വിഴിഞ്ഞം പദ്ധതി സുതാര്യതയോടെ നടപ്പാക്കണം: ഏകോപനസമിതി
Saturday, May 23, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സുതാര്യതയോടെ നടപ്പാക്കണമെന്നു കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ മാത്രം ടെന്‍ഡര്‍ ലഭിച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖ നടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാര്‍ കുറച്ചുകൂടി കരുതലും സുതാര്യതയും കാട്ടേണ്ടതായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ യോഗത്തില്‍ പറഞ്ഞു.

സര്‍വകകക്ഷി യോഗത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തെ അറിയിച്ചു. വിഴിഞ്ഞം സംബന്ധിച്ചു പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുള്ളുവെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫും യുഡിഎഫും അംഗീകരിച്ചാല്‍ മാത്രം വിഴിഞ്ഞം തുറമുഖവുമായി മുന്നോട്ടു പോയാല്‍ മതിയെന്ന് അദാനിയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതോടെ എല്‍ഡിഎഫ് പ്രതിഷേധം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലബാര്‍ സിമന്റസ് അഴിമതിയുമായി ബന്ധപ്പെട്ടു മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു സംസ്ഥാനം ആവശ്യപ്പെടണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഏകോപന സമിതിയില്‍ ആവശ്യപ്പെട്ടു. പിന്നീടു തീരുമാനങ്ങള്‍ വിശദീകരിച്ചപ്പോഴും അദ്ദേഹം ഇതേ ആവശ്യം ആവര്‍ത്തിച്ചു. നേരത്തെയും മലബാര്‍ സിമന്റ്സ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നു സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു.

കണ്‍സ്യൂമര്‍ ഫെഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്രയും വേഗം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. നെല്ല് സംഭരണത്തിന്റെ കുടിശിക എത്രയും വേഗം കൊടുത്തു തീര്‍ക്കാന്‍ നടപടി വേണമെന്നും ഏകോപന സമിതിയോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.