നോമ്പുകാലത്ത് മതഭീകരതയ്ക്കെതിരേ പ്രാര്‍ഥിക്കണം: കെസിബിസി
Friday, March 6, 2015 12:21 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: മതഭീകരതയ്ക്കെതിരേ മനുഷ്യമനഃസാക്ഷി ഉണര്‍ത്താനായി കേരളത്തിലെ ക്രൈസ്തവസമൂഹം നോമ്പുകാലത്തു പ്രത്യേകം പ്രാര്‍ഥനകളും ഉപവാസയജ്ഞവും നടത്തണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നുവരുന്ന മതഭീകരതയെ പ്രതിരോധിക്കാന്‍ അന്തര്‍ദേശീയ സമൂഹവും രാഷ്ട്രങ്ങളും സാംസ്കാരിക സംഘടനകളും മുന്നിട്ടിറങ്ങണം. മതത്തിന്റെ ജീര്‍ണതയ്ക്കെതിരേ എല്ലാ മതവിശ്വാസികളും ആത്മീയ നേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പുറത്തിറക്കിയ സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.

മനുഷ്യമഹത്വത്തിലേക്കും ദൈവികതയിലേക്കും മനുഷ്യനെ ഉയര്‍ത്താനും പരസ്പര സ്നേഹത്താല്‍ പ്രചോദിതരായി സാമൂഹ്യജീവിതം നയിക്കുന്നതിനു വ്യക്തികളെ സഹായിക്കാനും എല്ലാ മതങ്ങള്‍ക്കും കടമയുണ്ട്. മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ മതത്തെ തിന്മയുടെ ശക്തിക്ക് അടിയറവയ്ക്കുകയാണു ചെയ്യുന്നത്. കൊടിയ മതപീഡനങ്ങള്‍ അരങ്ങേറുന്ന മധ്യപൂര്‍വദേശങ്ങളില്‍ രാജ്യാന്തര സമൂഹത്തിന്റെ സത്വരശ്രദ്ധയും ഇടപെടലും ഉണ്ടാകണം. ഐക്യരാഷ്ട്ര സംഘടനപോലുള്ള പൊതുവേദികള്‍ മതഭീകരതയെ അപലപിക്കുകയും മതപീഡനങ്ങള്‍ സംബന്ധിച്ചു പൊതുനയം രൂപീകരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. മതഭീകരതയ്ക്കെതിരേ മാര്‍ച്ച് 24ന് എല്ലാ കത്തോലിക്കാസഭാ കേന്ദ്രങ്ങളിലും പള്ളികളിലും സ്ഥാപനങ്ങളിലും ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നു സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു. സാധിക്കുന്ന ഇടങ്ങളില്‍ മറ്റു ക്രൈസ്തവ സഭാസമൂഹങ്ങളുമായി ചേര്‍ന്നു പ്രാര്‍ഥന നടത്തണം. ലിബിയയില്‍ ക്രൂരതയ്ക്കിരയായ 21 കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളോടും വിശ്വാസത്തിനുവേണ്ടി പീഡനമേറ്റു വാങ്ങുന്ന എല്ലാ വിശ്വാസികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് 27നു കേരളത്തിലെ കത്തോലിക്കാ രൂപതകളിലും ഫൊറോനാ, ഇടവകതലങ്ങളിലും കുരിശിന്റെ വഴി നടത്തണം. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെ രക്തദാന പരിപാടികള്‍ നടത്തണമെന്നും കെസിബിസി സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.