നൂപുരധ്വനി ഉയര്‍ന്നു; കോട്ടയത്ത് വര്‍ണവസന്തം
നൂപുരധ്വനി ഉയര്‍ന്നു; കോട്ടയത്ത് വര്‍ണവസന്തം
Friday, March 6, 2015 11:59 PM IST
കോട്ടയം: ധ്വനി ഉയര്‍ന്നു. അര നഗരിയില്‍ ഇനി കലയുടെ വര്‍ണവസന്തം. വര്‍ണചാരുതയേകിയ ഘോഷയാത്രയോടെ എംജി യൂണിവേഴ്സിറ്റി കലോത്സവം ധ്വനി 2015ന് തിരുനക്കരയുടെ തിരുമുറ്റത്ത് തിരിതെളിഞ്ഞു.

കലയുടെ പുത്തന്‍ നൂപുരധ്വനികള്‍ സമ്മാനിക്കുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ഇനി നഗരം അലിഞ്ഞുചേരും. തിരുനക്കര മൈതാനിയില്‍ മുന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ നാമധേയത്തില്‍ തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം നമിതാ പ്രമോദാണു കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എ. അഖില്‍ അധ്യക്ഷതവഹിച്ചു. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, സിന്‍ഡിക്കേറ്റ് അംഗം സതീഷ് കൊച്ചുപറമ്പില്‍, എസ്. ഹരികുമാര്‍ ചങ്ങമ്പുഴ, യൂണിയന്‍ ജനറല്‍ സെക്രട്ടറി വിനീത എം. ബാലന്‍, ടി.എസ്. ശരത് എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു പോലീസ് പരേഡ് ഗ്രൌണ്ടില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി മഹാത്മാഗാന്ധി വേഷധാരിനടന്നു; പിന്നാലെ യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹികളും. ചെണ്ടമേളവും ബാന്റുമേളവും കൊഴുപ്പേകിയപ്പോള്‍ തെയ്യവും അമ്മന്‍കുടവും നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കി. നഗരത്തിലെ വിവിധ കോളജുകളിലെ കുട്ടികള്‍ പ്രത്യേകം ബാനറുകള്‍ക്കു കീഴിലാണ് അണിനിരന്നത്.


വര്‍ണക്കുടകളും ബലൂണുകളും കൈകളിലേന്തി പ്രത്യേക വേഷവിധാനങ്ങളിലെത്തിയ കുട്ടികള്‍ റാലിക്കു ദൃശ്യചാരുത പകര്‍ന്നു നടന്നു നീങ്ങി. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശാണ് റാലി ഫ്ളാഗ് ഓഫ് ചെയ്തത്.ഉദ്ഘാടന സമ്മേളത്തിനുശേഷം പ്രധാന വേദിയില്‍ തിരുവാതിര മത്സരം അരങ്ങേറി. സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലെ രണ്ടാം വേദിയില്‍ മൈം മത്സരത്തില്‍ നൂറോളം ടീമുകളാണ് പങ്കെടുത്തത്.

ബസേലിയസ് കോളജിലെ വേദിയില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യവും അരങ്ങേറി.57 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുന്നൂറിലേറെ കലാലയങ്ങളില്‍നിന്നുള്ള പതിനായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. രണ്ടാം ദിനമായ ഇന്ന് പ്രധാന വേദിയില്‍ മോണോ ആക്ട്, മിമിക്രി മത്സരങ്ങള്‍ അരങ്ങേറും.സിഎംഎസ് കോളജില്‍ വേദിയില്‍ ഭരതനാട്യം മത്സരങ്ങള്‍ അരങ്ങിലെത്തുമ്പോള്‍ ബസേലിയസ് കോളജിലെ വേദിയില്‍ കഥകളിയും ഓട്ടന്‍തുള്ളലും വിരുന്നിനെത്തും. ബിസിഎം കോളജില്‍ രചനാ മത്സരങ്ങളാണ് അരങ്ങേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.