ഇന്റര്‍നെറ്റ് തട്ടിപ്പ്: നൈജീരിയന്‍ സംഘം കവര്‍ന്നത് 500 കോടി
ഇന്റര്‍നെറ്റ് തട്ടിപ്പ്:  നൈജീരിയന്‍ സംഘം കവര്‍ന്നത് 500 കോടി
Friday, March 6, 2015 12:11 AM IST
എം. സുരേഷ്ബാബു

തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും വ്യാജസന്ദേശങ്ങള്‍ അയച്ചു നൈജീരിയന്‍ സംഘം ഇന്ത്യയില്‍നിന്നു തട്ടിയെടുത്തത് 500 കോടിയില്‍പ്പരം രൂപയെന്നു പോലീസ് സംഘം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പു നടത്തിയതായി പ്രധാന പ്രതി നൈജീരിയന്‍ സംഘത്തലവന്‍ ഫെസ്റസ് ഇക്കിച്ചുക്കുവു അന്വേഷണസംഘത്തോടു വെളിപ്പെടുത്തി.

വളരെ സാഹസികമായി ഡല്‍ഹിയില്‍നിന്നു കേരള പോലീസ് പിടികൂടിയ ഇക്കിച്ചുക്കുവുയെ തിരുവനന്തപുരത്തെത്തിച്ചു നടത്തിയ ചോദ്യംചെയ്യലിലാണു രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്. ഈ സംഘത്തിലെ അഞ്ചു പേരെ ഡല്‍ഹിയില്‍നിന്നു രണ്ടാഴ്ച മുന്‍പ് കേരള സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ നാലു പേര്‍ നൈജീരിയന്‍ പൌരന്മാരും ഒരാള്‍ ഡല്‍ഹി സ്വദേശിയുമായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ ചുവടു പിടിച്ച് 20 ദിവസം സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ തമ്പടിച്ചു നടത്തിയ അന്വേഷണത്തിലാണു മുഖ്യപ്രതിയെ പിടികൂടാനായത്.

നൈജീരിയന്‍ സംഘത്തിന്റെ തട്ടിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ ഇങ്ങനെ: മൊബൈല്‍ ഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിശദാംശങ്ങളും ഇ-മെയില്‍ വിവരങ്ങളും ആദ്യം ശേഖരിക്കും. പിന്നീടു രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തു ലോട്ടറി അടിച്ചതായി മൊബൈല്‍ ഫോണിലും ഇ-മെയിലിലും സന്ദേശങ്ങള്‍ അയയ്ക്കും. ആന്ധ്രപ്രദേശ്, ബിഹാര്‍, ഡല്‍ഹി, കേരളം, കര്‍ണാടകം, ഗോവ, മണിപ്പൂര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണു സന്ദേശങ്ങള്‍ അയയ്ക്കുന്നത്. മുന്നൂറു പേര്‍ക്കു സന്ദേശം അയയ്ക്കുമ്പോള്‍ എണ്‍പതോളം പേരെങ്കിലും പ്രതികരിക്കും. ഇങ്ങനെ പ്രതികരിക്കുന്നവരോടു വിദേശ കറന്‍സി ഡോളറായി സമ്മാനം ലഭിച്ച വിവരം വിശദമായി പറയും. ഇവരുടെ പേര്, അക്കൌണ്ട് നമ്പര്‍, ഇ-മെയില്‍ ഐഡി, ഐഡി പ്രൂഫ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചു മനസിലാക്കും. ഇവര്‍ പറയുന്ന ഇ-മെയില്‍ ഐഡിയില്‍ വിവരങ്ങള്‍ നൈജീരിയന്‍ സംഘത്തിനു ലഭിച്ചാല്‍ ഹിന്ദിയില്‍ സംസാരിക്കുന്ന എക്സിക്യൂട്ടീവ് രംഗത്തു വരും. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ രേഖകളിലും ഐഡി പ്രൂഫിലുമുള്ള പ്രായം മനസിലാക്കി സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടും. പ്രായം കുറഞ്ഞവരില്‍നിന്ന് ഏറ്റവും കുറഞ്ഞ സര്‍വീസ് ചാര്‍ജായി 50,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.


പിന്നീടു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തി സംഘാംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെടും. നിങ്ങള്‍ക്ക് ഇന്ത്യന്‍ രൂപയായി രണ്ടു കോടിയില്‍പ്പരം രൂപയാണു ലഭിക്കുന്നതെന്നും ഇതിനു നികുതിയായി 10 ശതമാനം തുക അക്കൌണ്ടിലേക്ക് അഡ്വാന്‍സായി നിക്ഷേപിക്കണമെന്നും ആവശ്യപ്പെടും. അക്കൌണ്ടിലേക്കു പണം ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം ഇരകളുടെ അക്കൌണ്ടിലേക്കു സമ്മാനത്തുക ലഭിക്കുമെന്നു വ്യാജ രേഖകള്‍ ഇ-മെയില്‍ വഴി അയയ്ക്കും.

കേരളത്തില്‍നിന്നു നാലു മാസത്തിനിടെ അഞ്ചു കോടിയില്‍പ്പരം രൂപ ഈ സംഘം തട്ടിയെടുത്തതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ മുഖ്യപ്രതി സമ്മതിച്ചു. കുറവന്‍കോണത്തെ ഒരു വീട്ടമ്മയ്ക്കു മൂന്നു ലക്ഷം രൂപയും തലസ്ഥാനത്തെ ഒരു യുവാവിന് എട്ടു ലക്ഷം രൂപയും വിഎസ്എസിസിയിലെ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് 60 ലക്ഷം രൂപയും ഉള്‍പ്പെടെ സംഘം തട്ടിയെടുത്തതായി പ്രതിയുടെ കംപ്യൂട്ടര്‍ രേഖകളില്‍ വ്യക്തമായിട്ടുണ്ട്. ടൂറിസ്റ് വീസയില്‍ ഇന്ത്യയിലെത്തുന്ന നൈജീരിയന്‍ സംഘത്തിനു തട്ടിപ്പില്‍ പരസ്പര ബന്ധങ്ങളുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ സൈറ്റില്‍നിന്നു ചോര്‍ത്തിയ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തരപ്പെടുത്തിയിരുന്നതെന്നു പ്രതി പോലീസിനോടു പറഞ്ഞു. ഇതിനു ഗോവയിലെ ഒരു പോലീസുകാരന്റെ സഹായം ലഭിച്ചെന്നും വ്യക്തമാക്കി. പോലീസുകാരനെതിരെ ഗോവയില്‍ കേസ് എടുത്തിട്ടുണ്ട്.

ഇടപാടുകാരെന്ന വ്യാജേന സൈബര്‍ പോലീസ് സംഘം നൈജീരിയന്‍ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചാണു തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നു ബോധ്യമായത്.

മുഖ്യപ്രതിയായ ഇക്കി എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചതു സംബന്ധിച്ച ചിത്രങ്ങളും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും ഇയാളെ പിടികൂടാന്‍ സഹായകമായതായി സൈബര്‍ പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നിര്‍ദേശാനുസരണം സൈബര്‍ പോലീസ് എസ്പി പ്രകാശിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് ഡിവൈഎസ്പി വിജയകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാംലാല്‍, എസ്ഐ സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മുഖ്യപ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.