ബര്‍ലിനെ 10 വര്‍ഷത്തിനു ശേഷം സിപിഎം തിരിച്ചെടുത്തു
ബര്‍ലിനെ 10 വര്‍ഷത്തിനു ശേഷം സിപിഎം തിരിച്ചെടുത്തു
Saturday, May 23, 2015 1:21 AM IST
കണ്ണൂര്‍: വി.എസ്. അച്യുതാനന്ദനെ പിന്തുണച്ചു പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യപ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട കമ്യൂണിസ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു പത്തു വര്‍ഷത്തിനുശേഷം വീണ്ടും പാര്‍ട്ടി അംഗത്വം. വ്യാഴാഴ്ച സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറി ടി.കെ. ഗോവിന്ദന്‍ നാറാത്തെ ബര്‍ലിന്റെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു മയ്യില്‍ ഏരിയാകമ്മിറ്റിക്കു ബര്‍ലിന്‍ നേരത്തേ കത്തു നല്‍കിയിരുന്നു. ബര്‍ലിനെ 2005 മേയ് മൂന്നിനാണു സിപിഎമ്മില്‍നിന്നു പുറത്താക്കിയത്.

പാര്‍ട്ടിക്കു പുറത്തായിട്ടും പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന ബര്‍ലിന്‍ ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം ആര്‍എംപിയുമായി കുറച്ചുകാലം സഹകരിച്ചിരുന്നു. എന്നാല്‍, പിന്നീട് ആര്‍എംപി വിട്ട അദ്ദേഹം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിക്കുവേണ്ടി വോട്ടു തേടി സിപിഎമ്മുമായി അടുപ്പം സ്ഥാപിച്ചു. ഏറ്റവുമൊടുവില്‍ വി.എസിന്റെ നിലപാടുകളെ വിമര്‍ശിക്കുകയും അച്യുതാനന്ദന്‍ രാഷ്ട്രീയം മതിയാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയാകാന്‍ യോഗ്യത പിണറായിക്കാണെന്നും ബര്‍ലിന്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നത്. 1942ല്‍ പി. കൃഷ്ണപിള്ളയില്‍നിന്നു പാര്‍ട്ടി അംഗത്വം നേടിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ 1943ലെ മുംബൈ ഒന്നാംപാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായിരുന്നു.


വി.എസിന് അധികാരത്തോട് ആര്‍ത്തി: ബര്‍ലിന്‍

കണ്ണൂര്‍: ദീര്‍ഘകാലം അധികാരസ്ഥാനത്തിരുന്നിട്ടും വി.എസ്. അച്യുതാനന്ദന് ആര്‍ത്തി അവസാനിച്ചിട്ടില്ലെന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ഒരുകാലത്തു വി.എസിന്റെ വിശ്വസ്തനായിരുന്ന ബര്‍ലിന്‍ സിപിഎം അംഗത്വം സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രിയാകാന്‍ ഇനിയും ബാല്യമുണ്െടന്നു കരുതുന്ന വി.എസിന്റെ മോഹം നടക്കില്ല. നിരന്തരം പാര്‍ട്ടിയെ വെല്ലുവിളിക്കുകയും നേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന വി.എസിന് ഇനി വേണ്ടതു വിശ്രമമാണ്. ഇഎംഎസിനെയാണു 90 വയസു കഴിഞ്ഞ വി.എസ് മാതൃകയാക്കേണ്ടത്. വി.എസ് പാര്‍ട്ടിയില്‍നിന്നു വിരമിക്കണം. ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും ബര്‍ലിന്‍ പറഞ്ഞു.

തോന്നുന്നതൊക്കെ വിളിച്ചുപറയുന്നത് ഉത്തമ കമ്യൂണിസ്റിന്റെ ശൈലിയല്ല. പാര്‍ട്ടിയില്‍നിന്നു പുറത്തുപോയി വേണം വായില്‍ തോന്നുന്നതു വിളിച്ചുപറയാന്‍. അധികാരസ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്നു പാര്‍ട്ടിയെ ആക്രമിക്കുന്നതു ശരിയായ രീതിയല്ല. വി.എസിനെ ഈ അവസ്ഥയിലാക്കിയതു കന്റോണ്‍മെന്റ് ഹൌസില്‍ തമ്പടിച്ച ചിലരാണ്. തനിക്കുശേഷം പ്രളയമെന്ന ശൈലിയാണു വി.എസിന്റേത്. താനില്ലെങ്കില്‍ പാര്‍ട്ടിയും വേണ്െടന്ന ചിന്തയാണ് അദ്ദേഹത്തിന്. ആരെങ്കിലും എടുത്തു തലയില്‍ വച്ചാല്‍ പിന്നെ വി.എസ് ഇളകിമറിയും. പിണറായി വിജയന്‍ കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയായി വരുമെന്നും ബര്‍ലിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.