ചെക്ക്പോസ്റിനു സമീപം നിര്‍ത്തിയിട്ട രണ്ടു ലോറികള്‍ കത്തിനശിച്ചു
ചെക്ക്പോസ്റിനു സമീപം നിര്‍ത്തിയിട്ട  രണ്ടു ലോറികള്‍ കത്തിനശിച്ചു
Saturday, April 25, 2015 12:27 AM IST
മഞ്ചേശ്വരം (കാസര്‍ഗോഡ്): മഞ്ചേശ്വരം വാണിജ്യ ചെക്ക്പോസ്റിനു സമീപം പെട്രോള്‍ പമ്പിനടുത്തു നിര്‍ത്തിയിട്ട രണ്ടു ലോറികള്‍ തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണു സംഭവം. ഗുജറാത്തില്‍നിന്ന് ഗ്ളാസുമായി വന്ന ലോറിക്കും രാജസ്ഥാനില്‍നിന്നും ബ്ളീച്ചിംഗ് പൌഡറുമായി വന്ന ലോറിക്കുമാണു തീപിടിച്ചത്.

പരിശോധനയ്ക്കുവേണ്ടി ചെക്ക്പോസ്റിന് അല്പം അകലെ ഉപ്പള പുഴയ്ക്ക് സമീപത്തുള്ള ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ട ട്രക്കിനാണു തീപിടിച്ചത്. പരിശോധനയ്ക്ക് എത്തുന്ന ലോറികള്‍ ഇവിടെ നിര്‍ത്തിയിടാറാണു പതിവ്. ലോറിയിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അപകടം. തൊട്ടടുത്തു തന്നെ ഗ്യാസും പെട്രോളും ഡീസലും നിറച്ച നിരവധി ടാങ്കര്‍ ലോറികളും മറ്റു ചരക്കു ലോറികളുമുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും ലോറി ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണു വന്‍ദുരന്തം ഒഴിവായത്.


ലോറി നല്ല വെയിലുള്ള സ്ഥലത്താണു നിര്‍ത്തിയിട്ടിരുന്നതെന്നും അതിനാല്‍ കടുത്ത ചൂടുകൊണ്ട് ബ്ളീച്ചിംഗ് പൌഡറിനു തീപിടിച്ചതാകാമെന്നുമാണു ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഉപ്പളയില്‍നിന്നു രണ്ടും കാസര്‍ഗോട്ടുനിന്ന് ഒന്നും യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി മൂന്നു മണിക്കൂറോളം നടത്തിയ നീണ്ട ശ്രമത്തിനൊടുവിലാണു തീയണച്ചത്. വിവരമറിഞ്ഞു മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. അമ്പതു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഉപ്പള സ്റേഷന്‍ ഓഫീസര്‍ ആര്‍.ജോക്കിച്ചന്‍, ലീഡിംഗ് ഫയര്‍മാന്‍, കെ.സതീശന്‍, ഉമേഷ്, ശ്രീഹരി, അജിത്കുമാര്‍, ഹോം ഗാര്‍ഡുമാരായ പ്രഭാകരന്‍, രാജന്‍, കാസര്‍ഗോഡ് ഫയര്‍ സ്റേഷനിലെ മനോഹരന്‍, ഉമേശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.