ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം: രണ്ടാഴ്ചത്തേക്കു തുടര്‍നടപടിയില്ല
Wednesday, July 29, 2015 12:33 AM IST
കൊച്ചി: സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചത്തേക്കു തുടര്‍നടപടി സ്വീകരിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതു സ്ഥലംമാറ്റ നടപടികള്‍ മാര്‍ച്ച് 31നു മുമ്പു പൂര്‍ത്തിയാക്കണമെന്ന മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമായി ജൂലൈയില്‍ സ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതു റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും രണ്ടാഴ്ചത്തേക്കു തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്.


ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ 2015-16 വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിന് ഡയറക്ടറേറ്റ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ മരവിപ്പിച്ചു. തുടര്‍ന്ന് ജൂലൈ ഒന്നിന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ജൂലൈ ഏഴു മുതല്‍ പത്തു വരെ സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.