കെ.എം. മാണി മന്ത്രിയായി തുടരുന്നതു തടയണമെന്നു പി.സി. ജോര്‍ജിന്റെ ഹര്‍ജി
കെ.എം. മാണി മന്ത്രിയായി തുടരുന്നതു തടയണമെന്നു പി.സി. ജോര്‍ജിന്റെ ഹര്‍ജി
Saturday, April 25, 2015 12:32 AM IST
കൊച്ചി: കെ.എം. മാണി മന്ത്രിയായി തുടരുന്നതു തടയണമെന്നാവശ്യപ്പെട്ടു പി.സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എം. മാണി ഒരേ സമയം കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും വഹിക്കുന്നതു പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്നു ഹര്‍ജിയില്‍ പറയുന്നു.

പാര്‍ട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ട്രഷറര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ മന്ത്രിയോ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ആവുകയാണെങ്കില്‍ അവര്‍ പാര്‍ട്ടി പദവി ഒഴിയണമെന്നാണു കേരള കോണ്‍ഗ്രസ്-എം ഭരണഘടനയുടെ 22-ാം വ്യവസ്ഥയില്‍ പറയുന്നത്. പാര്‍ട്ടിയുടെ ഭരണഘടനയ്ക്കു വിരുദ്ധമായി ഇരട്ട പ്പദവി വഹിക്കുന്ന കെ.എം. മാണി തെരഞ്ഞെടുപ്പു കമ്മീഷനില്‍നിന്ന് ഇക്കാര്യം മറച്ചുവച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്ത് അധികാരത്തിലാണുരണ്ടു പദവിയും വഹിക്കുന്നതെന്നു വിശദീകരിക്കാന്‍ മാണിയോടു നിര്‍ദേശിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമായ നടപടി സ്വീകരിച്ചതു പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മതിയായ കാരണമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയിട്ടുള്ള പരാതിയില്‍ സമയബന്ധിതമായ നടപടി എടുക്കാന്‍ നിര്‍ദേശിക്കണമെന്നും കെ.എം. മാണി ഇരട്ട പദവി വഹിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിച്ചു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ടു നല്‍കാന്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ച കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭരണഘടന ഹാജരാക്കാന്‍ കെ.എം. മാണിക്കു നിര്‍ദേശം നല്‍കണമെന്നതാണ് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലെ ഇടക്കാലാവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.