യുവാവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍
യുവാവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍
Saturday, May 23, 2015 1:31 AM IST
വൈക്കം: തലയാഴം മാടപ്പള്ളിയില്‍ ഗ്യാസ് ഗോഡൌണിനു സമീപം യുവാവിന്റെ മൃതദേഹം തോട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍.

കുമരകം ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയുടെ തലയാഴം മാടപ്പള്ളിയിലെ ഗോഡൌണില്‍ ജീവനക്കാരനായ ആസാം സ്വദേശി മോഹന്‍ദാസി(27)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ഗോഡൌണിനും ജീവനക്കാര്‍ താമസിക്കുന്ന ചായ്പിനും സമീപത്തെ തോട്ടില്‍ കണ്ടത്.

മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്െടന്നു പോലീസ് പറഞ്ഞു. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ തലയില്‍ അടിയേറ്റ മുറിവുണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന തോടിനു സമീപത്തെ പുല്‍പ്പടര്‍പ്പില്‍നിന്ന് തലയ്ക്കടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ പ്ളേറ്റും മദ്യക്കുപ്പികളും പോലീസ് കണ്െടടുത്തു.

മോഹന്‍ദാസിനൊപ്പം താമസിച്ചിരുന്ന ഗ്യാസ് ഗോഡൌണ്‍ ജീവനക്കാരനായ മറ്റൊരു ആസാം സ്വദേശി ജഗന്നാഥ് എന്ന ദേവി(36)നെയും ഞായറാഴ്ച മുതല്‍ കാണാതായിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സിഗ്നല്‍ ആസാമിലാണെന്നാണ് കാണിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ശനിയാഴ്ചവരെ ഇരുവരും സ്ഥലത്തുണ്ടായിരുന്നതായി കുമരകത്തെ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഞായറാഴ്ച പുതിയ ലോഡുമായി എത്തിയപ്പോള്‍ ഇവരെ അന്വേഷിച്ചെങ്കിലും കണ്ടില്ല.


അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പെരുമ്പാവൂരില്‍ പോയിരിക്കുകയാണെന്ന കണക്കുകൂട്ടലായിരുന്നു ഗോഡൌണ്‍ അധികൃതര്‍ക്ക്. ഇന്നലെ രാവിലെ ഗോഡൌണിനു സമീപത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഗ്യാസ് ഗോഡൌണ്‍ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്നു തിരിച്ചറിഞ്ഞത്. ഒരാള്‍ക്ക് മൃതദേഹം ഒറ്റയ്ക്കു ചാക്കില്‍ കെട്ടാനാകുമോയെന്ന സംശയം പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

കോട്ടയം ജില്ലാ പോലീസ് ചീഫ് എം.പി.ദിനേശ്, പാലാ ഡിവൈഎസ്പി സുനീഷ് ബാബു, വൈക്കം, കടുത്തുരുത്തി സിഐമാരായ നിര്‍മല്‍ ബോസ്, എം.കെ.ബിനുകുമാര്‍, എസ്ഐമാരായ ജെ.എസ്.സജീവ്കുമാര്‍, രജന്‍കുമാര്‍, വി.എം.ജോസഫ്, എഎസ്ഐ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.നാസര്‍, പി.കെ.ജോളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുശീലന്‍, അനില്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.