മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണം: എച്ച്എംഎസ്
Wednesday, April 1, 2015 12:32 AM IST
കൊച്ചി: മത്സ്യബന്ധനമേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിക്കളയണമെന്ന് എച്ച്എംഎസ് സംസ്ഥാന കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധന പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈമാസം 17 മുതല്‍ 19 വരെ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന എച്ച്എംഎസ് ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 500 പ്രതിനിധികള്‍ പങ്കെടുക്കും.


എച്ച്എംഎസ് ദേശീയ ഉപാധ്യക്ഷന്‍ തമ്പാന്‍ തോമസ് കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ തൊഴിലാളി സംഘടനകള്‍ യോജിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പി.എസ്. ആഷിഖ് അധ്യക്ഷത വഹിച്ചു. എം.കെ. കണ്ണന്‍, സി.പി. ജോണ്‍, അഡ്വ. ജോര്‍ജ് തോമസ്, ആനി സ്വീറ്റി, ടോമി മാത്യു, എം.കെ. പ്രേംമാഥ്, ജി. സുഗുണന്‍, പി. വിജയകുമാര്‍, ജേക്കബ് ഉമ്മന്‍, ഐ.എ. റപ്പായി, കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.