ചന്ദ്രബോസ് കൊലക്കേസ് :ഡിജിപിയില്‍ സര്‍ക്കാരിനു പൂര്‍ണവിശ്വാസമെന്ന് ചെന്നിത്തല
ചന്ദ്രബോസ് കൊലക്കേസ് :ഡിജിപിയില്‍ സര്‍ക്കാരിനു പൂര്‍ണവിശ്വാസമെന്ന് ചെന്നിത്തല
Friday, March 6, 2015 11:59 PM IST
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഇടപെട്ടതായി കരുതുന്നില്ലെന്നും ഡിജിപിയില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്െടന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉന്നയിച്ച ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡിജിപി നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ട്. കേസിലെ പ്രതിയെ രക്ഷിക്കാനുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണു ഡിജിപി നല്കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ അതു വിശ്വസിക്കുന്നു. കേസില്‍ ഡിജിപിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ എന്തെങ്കിലും പി.സി. ജോര്‍ജ് കൈമാറിയാല്‍ പരിശോധിക്കും.

ഏറെ വിവാദമായ കേസ് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപി അവിടെ പോകുമെന്നു താന്‍തന്നെയാണു പത്രസമ്മേളനത്തില്‍ പറഞ്ഞത്. ബാലസുബ്രഹ്മണ്യത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. മറിച്ചെന്തെങ്കിലും തെളിവുണ്െടങ്കില്‍ ചീഫ് വിപ്പ് തനിക്ക് അതു തരട്ടെ, പരിശോധിക്കാം.

തൃശൂര്‍ പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തതു നടപടി ക്രമങ്ങളുടെ ഭാഗമായാണ്. ഐജി അന്വേഷിച്ച് എഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയോടെയാണു ലഭിച്ചത്. അവര്‍ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണു സസ്പെന്‍ഷനുവേണ്ടിയുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഈ കേസില്‍ പ്രതിക്കു കിട്ടാവുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നതു സര്‍ക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്വമാണ്.

നിസാമിനെതിരേ കാപ്പ ചുമത്താന്‍ താമസിച്ചെന്ന നിലയില്‍ വെറുതെ കഥ പ്രചരിപ്പിക്കുകയാണ്. നിലവില്‍ തടങ്കലിലുള്ള ഒരു പ്രതിയുടെ പേരില്‍ കാപ്പ ചുമത്താന്‍ കഴിയില്ല. കോടതി ജാമ്യം കൊടുത്താല്‍ അപ്പോള്‍ തന്നെ കാപ്പ നിലവില്‍ വരും. ആ നിലയിലാണു നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. നിയമപരമായാണ് എല്ലാ കാര്യങ്ങളും പോലീസും സര്‍ക്കാരും ചെയ്യുന്നതെന്നും ആഭ്യന്തരമന്ത്രി കൂട്ടി ച്ചേര്‍ത്തു.

നിസാമിനെ സംരക്ഷിക്കുന്നത് ഡിജിപിയെന്നു പി.സി. ജോര്‍ജ്

കോട്ടയം: ചന്ദ്രബോസ് കൊലക്കേസില്‍ കൊടും കുറ്റവാളി നിസാമിനെ സംരക്ഷിക്കുന്നതു സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യമാണെന്നു പി.സി. ജോര്‍ജ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടു ഡിജിപി നടത്തിയ പത്തു മിനിറ്റ് നീളുന്ന ടെലിഫോണ്‍ സംഭാഷണം തന്റെ കൈവശമുണ്െടന്നും തെളിവുകള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയശേഷം മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.


നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ നിസാമിനെ സംരക്ഷിക്കാന്‍ യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള പ്രമുഖ നേതാക്കളും പോലീസ് വകുപ്പിലെ ഒട്ടനവധി ഉദ്യോഗസ്ഥരും എക്കാലവുമുണ്ട്. പത്തു വര്‍ഷത്തിനുള്ളില്‍ നിസാം അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും അന്വേഷണം നടത്തണം.

നിസാമിനെ ആദ്യമായി വിലങ്ങുവയ്ക്കാന്‍ മുതിര്‍ന്നതിനാണ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനു പിന്നിലും സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടലുണ്ടായി. തെളിവെടുപ്പിനെന്ന പേരില്‍ നിസാമിനെ ആഡംബര വാഹന ത്തില്‍ കൊണ്ടുനടക്കുകയും ഏറ്റവും മുന്തിയ ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്യുന്നതും പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാണ്. പോലീസും നിസാമും ബര്‍മുഡ ധരിച്ച് ആഹ്ളാദത്തോടെ തെളിവെടുപ്പിനെന്ന പേരില്‍ ബാംഗളൂരിലൂടെ നീങ്ങുന്ന കാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കസ്റഡിയിലായിരിക്കെ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ ഫോണില്‍ നിസാം പലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ ഡിജിപി എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ജോര്‍ജ് ചോദിച്ചു.

ഡിജിപി സത്യസന്ധമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതിനെയും ജോര്‍ജ് പരിഹസിച്ചു. സംഭാഷണത്തിന്റെ രേഖകളും ഡിജിപിയുടെ അവിഹിത ഇടപെടലും പുറത്തുവരുമ്പോള്‍ ആഭ്യന്തരമന്ത്രി വായ പൊളിച്ചിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

തെളിവുണ്െടങ്കില്‍ പുറത്തു വിടട്ടെ: ഡിജിപി

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. തെളിവുണ്െടങ്കില്‍ ജോര്‍ജ് പുറത്തുവിടട്ടെ. ഇക്കാര്യത്തില്‍ തനിക്കു പറയാനുള്ളതു സര്‍ക്കാരിനെ അറിയിക്കും. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്താണു നടന്നുവെന്നതു മനസിലാക്കാന്‍ ശ്രമിക്കുകയാണ്. എല്ലാക്കാര്യവും വ്യക്തമായ ശേഷം മാധ്യമങ്ങളെ അറിയിക്കാം. കൂടുതല്‍ പ്രതികരണം അതിനു ശേഷമെന്നും ഡിജിപി ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.