സെന്‍കുമാറിനു ഹൈക്കോടതിയുടെ വിമര്‍ശനം; പരാമര്‍ശം നീക്കണമെന്ന ഹര്‍ജി തള്ളി
സെന്‍കുമാറിനു ഹൈക്കോടതിയുടെ വിമര്‍ശനം;  പരാമര്‍ശം നീക്കണമെന്ന ഹര്‍ജി തള്ളി
Friday, March 6, 2015 12:02 AM IST
കൊച്ചി: വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിയെ അനുകൂലിച്ചു പ്രസംഗിച്ച ജയില്‍ ഡിജിപി ടി.പി. സെന്‍കുമാറിനു ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. സമൂഹത്തിലെ താഴ്ന്ന ശ്രേണിയിലും ഉയര്‍ന്ന ശ്രേണിയിലും ഉള്ളവരോടു പോലീസിനു വിവേചനം ഉണ്െടന്ന സെന്‍കുമാറിന്റെ പ്രസ്താവന അനുചിതമാണെന്നു കോടതി പറഞ്ഞു. ഇത്തരം വിവേചനം ഉണ്െടന്നു ബോധ്യപ്പെട്ടാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ വിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം, അല്ലെങ്കില്‍ രാജിവയ്ക്കണം -കോടതി വിമര്‍ശിച്ചു.

വാഴച്ചാല്‍ വനമേഖലയില്‍ കലാഭവന്‍ മണിയും കൂട്ടരും വനപാലകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫോറസ്റ് ഉദ്യോഗസ്ഥര്‍ തങ്ങളെ ആക്രമിച്ചതായി കലാഭവന്‍ മണിയുടെ കൂടെയുണ്ടായിരുന്നവര്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരേ വനപാലകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ തനിക്കെതിരേ ഉണ്ടായ കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റീസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ ഇത്തരം പരാമര്‍ശം നടത്തിയതു ശരിയായില്ല. കേന്ദ്രമന്ത്രികൂടി സന്നിഹിതനായിരുന്ന പരിപാടിയിലായിരുന്നു സെന്‍കുമാറിന്റെ പ്രസംഗം. പോലീസ് ഉദ്യോഗസ്ഥര്‍ വിവേചനപരമായി പെരുമാറിയാല്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥനായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വിവേചനത്തെക്കുറിച്ചു പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തിയതു ദൌര്‍ഭാഗ്യകരമാണ്. സമൂഹത്തില്‍ ഉന്നതരായവരോടും താഴേക്കിടയിലുള്ളവരോടും പോലീസിനു വിവേചനമുണ്െടന്ന പ്രസ്താവന അനുചിതമാണ്.


വാഴച്ചാല്‍ വനമേഖലയില്‍ കലാഭവന്‍ മണി ഉള്‍പ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് 2013ല്‍ കൊല്ലത്തു നടന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലാണു സെന്‍കുമാര്‍ മണിയെ ന്യായീകരിച്ചു പ്രസംഗിച്ചത്. പോലീസുകാര്‍ വെളുത്തവരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന നയമാണു സ്വീകരിക്കുന്നതെന്നും ഇത്തരം വിവേചനം ഒഴിവാക്കണമെന്നുമാണു സെന്‍കുമാര്‍ പ്രസംഗിച്ചത്. കലാഭവന്‍ മണിയെ പിടികൂടാന്‍ തിടുക്കം കാട്ടുന്ന പോലീസ് മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമോ ഇങ്ങനെ ചെയ്താല്‍ ഇതേ നിലപാടു സ്വീകരിക്കുമോയെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. താഴേക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നയാളാണു മണി എന്നതിനാലാണു പോലീസ് ഇങ്ങനെ പെരുമാറുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതോടെ, തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വനപാലകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മണിയെ അനുകൂലിച്ചു പ്രസംഗിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കു നീതി കിട്ടുമോയെന്ന് ആശങ്കയുണ്െടന്നാണു വനപാലകര്‍ വാദിച്ചത്. സെന്‍കുമാറിന്റെ പ്രസംഗത്തിന്റെ പത്രറിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കി. ഇങ്ങനെ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ പരാമര്‍ശം നടത്തിയിട്ടുണ്െടങ്കില്‍ അതിനെ ഗൌരവത്തോടെ കാണണമെന്ന് അന്നു സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 2014 ഡിസംബറിലെ വിധിയില്‍നിന്ന് ഈ പരാമര്‍ശം നീക്കാനാണു സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പ്രസംഗത്തിന്റെ ഡിവിഡിയും സെന്‍കുമാര്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.