ഒരു വര്‍ഷത്തിനുശേഷം നയത്തിന് അംഗീകാരം
Wednesday, April 1, 2015 12:01 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാര്‍ തര്‍ക്കത്തിനു തുടക്കമിട്ടത്. സംസ്ഥാന ഭരണത്തെവരെ പലപ്പോഴായി പിടിച്ചുകുലുക്കാന്‍ ശ്രമിച്ച ബാര്‍ തര്‍ക്കം പുതിയ സാമ്പത്തികവര്‍ഷാരംഭത്തില്‍ പ്രതീക്ഷയുടേതായി. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റു വിദേശ മദ്യശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനുകൂടി ലഭിച്ച അംഗീകാരം കൂടിയായി വിലയിരുത്തപ്പെടുന്നു.

2014 മാര്‍ച്ചിലെ അവസാന ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള തീരുമാനത്തെ ചില മന്ത്രിമാര്‍ എതിര്‍ത്തതോടെയാണു തുടക്കം. ബാറുകളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താത്തതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവാരമില്ലെന്നു കണ്െടത്തിയ 418 ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.

312 ബാറുകള്‍ക്കു താത്കാലിക ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
ഇതിനിടെ 418 ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തെത്തി. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം കടുത്ത നിലപാടെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. മദ്യവിരുദ്ധ സംഘടനകളും സുധീരനു പിന്തുണയുമായി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു നിയമതടസമുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ വിവാദം വീണ്ടും മുറുകി.


പൂട്ടിയ 418 ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ ബാറുടമകള്‍ സര്‍ക്കാരുമായി തെറ്റി. ധനമന്ത്രി കെ.എം. മാണിക്കെതിരേ കോഴ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്തെത്തി. ഇതു വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിലേക്കും എഫ്ഐആര്‍ രജിസ്റര്‍ ചെയ്തുള്ള അന്വേഷണത്തിലേക്കും നീണ്ടു.

ബാര്‍ തര്‍ക്കം കോടതിയിലേക്കു നീങ്ങി. പത്തു ബാറുകള്‍ക്കു കൂടി ലൈസന്‍സ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 324 ആയി ഉയര്‍ന്നു.

ഫൈവ് സ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാലകള്‍ പത്തു ശതമാനം വീതം വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പത്തു ശതമാനം ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബാറുടമകള്‍ക്ക് അനുകൂലമായി വിധിച്ചു. തുടര്‍ന്നു സര്‍ക്കാരിന്റെ അപ്പീലിലാണ് ഇന്നലത്തെ വിധി. ഇതോടെ സംസ്ഥാനത്തെ 24 പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ 300 ബാറുകള്‍ കൂടി പൂട്ടുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു ബാറുടമകള്‍ വ്യക്തമാക്കിയതോടെ ഇനിയുള്ള നിയമയുദ്ധം ഡല്‍ഹി കേന്ദ്രമാക്കിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.