ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കു നഷ്ടമായതു കലാം അപ്പച്ചനെ
ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കു നഷ്ടമായതു കലാം അപ്പച്ചനെ
Wednesday, July 29, 2015 12:22 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: രാജ്യത്തിന്റെ അങ്ങേയറ്റത്തുവച്ച് തങ്ങളുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അന്തരിച്ചതായി അറിഞ്ഞപ്പോള്‍ തിരുവനന്തപുരം മുറിഞ്ഞപാലം സിഐഎംആര്‍ സ്കൂളിലെ കുരുന്നുകളുടെ വേദന കണ്ണീരായി പൊഴിഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന സിഐഎംആര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു എ.പി.ജെ. രാഷ്ട്രപതിയായിരുന്നപ്പോള്‍ അടക്കം അഞ്ചു തവണയാണ് ഇവരെ കാണുന്നതിനായി ഓടിയെത്തിയത്. കഴിഞ്ഞ മേയ് 28 ന് സിഐഎംആറിന്റെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതും ഡോ. കലാമായിരുന്നു.

2000 മുതല്‍ ഈ സ്ഥാപനവുമായി അദ്ദേഹം ബന്ധം കാത്തു സൂക്ഷിച്ചു. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പലപ്പോഴും സിഐഎംആര്‍ ഡയറക്ടര്‍ ഫാ. തോമസ് ഫെലിക്സ് സിഎംഐയോടു പറയുമായിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരിക്കെ 2000 മേയ് 28 നാണു ഡോ. കലാം ആദ്യമായി സിഐഎംആര്‍ സന്ദര്‍ശിച്ചത്. ആ ബന്ധം ഊഷ്മളമായി വളര്‍ന്നു. രാഷ്ട്രപതിയായപ്പോഴും അതു തുടര്‍ന്നു.

കുട്ടികളുടെ കഴിവ് കണ്െടത്തിയ കലാം സിഎംഐആറിലെ വിദ്യാര്‍ഥികളെ ഡല്‍ഹിയിലേക്കു വിളിച്ചാണ് ആദരിച്ചത്. യാതൊരു ഔപചാരികതയുമില്ലാതെ തങ്ങളുടെ സ്വന്തം വീട്ടില്‍ എത്തുന്ന പ്രതീതിയോടെയാണു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനില്‍ എത്തിയത്. കുട്ടികള്‍ക്കു മാനസികമായി കരുത്ത് പകരുന്നതിനായി ഇന്ത്യന്‍ സേനയുടെ രണ്ടു കുതിരകളെയും അദ്ദേഹം അവര്‍ക്കു സമ്മാനിച്ചു.

ഡോ. അബ്ദുള്‍ കലാം എപ്പോള്‍ തിരുവനന്തപുരത്തെത്തിയാലും ഒരു വിളി സിഐഎംആര്‍ സ്ഥാപകക ഡയറക്ടര്‍ ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ ഫോണിലെത്തും. കഴിഞ്ഞ ജന്മദിനദിവസം അദ്ദേഹം തിരുവനന്തപുരം രാജ്ഭവനിലായിരുന്നു. രാത്രി വൈകി സിഐഎംആറിലെ കുട്ടികള്‍ ഒരു കുഞ്ഞു കേക്കുമായി രാജ്ഭവനില്‍ അദ്ദേഹത്തെ കാത്തുനിന്നു. അദ്ദേഹമെത്തിയപ്പോള്‍ കാണുന്നത് ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞു നില്ക്കുന്ന ഭിന്നശേഷിയുള്ള കുരുന്നുകള്‍. അവരോടൊപ്പം മധുരം മുറിച്ച് പിറന്നാള്‍ ആഘോഷിച്ചശേഷമാണ് അദ്ദേഹം അന്ന് ഉറങ്ങിയത്.

തിരുവനന്തപുരത്ത് എത്തുപ്പോള്‍ കുറച്ചു കശുവണ്ടി പരിപ്പും ചിപ്സും അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. അത് സിഐഎംആറിലെ കുട്ടികള്‍ക്കു നല്കാനുള്ളതാണ്.

കരിക്കും വാഴപ്പഴവുമെല്ലാം പൊതിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ട കലാം അപ്പച്ചനു നല്കാന്‍ സിഐഎംആറിലെ കുഞ്ഞുങ്ങള്‍ വാശിപിടിക്കുമായിരുന്നു. കഴിഞ്ഞ മാസം സ്വകാര്യ ആവശ്യത്തിനായി ഡോ. കലാം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ കുഞ്ഞുങ്ങളെയുമൊത്ത് എത്തണമെന്ന് ഫാ. തോമസ് ഫെലിക്സിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രാത്രിയില്‍ സിഐഎംആറിലെ കുട്ടികളുമായി അദ്ദേഹം വിമാനത്താവളത്തിലെത്തി.

കുഞ്ഞുങ്ങള്‍ക്കായി കരുതിവച്ചിരുന്ന ചിപ്സും കശുവണ്ടിപ്പരിപ്പും നല്കി സന്തോഷത്തോടെ യാത്രയാക്കിയശേഷമാണ് അദ്ദേഹം അന്ന് കേരളത്തോട് യാത്ര പറഞ്ഞത്. അവസാന സംഗമമായിരിക്കുമതെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞപ്പോള്‍ സിഐഎംആറിലെ സിസ്റര്‍ എലൈസിന്റെ കണ്ണില്‍ ഈറനണിഞ്ഞു.


ഡോ. കലാമിന് അന്ത്യാഞ്ജലി: പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഭൌതികശരീരം കേരളത്തിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്തു ഹ്രസ്വനേരത്തേക്കു വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാത്രി തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒമ്പതോടെ ഡല്‍ഹി കേരള ഹൌസില്‍നിന്ന് നേരിട്ടും ഫാക്സ് വഴിയും കത്ത് എത്തിച്ചു.

കെപിസിസിക്ക് ഏഴു ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഏഴുദിവസത്തെ ദുഃഖാചരണം നടത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍ദേശം നല്‍കിയതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പതാക താഴ്ത്തിക്കെട്ടുകയും അബ്ദുള്‍ കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.



നിയമസഭയ്ക്കു മുന്നില്‍ പൂത്തുലഞ്ഞ് കലാം നട്ട ചെമ്പകം

തിരുവനന്തപുരം: നിയമസഭയ്ക്കുമുന്നില്‍ കാറ്റിലാടിയും പൂക്കള്‍ വിരിയിച്ചും കലാമിന്റെ ചെമ്പകം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കു മുന്നില്‍ ഇടതുവശത്തായാണ് സ്വപ്നം കാണുകയും സ്വപ്നത്തേക്കാള്‍ വലിയ ഉയരത്തിലെത്തുകയും ചെയ്ത ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാം നട്ടുനനച്ച ചെമ്പകമരം നില്‍ക്കുന്നത്.


കൃത്യം പത്തു വര്‍ഷം മുമ്പ്, അതായത് 2005 ജൂലൈ 28നാണ് നിയമസഭാ മന്ദിരത്തിനു മുന്നില്‍ ഡോ.കലാം ചെമ്പകമരം നട്ടത്. പ്രതിഭാധനനായ അദ്ദേഹം നട്ട ചെമ്പകമരം കാണാന്‍ സ്പീക്കര്‍ എന്‍.ശക്തനും എംഎല്‍എമാരും നിയമസഭയിലെ ജീവനക്കാരും മറ്റു നിരവധിപേരും ഇന്നലെ ചെമ്പകച്ചുവട്ടില്‍ എത്തിയിരുന്നു.

2005 ജൂലൈ 28ന് നിയമസഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോഴാണ് നിയമസഭാ വളപ്പിലെ പൂന്തോപ്പിന് തന്റെ ഓര്‍മകളുടെ പര്യായമെന്ന നിലയില്‍ ഒരു ചെമ്പകത്തൈ അദ്ദേഹം സമ്മാനിച്ചത്. ചെമ്പകം നട്ടതിന്റെ പത്താം വാര്‍ഷികദിനത്തില്‍ തന്നെ കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിന്റെ വേദനയിലാണ് നിയമസഭയിലെ അംഗങ്ങളും ജീവനക്കാരും. തങ്ങള്‍ കണ്ടിട്ടുള്ള ഒട്ടനേകം പ്രമുഖരില്‍ ലാളിത്യവും സൌമ്യതയും നിറഞ്ഞ വ്യക്തിത്വം കൊണ്ട് ഓര്‍മകളില്‍ നിറംമങ്ങാതെ കലാം എന്നുമുണ്ടാകുമെന്ന് പൂന്തോട്ടത്തിലെ ജീവനക്കാര്‍ പറയുന്നു.


ഗവര്‍ണര്‍ അനുശോചിച്ചു

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയും ആധുനിക കാലത്തെ വിശ്രുതരില്‍ ഒരാളുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വേര്‍പാട് തന്നെ ഞെട്ടിക്കുകയും ദുഃഖിതനാക്കുകയും ചെയ്തതായി ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാതൃരാജ്യത്തിനായി അദ്ദേഹം വിഭാവനം ചെയ്ത പുരോഗതി ഇന്ത്യ-വിഷന്‍-2020 ല്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഇതിഹാസതുല്യമായ ആ ജീവിതവുമായി ബന്ധപ്പെട്ട അഗ്നിച്ചിറകുകള്‍ യുവജനതയുടെ കര്‍മശേഷിയെ ജ്വലിപ്പിക്കുകയും ഉന്നത ലക്ഷ്യങ്ങളിലേക്കു കുതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭാവിയുടെ പ്രതീക്ഷകളായ ഷില്ലോംഗ് ഐഐഎമ്മിലെ വിദ്യാര്‍ഥികള്‍ക്കായി ഭൂമിയുടെ ഭാവി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്ന പൊതുചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തതെന്നതും ഇതിനു തെളിവാണെന്നു ഗവര്‍ണര്‍ പറഞ്ഞു.


ഇന്ത്യയെ പ്രചോദിപ്പിച്ച അതുല്യ പ്രതിഭ: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ

തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായത് ആധുനിക ഇന്ത്യയെ നിരന്തരം പ്രചോദിപ്പിച്ച അതുല്യ പ്രതിഭയാണെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെയും കെസിബിസിയുടെയും അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഈ തലമുറയെ നിരന്തരം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഡോ. കലാം ഇന്ത്യക്കു പുതിയ ദിശാബോധം നല്‍കുകയും ദീര്‍ഘവീക്ഷണത്തോടെ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനു പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ബഹിരാകാശ ശാസ്ത്ര മേഖലയില്‍ അതിശക്തമായ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വം വഴി സാധിച്ചു. കാലം ചെയ്ത ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ബന്ധത്തെയും ബാവാ അനുസ്മരിച്ചു. 2007-ല്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഏറ്റുവാങ്ങാനായി അദ്ദേഹം എത്തിയിരുന്നു. 20 വര്‍ഷത്തിലധികം തിരുവനന്തപുരത്തു ജീവിച്ച അദ്ദേഹം ഇവിടത്തെ എല്ലാ ജനവിഭാഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതു നഗരം എന്നും ഓര്‍ക്കുമെന്നും ബാവാ പറഞ്ഞു.

ഡോ. കലാമിനു കെസിബിസി ആദരാഞ്ജലി അര്‍പ്പിച്ചു

കൊച്ചി: വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയും സ്വപ്നസാക്ഷാത്കാരത്തിന് കുറുക്കുവഴികളില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിക്കുകയും ചെയ്ത മഹാനായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് കേരള കത്തോലിക്കാസഭ ആദരാഞ്ജലികളര്‍പ്പിച്ചു. ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലും സൂര്യനെപ്പോലെ ശോഭിച്ച അദ്ദേഹത്തിന് പുല്‍ക്കൊടിയോളം താഴാനും ഏതു സാധാരണക്കാരനുമായും ഇടപഴകാനും തെല്ലും പ്രയാസമുണ്ടായിരുന്നില്ല. ഉന്നതരായ ശാസ്ത്രപ്രതിഭകളോടും രാഷ്ട്രീയ നേതാക്കളോടുമൊപ്പം ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹത്തിനും യുവജനങ്ങള്‍ക്കും അദ്ദേഹം പ്രിയങ്കരനും സംലഭ്യനുമായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഇത്രയേറെ സ്നേഹിക്കുകയും സ്വാധീനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത പ്രതിഭകള്‍ സമുക്കധികമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി നേടുകയും ചെയ്യട്ടെയെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.