ബാര്‍ കേസ്: രേഖകള്‍ ഹാജരാക്കി
Wednesday, July 29, 2015 12:36 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും റിപ്പോര്‍ട്ടുകളും അന്വേഷണസംഘം ഇന്നലെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹാജരാക്കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കണ്െടടുത്ത രേഖകളും സാക്ഷിമൊഴികളും, ധനമന്ത്രി കെ.എം. മാണിയെ കണ്ടു രേഖപ്പെടുത്തിയ മൊഴിയും കോടതിയില്‍ ഹാജരാക്കിയവയില്‍ ഉള്‍പ്പെടുന്നു.

മജിസ്ട്രേറ്റ് മുമ്പാകെ ബാറുടമ ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയും ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കിയതിന്റെ റിപ്പോര്‍ട്ടും, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ തയാറാക്കിയ റിപ്പോര്‍ട്ടും, മാണിക്കെതിരേ തെളിവില്ലെന്നും അതിനാല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ അഴിമതി തടയല്‍ വിഭാഗം തലവന്‍ വിന്‍സന്‍ എം. പോള്‍ തയാറാക്കിയ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.