സിബിഎസ്ഇ ഫലം വീണ്ടും നീളുന്നു
Saturday, May 23, 2015 1:30 AM IST
കൊച്ചി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതു വീണ്ടും നീളുന്നു. ഇന്നു പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുമെന്നാണു നേരത്തെ പുറത്തുവന്ന വിവരം. ഫലം പ്രസിദ്ധീകരിക്കുന്നത് 25നേയുള്ളൂവെന്നു അറിയുന്നതായി കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനുസരിച്ചു സിബിഎസ്ഇ 12-ാം ക്ളാസ് പരീക്ഷാഫലവും പുറത്തുവരുന്നതു നീളും. 25ന് 12-ാം ക്ളാസ് ഫലം പുറത്തുവരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദേശീയ തലത്തില്‍ പരീക്ഷാര്‍ഥികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധന, കേന്ദ്രീകൃത മൂല്യനിര്‍ണയവും അതിനോടനുബന്ധിച്ചുള്ള മാര്‍ക്കിംഗ്, ഗ്രേഡിംഗ് എന്നിവ സുതാര്യവും കുറ്റമറ്റതാക്കുന്നതിനും സ്വീകരിച്ച രീതി, മേഖലാ കേന്ദ്രങ്ങളില്‍ ഏകീകൃത രീതിയില്‍ ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങളിലെ താമസം തുടങ്ങിയവയാണു പരീക്ഷാഫലം വൈകാന്‍ കാരണമായി സിബിഎസ്ഇ അധികൃതര്‍ പറയുന്നതെന്ന് ഡോ. ഇന്ദിരാ രാജന്‍ കൂട്ടിച്ചേര്‍ത്തു. സിബിഎസ്ഇ പത്താം ക്ളാസ് ഫലം വൈകുന്നതു കണക്കിലെടുത്ത് പ്ളസ് ടു അഡ്മിഷന്‍ തിയതി 30 വരെ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.