കര്‍ഷക അവഗണന എക്കാലത്തേതിലും അപ്പുറം: കര്‍ഷകസംഘടനകള്‍
കര്‍ഷക അവഗണന എക്കാലത്തേതിലും അപ്പുറം: കര്‍ഷകസംഘടനകള്‍
Saturday, April 25, 2015 12:25 AM IST
പാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകരോടുള്ള അവഗണന എക്കാലത്തേതിലും അപ്പുറമായതായും നിലനില്‍പ്പിനായി ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കര്‍ഷക കൂട്ടായ്മ അനിവാര്യമാണെന്നും പാലായില്‍ ചേര്‍ന്ന വിവിധ കര്‍ഷക സംഘടനകളുടെ നേതൃസമ്മേളനം വിലയിരുത്തി. കേരളത്തിലെ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന മുപ്പതോളം കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ പാലാ ടോംസ് ചേംബറില്‍ സമ്മേളിച്ചത്. കര്‍ഷക ജനകീയ ഐക്യവേദിയായ ദി പീപ്പിളിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ നൂറുകണക്കിനു കര്‍ഷകരും പങ്കെടുത്തു.

ദി പീപ്പിളിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ ആമുഖപ്രസംഗം നടത്തി. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഭരണകൂടം കര്‍ഷകരെ വഞ്ചിക്കുകയാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ഭരണകര്‍ത്താക്കളുടെ തെറ്റായ നയങ്ങള്‍ക്ക് എതിരേ കര്‍ഷകരും കര്‍ഷകസംഘടനകളും ഒരുമിച്ചുനിന്ന് പോരാടുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ കര്‍ഷക സംഘടകനളുടെയും പിന്തുണ പീപ്പിളിനുണ്െടന്നും 26 നു പതിനായിരം പേര്‍ പങ്കെടുക്കുന്ന കര്‍ഷക മാര്‍ച്ച് കണ്ണൂരില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


സമ്മേളനം മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഗവണ്‍മെന്റിന്റെ പ്രധാന ഉത്തരവാദിത്വമെന്നും കര്‍ഷക രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകവേദി പ്രസിഡന്റ് ജോസ് പുത്തേട്ട് അധ്യക്ഷത വഹിച്ചു. ദി പീപ്പിളിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ കര്‍ഷക കൂട്ടായ്മയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

പി.സി. ജോസഫ് എക്സ് എംഎല്‍എ, ഡിജോ കാപ്പന്‍, മാത്യു മാമ്പറമ്പില്‍, ഫാ. ജോസ് തറപ്പേല്‍, ടോമിച്ചന്‍ സ്കറിയ ഐക്കര, വിജയന്‍ തോപ്പില്‍, ജോസ് മാത്യു, ജോസ് തോമസ് വെട്ടം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.