മന്ത്രി അനൂപിനെതിരേ വിജിലന്‍സ് അന്വേഷണമില്ല: ആഭ്യന്തര മന്ത്രി
മന്ത്രി അനൂപിനെതിരേ വിജിലന്‍സ് അന്വേഷണമില്ല: ആഭ്യന്തര മന്ത്രി
Saturday, May 23, 2015 12:37 AM IST
കൊച്ചി: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്ഷ്യമന്ത്രിക്കെതിരേ ക്വിക് വേരിഫിക്കേഷന്‍ ഇല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്ത വന്നയുടന്‍ വിജിലന്‍സ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചു. ജില്ലാ കണ്‍സ്യൂമര്‍ റിഡ്രസല്‍ ഫോറത്തിലെ നിയമനം സംബന്ധിച്ച അന്വേഷണം മാത്രമാണു നടക്കുന്നത്. മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ കിട്ടിയ അടിസ്ഥാനത്തിലാകാം അത്തരമൊരു വാര്‍ത്ത വന്നത്.

മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടു നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി പുതിയൊരു അന്വേഷണം ഇപ്പോള്‍ ആലോചിക്കുന്നില്ല. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ തന്റെ നിലപാടു പറയാന്‍ കഴിയൂ. ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഒരു റോളും ഇല്ല. സിബിഐ ഏതു രീതിയില്‍ അന്വേഷിക്കണമെന്നു പറയാന്‍ ആഭ്യന്തര വകുപ്പിനു കഴിയില്ല. വിശദമായ പുനരന്വേഷണ ആവശ്യം വന്നാല്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.