ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Wednesday, April 1, 2015 12:34 AM IST
തൃശൂര്‍: മികച്ച കലാസൃഷ്ടികള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇ. പ്രജിത്, എന്‍. ബാലമുരളികൃഷ്ണന്‍, സന്തോഷ് മിത്ര(മൂന്നുപേരും ചിത്രവിഭാഗം), കെ.കെ. ജയേഷ്(വുഡ്കട്ട് ഗ്രാഫിക്സ്), വി.പി. സജികുമാര്‍(ശില്പം) എന്നിവരാണ് 25,000 രൂപയും ബഹുമതിപത്രവും അടങ്ങിയ പുരസ്കാരത്തിന് അര്‍ഹരായത്.

കലാപ്രദര്‍ശനത്തില്‍ പങ്കെടുക്കാനും മത്സരത്തിനുമായി അപേക്ഷിച്ച 635 കലാകാരന്മാരില്‍നിന്നും പ്രാഥമിക മൂല്യനിര്‍ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിനു തെരഞ്ഞെടുക്കപ്പെട്ട 229 പേരുടെ കലാസൃഷ്ടികളാണ് പുരസ്കാരങ്ങള്‍ക്കു പരിഗണിക്കപ്പെട്ടതെന്നു ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിത്ര ശില്പ വിഭാഗത്തില്‍ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അഞ്ചു സംസ്ഥാന അവാര്‍ഡുകളും 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡുകളും, കലാവിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അഞ്ചു സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡുകളുമാണ് നല്കുന്നത്. ചിത്ര-ശില്പ വിഭാഗത്തില്‍ മികച്ച ഛായാചിത്രത്തിനു ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലും മികച്ച ഭൂഭാഗചിത്രത്തിനു വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലും നല്കും. ടി.കെ.അനില്‍, ടി.എസ്. പ്രസാദ്, ഹരീന്ദ്രന്‍ ചാലാട്, പി.കെ. ബൈജു, കെ.എസ്.പ്രസാദ്കുമാര്‍ എന്നിവര്‍ക്കാണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം. കലാവിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പുരസ്കാരത്തിന് ആര്‍.ശിവജി(തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജ്), കെ.എ.മുഹമ്മദ് റിയാസ്(തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്), കെ.ദീപ(തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജ്), എസ്.എസ്.സനോജ്, ജോബിന്‍ തോമസ്(തൃപ്പൂണിത്തറ ആര്‍എല്‍വി കോളജ്) എന്നിവരാണ് അര്‍ഹരായത്. മികച്ച ഛായാചിത്രത്തിനു വിബിന്‍ റാഫേല്‍ രചിച്ച ചിത്രം അര്‍ഹമായി. ദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് ആര്‍.ബി.ഷജിത്ത് അര്‍ഹനായി. 18നു രാവിലെ 11ന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടത്തുന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.