മാവോയിസ്റ് അനുകൂല പോസ്റര്‍: ഒരാള്‍കൂടി അറസ്റില്‍
മാവോയിസ്റ് അനുകൂല പോസ്റര്‍: ഒരാള്‍കൂടി അറസ്റില്‍
Saturday, April 25, 2015 12:26 AM IST
കോഴിക്കോട്: മാവോയിസ്റ് ആശയപ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്ചെയ്തു. റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍ഡിഎഫ്) സംസ്ഥാന പ്രസിഡന്റ് വടകര ചോമ്പാല്‍ സ്വദേശി ടി.സുഗതനാണ് അറസ്റിലായത്. കാലിക്കട്ട് പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം പുറത്തിറങ്ങുമ്പോള്‍ മഫ്തിയിലെത്തിയ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.

22ന് ഇരിട്ടിയില്‍ മാവോയിസം ഭീകരവാദമല്ല, വിമോചനത്തിന്റെ വഴികാട്ടി എന്ന പോസ്റര്‍ ഒട്ടിച്ചതിനെതിരേ രജിസ്റര്‍ ചെയ്ത കേസിലാണ് അറസ്റ്. ആര്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അജയന്‍ മണ്ണൂര്‍, കരിവെള്ളൂര്‍ രാമകൃഷ്ണന്‍ എന്നിവരെ കേസില്‍ നേരത്തെ അറസ്റ്ചെയ്തിരുന്നു. ആര്‍ഡിഎഫ് പ്രവര്‍ത്തകരായ കൊല്ലം സ്വദേശി ബാഹുലേയന്‍, ഔസേപ്പ് എന്നിവരെ പോലീസ് തെരയുന്നുണ്ട്. അഞ്ചുപേര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയതായാണു വിവരം. അജയന്‍ മണ്ണൂരിനെയും രാമകൃഷ്ണനെയും യുഎപിഎ ചുമത്തി അറസ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിക്കാനാണ് മുന്‍ നക്സല്‍ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോവാസുവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12ന് കാലിക്കട്ട് പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതില്‍ പങ്കെടുക്കാനെത്തിയതാണു സുഗതന്‍. വാര്‍ത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണു താഴെ കാത്തുനില്‍ക്കുകയായിരുന്ന പോലീസ് സുഗതനെ കസ്റഡിയിലെടുത്തത്. ഗ്രോവാസുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസിനെതിരായി മുദ്രാവാക്യം വിളിച്ചു. ടൌണ്‍ സിഐ കെ.പി.അഷ്റഫും സംഘവും സമീപത്തു തന്നെയുണ്ടായിരുന്നു. ഇവരുടെ ജീപ്പിലാണു സുഗതനെ കൊണ്ടുപോയത്. പിന്നീട് ഇരിട്ടി പോലീസിനു കൈമാറി.


മാവോയിസ്റ് വേട്ടയുടെ പേരില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ പിടികൂടി യുഎപിഎ ചുമത്തി ജാമ്യംപോലും നിഷേധിച്ച് അകത്തിടുന്നതു ജനാധിപത്യവിരുദ്ധമാണെന്നു ഗ്രോവാസു പറഞ്ഞു. മാവോയിസ്റ് ആശയങ്ങള്‍ രാജ്യത്തു നിരോധിച്ചിട്ടില്ല. മാവോയിസം പ്രചരിപ്പിക്കുന്നതും മാവോസാഹിത്യം കൈവശം വയ്ക്കുന്നതും കുറ്റകരമല്ലെന്നു സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണു മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് കിരാതനിയമം ഉപയോഗിച്ച് അറസ്റ് ചെയ്ത് അകത്തിടുന്നതെന്നു ഗ്രോവാസു ചോദിച്ചു.

21ന് ഇതേ പോസ്റര്‍ കാസര്‍ഗോഡ് പരപ്പയില്‍ ഒട്ടിച്ചപ്പോള്‍ സുഗതനെ പോലീസ് കസ്റഡിയില്‍ എടുത്തെങ്കിലും വിട്ടയയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.