ഇന്നു മുതല്‍ വില കൂടിയ ജീവിതം
Wednesday, April 1, 2015 12:15 AM IST
ഇന്ന് ഏപ്രില്‍ ഒന്ന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകള്‍ പ്രകാരമുള്ള നികുതിനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുന്ന ദിവസം. പൊതുവേ വിലകള്‍ കൂടും. റെയില്‍വേ ചരക്കുകൂലി, സേവനനികുതി, കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സംസ്ഥാന വാറ്റ്, മോട്ടോര്‍ വാഹനനികുതി എന്നിവയിലെല്ലാം വര്‍ധനയുണ്ട്.

പുറമേ, സംസ്ഥാനത്തു പെട്രോളിനും ഡീസലിനും ലിറ്ററിന് ഓരോ രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇന്നുമുതല്‍ നല്‍കണം. പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ ഇന്നു വില കുറയ്ക്കുമോ എന്നു ശ്രദ്ധിക്കാവുന്നതാണ്. മാര്‍ച്ച് പകുതിയില്‍ ഉണ്ടായിരുന്നതിലും ഏഴു ശതമാനം കുറവാണ് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില. മാര്‍ച്ച് 11ന് അവസാനിച്ച രണ്ടാഴ്ച ശരാശരി വില വീപ്പയ്ക്ക് 3618.92 രൂപയായിരുന്നത് മാര്‍ച്ച് 30ന് 3370.12 രൂപയായി താന്നിട്ടുണ്ട്. ഇതനുസരിച്ചു വില കുറയ്ക്കുമോ എന്നതു കമ്പനികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

റെയില്‍വേയില്‍ പ്ളാറ്റ്ഫോം ടിക്കറ്റ് വില അഞ്ചു രൂപയില്‍നിന്ന് പത്തു രൂപയാകും. തിരക്കേറിയ സമയങ്ങളില്‍ വീണ്ടും നിരക്കു കൂട്ടാന്‍ ഡിവിഷണല്‍ മാനേജര്‍മാരെ അധികാരപ്പെടുത്തി.

കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്‍ഷ്വറന്‍സ് സെസ് ഇന്നു നടപ്പില്‍വരും. 14 രൂപവരെയുള്ള ടിക്കറ്റുകള്‍ക്കാണു സെസ്. 15 രൂപ മുതല്‍ 24 രൂപവരെ ഒരു രൂപ, 25 മുതല്‍ 49 വരെ രണ്ടു രൂപ, 50 മുതല്‍ 74 വരെ മൂന്നു രൂപ, 75 മുതല്‍ 99 വരെ നാലു രൂപ, നൂറു രൂപ മുതല്‍ മുകളിലോട്ടു പത്തു രൂപ എന്നതാണു നിരക്ക്. സ്വകാര്യബസുകളില്‍ വര്‍ധനയില്ല.

കേന്ദ്രം സേവനനികുതി 12ല്‍ നിന്നു 14 ശതമാനമായി വര്‍ധിപ്പിച്ചതോടെ മൊബൈല്‍ റീചാര്‍ജും ടെലിഫോണ്‍ ബില്ലും മുതല്‍ എല്ലാ സേവനങ്ങള്‍ക്കും നികുതി കൂടും. ലോട്ടറി ടിക്കറ്റുകള്‍ക്കും സേവനനികുതി ചുമത്തിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, മുറിവാടക, ഓഡിറ്റോറിയം വാടക തുടങ്ങി എല്ലായിനം സേവനങ്ങള്‍ക്കും രണ്ടു ശതമാനം നികുതി കൂടും.


റെയില്‍വേ ചരക്കുകൂലി വര്‍ധന അരി മുതല്‍ സിമന്റ് വരെ എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടുന്നതാണ്.
അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചരക്കുകടത്തുകൂലി പത്തു ശതമാനമാണു വര്‍ധിക്കുന്നത്. കല്‍ക്കരിക്ക് 6.3 ശതമാനവും ഇരുമ്പിനും ഇരുമ്പ് സ്ക്രാപ്പിനും 3.1 ശതമാനവും ബിറ്റുമിനും കോള്‍ ടാറിനും 3.5 ശതമാനവുമാണു കടത്തുകൂലി വര്‍ധിക്കുക.

സിമന്റിനു 2.7 ശതമാനം വര്‍ധന വരും. ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സിമന്റ് വില 35 ശതമാനം വര്‍ധിച്ചതാണ്. കല്‍ക്കരിവിലയിലും കടത്തുകൂലിയിലും ഉണ്ടായ വര്‍ധനയുടെ പേരില്‍ ഇന്നു വീണ്ടും സിമന്റ് വില കൂട്ടും.

കേരള ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രകാരം മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടു ലക്ഷം രൂപവരെയുള്ളവയ്ക്കു രണ്ടു ശതമാനം കൂടും. രണ്ടര ലക്ഷത്തിനു മുകളില്‍ വിലയുള്ളവയുടെ നികുതി 20 ശതമാനത്തിലേക്കാണു കൂട്ടിയത്.

വിവിധയിനം രജിസ്ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു. എക്സൈസ് ബോണ്ട് കമ്പനികളുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, മുക്ത്യാര്‍ രജിസ്ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍, ശരിവയ്ക്കല്‍ കാരണങ്ങള്‍ എന്നിവയ്ക്കും രേഖകളുടെ തെരച്ചിലിനുമുള്ള ഫീസുകളാണ് ഇരട്ടിയും അതിലേറെയുമായി വര്‍ധിപ്പിച്ചത്.

ബീഡിക്കു സംസ്ഥാന നികുതി 14.5 ശതമാനത്തിലേക്കു നികുതി കൂട്ടി. സിഗരറ്റിനു കേന്ദ്രവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.കോഴിത്തീറ്റ, നൈലോണ്‍ - പോളിസ്റര്‍ കയറുകള്‍, പ്ളാസ്റിക് ചൂല്‍, ബ്രഷ്, മോപ്പ് തുടങ്ങിയവ, ഫ്ളക്സ്, പ്ളാസ്റിക് കപ്പ്, പ്ളാസ്റിക് കളിപ്പാട്ടങ്ങള്‍, പ്ളാസ്റിക് പ്ളേറ്റ് എന്നിവയ്ക്കും വാറ്റ് വര്‍ധിപ്പിച്ചു. മണിലെന്‍ഡര്‍മാര്‍ക്കുള്ള പിഴ പത്തുമടങ്ങാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.