മന്ത്രി ഇടപെട്ടു; ആശുപത്രിക്കിടക്കയില്‍ സഞ്ജുവിനു പരീക്ഷയെഴുതാം
Friday, March 6, 2015 12:18 AM IST
തിരുവല്ല: അര്‍ബുദരോഗത്തിനടിമപ്പെട്ട് വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ കഴിയുന്ന സഞ്ജുവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി പരീക്ഷയെഴുതാനുള്ള സൌകര്യം ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി പത്തനംതിട്ട മൈലപ്ര എസ്എച്ച് ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിനിയായ സഞ്ചു അന്ന സജിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി പി.കെ. അബ്ദുറബ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്.

പത്തനംതിട്ട പുതുക്കുളം മലയില്‍ പുത്തന്‍ വീട്ടില്‍ എം.ജെ. സജിയുടേയും കുഞ്ഞുമോളുടെയും മൂത്തമകളായ സഞ്ജുഅര്‍ബുദരോഗം ബാധിച്ച് കൊച്ചിയിലുള്ള ആസ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് പരീക്ഷയ്ക്ക് തയാറാകുന്നത്. പഠനത്തില്‍ ഏറെ മുന്നിലായിരുന്ന സഞ്ജുവിന് ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വലതുകാലിന്റെ എല്ലുകളില്‍ അര്‍ബുദം ബാധിച്ചതായി കണ്െടത്തുന്നത്. രണ്ടു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍നിന്നും രോഗം ഭേദമായെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തില്‍ സമാഹരിച്ച ചികിത്സാ സഹായം ഉപയോഗിച്ച് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കുകയായിരുന്നു. രണ്ടുതവണ കീമോതെറാപ്പിക്ക് വിധേയയായ സഞ്ചു മൂന്നാമതും തെറാപ്പിക്ക് തയാറാകുന്നതിനിടെയിലാണ് പരീക്ഷ എഴുതണമെന്ന അടങ്ങാത്ത ആഗ്രഹം പ്രകടിപ്പിച്ചത്. മരുന്നിന്റെ കാഠിന്യത്തിലുള്ള മയക്കത്തിലും സഞ്ചുവിന്റെ ചുണ്ടുകളില്‍നിന്ന് പരീക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ പുറത്തുവരുന്നുണ്ട്. മാതാപിതാക്കളും അധ്യാപകരും നടത്തിയ പരിശ്രമത്തിലൂടെയാണ് ആശുപത്രിക്ക് സമീപത്തുള്ള പരീക്ഷാഹാളില്‍ സെന്റര്‍ നല്‍കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായത്. കാഠിന്യമേറിയ മരുന്നുകളുടെ നിരന്തര ഉപയോഗം മൂലം വലതുകൈക്ക് സ്വാധീനം കുറഞ്ഞതിനാല്‍ സഹായിയെ വച്ച് പരീക്ഷ എഴുതിക്കാനാകും. അണുബാധയും മറ്റും ഉണ്ടാകാനുള്ള സാധ്യത ആശുപത്രി അധികൃതരുമായി സംസാരിക്കണമെന്നും വേണ്ടിവന്നാല്‍ സൌകര്യങ്ങളുള്ള ആംബുലന്‍സില്‍ പരീക്ഷഹാള്‍ ഒരുക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ.് മാത്യുവും സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളിക്കുട്ടി ദാനിയേലും അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.