാരിക്ക് മൂന്നു മക്കളുണ്ട്. തുടര്‍ന്നൊരു വിവാഹത്തിനും സാധ്യതയില്ല. ഈ കാരണങ്ങള്‍ക്കൂടി പരിഗണിക്കുമ്പോള്‍ ചികിത്സാച്ചെലവു കൂടി നല്‍കാന്‍ മുന്‍ ഭര്‍ത്താവിനു ബാധ്യതയുണ്െടന്നു കോടതി ഉത്തരവില്‍ പറയുന്നു. ഇതിനുള്ള തുക സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് വിചാരണക്കോടതിയാണെന്നു വ്യക്തമാക്കിയ ജസ്റീസ് ബി. കെമാല്‍ പാഷ ഹര്‍ജി അതേ കോടതിയിലേക്ക് തിരിച്ചയയ്ക്കാനും നിര്‍ദേശിച്ചു. വിചാരണക്കോടതി നാലു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.