വിഴിഞ്ഞം തുറമുഖത്തിനായി ഭൂമിയേറ്റെടുക്കാനും അടിസ്ഥാന സൌകര്യമൊരുക്കാനും തീരുമാനം
വിഴിഞ്ഞം തുറമുഖത്തിനായി ഭൂമിയേറ്റെടുക്കാനും അടിസ്ഥാന സൌകര്യമൊരുക്കാനും തീരുമാനം
Wednesday, July 29, 2015 12:21 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കാവശ്യമായ ബാക്കി ഭൂമിയേറ്റെടുക്കാനും നിര്‍മാണം തുടങ്ങാനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പദ്ധതിക്കായി വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സീ പോര്‍ട്ട് കമ്പനിയുടെ പേരില്‍ വാങ്ങിയ ഭൂമി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു കൈമാറും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുറമുഖ നിര്‍മാണം തുടങ്ങും.

പദ്ധതിക്കായി 30.62 ഏക്കര്‍ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഒരു ഭൂ ഉടമ ഒഴികെയുള്ളവര്‍ ഭൂമി വിട്ടുനല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. അതേസമയം തീരദേശത്തെ ഏഴു ഹോട്ടലുകള്‍ ഭൂമി നല്‍കാമെന്നു സമ്മതപത്രം നല്‍കിയിട്ടില്ല. ഹോട്ടലുടമകള്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കാനാണു യോഗത്തില്‍ ധാരണയായത്. സ്ഥാപനത്തിന്റെ ഗുഡ്വില്‍ കൂടി പരിഗണിച്ച് അതിനുകൂടി നഷ്ടപരിഹാരം നല്‍കണമെന്നാണു ഹോട്ടലുകാരുടെ ആവശ്യം.

തുറമുഖ നിര്‍മാണത്തിനായി വളരെയേറെ പാറ ആവശ്യമുണ്ട്. ഇതിലേക്കായി തിരുവനന്തപുരം ജില്ലയിലേയും സമീപ ജില്ലകളിലെയും ക്വാറികള്‍ എടുക്കുന്നതു പരിശോധിക്കും. സമീപ ജില്ലകളില്‍ നിന്ന് ജലമാര്‍ഗം പാറ എത്തിക്കുന്നതും പരിഗണിക്കും.

നാലു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയതായി യോഗ തീരുമാനങ്ങള്‍ വിവരിച്ച മന്ത്രി കെ.ബാബു പറഞ്ഞു.


തുറമുഖം നിര്‍മിക്കുന്നതോടെ തൊഴില്‍ നഷ്ടമാകുന്ന കക്കാവാരല്‍ തൊഴിലാളികള്‍, കമ്പവലക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 250 ഓളം പേരെ കണ്െടത്തിയിട്ടുണ്ട്. ഇവര്‍ക്കു നഷ്ടപരിഹാരം നല്‍കും. 2000 ത്തിലേറെ പേരെ തുറമുഖ നിര്‍മാണ കാലത്ത് താത്കാലികമായി മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്നാണ് പരിസ്ഥിതി പഠനറിപ്പോര്‍ട്ട് പ്രകാരം കണ്െടത്തിയത്.

കരമന- ബാലരാമപുരം ദേശീയപാതയില്‍ നിന്ന് തീരദേശത്തേ ക്കു പോകുന്ന മൂന്നു ഉപറോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നില വാരത്തില്‍ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ മൂന്നു റോഡുകളും പുതിയതായി നിര്‍മിക്കുന്ന ബൈപാസ് കടന്നുപോകുന്നതാണ്.

ചിങ്ങം ഒന്നിന് വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കരാര്‍ ഒപ്പിടും.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും. അദാനി പോര്‍ട്സിനുവേണ്ടി ഗൌതം അദാനിയും കമ്പനി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, അദാനി ഗ്രൂപ്പ് ഡയറക്ടര്‍ സന്തോഷ് മഹാപത്ര, വിഴിഞ്ഞം കമ്പനി സിഇഒ എ.എസ് സുരേഷ്ബാബു, ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.