മുഖപ്രസംഗം: സ്മാര്‍ട്സിറ്റി ഇനിയും വൈകിയോടരുത്
Wednesday, April 1, 2015 11:25 PM IST
ഐടി മേഖലയില്‍ മാത്രമല്ല അനുബന്ധ വികസനത്തിലും സംസ്ഥാനത്ത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന പദ്ധതിയാണു കൊച്ചിയിലെ സ്മാര്‍ട്സിറ്റി. പതിനായിരക്കണക്കിനാളുകള്‍ക്കു നേരിട്ടും അതിന്റെ പലമടങ്ങാളുകള്‍ക്കു പരോക്ഷമായും തൊഴിലും സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് ഊര്‍ജവും പകരുമെന്നു കരുതുന്ന സ്മാര്‍ട്സിറ്റി ഇപ്പോഴത്തെ വേഗത്തില്‍ കുതിച്ചാല്‍ മതിയോ? സ്മാര്‍ട്സിറ്റി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വലിയ താത്പര്യമെടുക്കുന്നുണ്ട്. പത്തുവര്‍ഷം മുമ്പ് ദുബായിയിലെത്തി പദ്ധതിയുടെ പ്രാരംഭനടപടി തുടങ്ങിവച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ കഴിഞ്ഞദിവസം ദുബായിയിലെത്തി ആദ്യഘട്ട മന്ദിരോദ്ഘാടനത്തിന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂമിനെ ക്ഷണിക്കുകയും ചെയ്തു. സ്മാര്‍ട്സിറ്റി പദ്ധതിയുടെ പ്രഥമ ഐടി മന്ദിരം ജൂണില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.

സ്മാര്‍ട് സിറ്റിയെക്കുറിച്ചു പറയാന്‍ തുടങ്ങിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു. എന്നിട്ടും ആദ്യകെട്ടിടം പൂര്‍ത്തിയാക്കുന്നിടംവരെയെത്താനേ നമുക്കു കഴിഞ്ഞുള്ളൂ എന്നത് ഏറെ ഖേദകരമാണ്. എന്തെല്ലാം പുകിലാണ് പദ്ധതിയുടെ പേരില്‍ ഇവിടെ നടന്നത്? രാഷ്ട്രീയപ്പോരില്‍ നമുക്കു നഷ്ടപ്പെട്ട സമയവും അവസരവും എത്രയേറെയാണ്? സ്മാര്‍ട്സിറ്റി സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ട ടീകോം ഗതികേടിലാണെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദന്‍ പരിഹസിച്ചിരുന്നു. 'ഗതികേട്' നേരില്‍ക്കണ്ടു ബോധ്യപ്പെടാന്‍ ദുബായിയിലേക്കുവരാന്‍ സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്ന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഇതേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് സ്മാര്‍ട്സിറ്റി കരാര്‍ ഉണ്ടാക്കിയതും. പിന്നീടു പദ്ധതിയെക്കുറിച്ച് വലിയ അവകാശവാദങ്ങളായി. ഭരണത്തിലിരിക്കുമ്പോള്‍ ഒരു നയം, പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റൊന്ന് എന്നത് കേരളത്തിന്റെ വികസന ചരിത്രത്തെ എന്നും പിന്നോക്കം വലിക്കുന്ന പ്രതിസന്ധിയാണ്.

ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കെട്ടിടം അയ്യായിരം പേര്‍ക്കു തൊഴില്‍സൌകര്യമൊരുക്കുമെന്നാണു കണക്കാക്കുന്നത്. തൊണ്ണൂറായിരം തൊഴിലവസരം എന്ന വാഗ്ദാനത്തോടെയാണ് പത്തുവര്‍ഷം മുമ്പ് സ്മാര്‍ട്സിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നത്. പിന്നീടിങ്ങോട്ട് പല പ്രതിസന്ധികളും നേരിടേണ്ടിവന്നു. ഐടി മേഖലതന്നെ ഏറെ ക്ഷീണം നേരിട്ട സാഹചര്യമുണ്ട്. അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു കൂടുതല്‍ കരുത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാവും എന്നൊരു ആത്മവിശ്വാസം ഇപ്പോള്‍ സ്മാര്‍ട്സിറ്റിയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉണ്ട്.

സ്മാര്‍ട്സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടവും ഉടനേ ആരംഭിക്കുമെന്നാണു മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നത്. ടീകോം അധികൃതരുമായും ദുബായ് ഭരണാധികാരികളുമായും നടത്തിയ ചര്‍ച്ചകള്‍ ഇത്തരമൊരു ശുഭപ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങളോടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആഗോളതലത്തില്‍ പ്രശസ്തരായ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സിന്റെ സേവനം തേടിയിട്ടുണ്ട്.


കെട്ടിടങ്ങളുടെ നിര്‍മാണം സംബന്ധിച്ചും രൂപകല്പന സംബന്ധിച്ചുമുള്ള തീരുമാനം ഉടനെ ഉണ്ടാകും. ഇപ്പോള്‍ ഉദ്ഘാടനത്തിനു തയാറായിരിക്കുന്ന സ്മാര്‍ട്സിറ്റി മന്ദിരത്തില്‍ പ്രമുഖ കമ്പനികള്‍ പലതും സ്ഥലമെടുത്തുകഴിഞ്ഞു. പുതിയ തൊഴില്‍ ശൈലിക്കനുയോജ്യമായാണ് ഇതിന്റെ നിര്‍മാണം. ടെറസില്‍ പൂന്തോട്ടം, ഫുഡ് കോര്‍ട്ടുകള്‍, ബാങ്ക്, എടിഎമ്മുകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൌകര്യങ്ങള്‍ക്കൊപ്പം മികച്ച തൊഴില്‍ അന്തരീക്ഷവും ഇവിടെ സൃഷ്ടിക്കപ്പെടും. റോഡ്, വൈദ്യുതി, കനാല്‍ സൌന്ദര്യവത്കരണം തുടങ്ങി അടിസ്ഥാനസൌകര്യ വികസനത്തിനായി ഇതിനോടകം നൂറുകോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പാരിസ്ഥിതിക അനുമതിക്കും മറ്റുമായി കുറേസമയം നഷ്ടമായെങ്കിലും അടിസ്ഥാനസൌകര്യങ്ങളെല്ലാം ആദ്യമേ ഒരുക്കിക്കൊണ്ട് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ടീകോമും കേരള സര്‍ക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്.

പദ്ധതിക്കാവശ്യമായ റോഡുകളുടെ പ്രധാനഭാഗം ആദ്യഘട്ടത്തില്‍ത്തന്നെ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്. മീഡിയനോടെ നാലുവരി റോഡിന്റെ നിര്‍മാണവും ദ്രുതഗതിയിലാണു പൂര്‍ത്തിയാകുന്നത്. സ്മാര്‍ട്സിറ്റിയോടനുബന്ധിച്ചുള്ള 246 ഏക്കര്‍ സ്ഥലത്തെ മുഴുവന്‍ പദ്ധതിക്കും കഴിഞ്ഞ ഒക്ടോബറിലാണു പാരിസ്ഥിതികാനുമതി ലഭിച്ചത്. വലിയൊരു ഭാഗം ഭൂമി തുറസായ സ്ഥലങ്ങള്‍ക്കും പച്ചപ്പിനുംവേണ്ടി നീക്കിവച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലീഡ് പ്ളാറ്റിനം റേറ്റിംഗ് ഉള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി സമുച്ചയങ്ങളിലൊന്നായി സ്മാര്‍ട്സിറ്റി മാറും. ഐടി കൂടാതെ വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഇവിടേക്കു കടന്നുവരുമ്പോള്‍ കേരളത്തിനു വ്യത്യസ്തമായൊരു വികസനമുഖം ദര്‍ശിക്കാനാകും.

എല്ലാ വികസനപദ്ധതികളെയും സംശയത്തോടെ വീക്ഷിക്കുന്ന പൊതുസ്വഭാവത്തില്‍നിന്നും വിജയകരമായി നടപ്പാക്കാനാവുന്ന പദ്ധതികള്‍ നിസാരമായ രാഷ്ട്രീയ കാരണങ്ങളാല്‍ വച്ചുതാമസിപ്പിക്കുന്ന പതിവുരീതിയില്‍നിന്നും കേരളം മാറേണ്ടിയിരിക്കുന്നു. പല തരത്തിലുള്ള തടസങ്ങളും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്മാര്‍ട്സിറ്റി പദ്ധതി നേരിട്ടു. എന്നിട്ടും ദുബായ് സര്‍ക്കാരും പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമും വലിയ താത്പര്യത്തോടെ നിലകൊള്ളുന്നതു പരമാവധി പ്രയോജനപ്പെടുത്തന്‍ നാം ശ്രമിക്കണം. സര്‍ക്കാരുകള്‍ മാറിവന്നാലും പദ്ധതികള്‍ അവയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറുകള്‍ക്കു വിധേയമായി മുന്നോട്ടു കൊണ്ടുപോകാനായില്ലെങ്കില്‍ വിദേശ മൂലധനത്തെയും വ്യവസായവളര്‍ച്ചയെയുമൊക്കെപ്പറ്റിയുള്ള നമ്മുടെ അവകാശവാദങ്ങള്‍ വെറും വാചകക്കസര്‍ത്താകും. സ്മാര്‍ട്സിറ്റിപോലുള്ള പദ്ധതികളുടെ വൈകിയോടലിന് നാം വരുംതലമുറയോട് മറുപടി പറയേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.