കൊല്ലത്ത് ഇപ്പോഴും വിഭാഗീയതയെന്നു സിപിഎം റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം
Wednesday, January 28, 2015 1:17 AM IST
എസ്.ആര്‍. സുധീര്‍കുമാര്‍


കൊല്ലം: കൊല്ലം ജില്ലയില്‍ ഇപ്പോഴും സിപിഎമ്മിനുള്ളില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം. ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ. രാജഗോപാല്‍ അവതരിപ്പിച്ച 448 പേജുള്ള സംഘടനാ റിപ്പോര്‍ട്ടിലാണ് വിഭാഗീയതയുടെ വിവരങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്.

പതിവിനു വിപരീതമായി ലോക്കല്‍ കമ്മിറ്റികള്‍ മുതലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളും പോരായ്മകളും വിശദമായി ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ സംഘടനാ റിപ്പോര്‍ട്ട്. 17 ഏരിയാ കമ്മിറ്റികളില്‍ കൊട്ടാരക്കരയിലും നെടുവത്തൂരിലുമാണു ഭിന്നത രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിലെ നേതാക്കളെ കൂട്ടിയോജിപ്പിക്കാന്‍പോലും കഴിയുന്നില്ല. സമവായത്തിനു പരമാവധി ശ്രമങ്ങള്‍ നടത്തി. കൊട്ടാരക്കരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു.

നെടുവത്തൂരിലെ വിഭാഗീയത വര്‍ഷങ്ങളായി തുടരുന്നു. ഇവിടെ സെക്രട്ടറിയെ മാറ്റി പുതിയ ആളെ വച്ചെങ്കിലും ഭിന്നത നിലനില്‍ക്കുന്നു. കരീപ്ര പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളിലും സങ്കീര്‍ണ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിലെ മത്സരം വിഭാഗീയതയുടെ ഭാഗമായിരുന്നു. അന്വേഷണ കമ്മീഷന്‍ ഇതു കണ്െടത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസന്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മയെ താക്കീത് ചെയ്യാനും തീരുമാനിച്ചു. ഐക്യത്തിന് എതിരുനിന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡി.രാജപ്പന്‍ നായര്‍, ബി. തുളസീധരക്കുറുപ്പ് എന്നിവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. ഇവരുടെ സ്ഥാനം ഒഴിച്ചിട്ടു. കുറ്റക്കാരെന്നു കണ്െടത്തിയതിനാല്‍ പിന്നീട് പരിഗണിച്ചില്ല. നിലപാട് മാറ്റാത്ത ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ഗംഗാധരക്കുറുപ്പും കരിങ്ങന്നൂര്‍ മുരളിയും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നായിരുന്നു നിര്‍ദേശം. എന്നിട്ടും ചില പ്രദേശങ്ങളില്‍ മറയില്ലാതെ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ മത്സരത്തെ നിശ്ചയദാര്‍ഢ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന അന്വേഷണ കമ്മീഷന്റെ വിലയിരുത്തലിനെ ജില്ലാ കമ്മിറ്റി ഗൌരവമായി തന്നെയാണ് കാണുന്നത്.

ജില്ലയിലെ സംഘടനാസ്ഥിതി പ്രതീക്ഷിച്ചതിലും പരിതാപകരമാണെന്ന കമ്മീഷന്റെ പരാമര്‍ശവും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇതും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെ രാഷ്ട്രീയ വഞ്ചനയാണെന്ന പാര്‍ട്ടി പല്ലവിയും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. അഖിലേന്ത്യാതലത്തിലെ ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചില്ല.


ചര്‍ച്ചകള്‍ക്കുപോലും തയാറാകാതെയാണ് അവര്‍ മുന്നണി വിട്ടുപോയത്. ഈ വഞ്ചന തുറന്നു കാട്ടുന്നതില്‍ പാര്‍ട്ടിക്ക് പോരായ്മ ഉണ്ടായി. വോട്ടര്‍മാരില്‍ ഇത് ആശയക്കുഴപ്പവും സൃഷ്ടിച്ചത്രേ.

എല്‍ഡിഎഫിലായിരുന്നപ്പോള്‍ എന്‍.കെ. പ്രമചന്ദ്രനുണ്ടായിരുന്ന അംഗീകാരവും പ്രതിച്ഛായയും മുന്നണി മാറിയപ്പോഴും അദ്ദേഹത്തിന് അനുകൂല ഘടകമായി. ഇതിനു തടയിടാന്‍ പാര്‍ട്ടിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബലാബലത്തിലെ വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എം.എ. ബേബി സ്ഥാനാര്‍ഥിയാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് കൊല്ലത്തെ മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലയിലാകമാനം വ്യാപകമായി പോസ്ററുകള്‍ പ്രചരിപ്പിച്ചു. ഇതിന് തടയിടാനും പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റമുണ്ടാകണമെന്ന നിര്‍ദേശവുമുണ്ട്.

പിണറായിയുടെ 'പരനാറി' പ്രയോഗത്തിനു വിമര്‍ശനം

കൊല്ലം: സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ 'പരനാറി' പ്രയോഗത്തിനു സിപിഎം കൊല്ലം ജില്ലാ സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ അനുചിതമായ ഈ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു.

പ്രയോഗം എതിരാളികള്‍ പരമാവധി പ്രയോജനപ്പെടുത്തിയതു കൊല്ലത്തടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

പൊളിറ്റ് ബ്യൂറോ മെംബര്‍ എം.എ. ബേബി കൊല്ലത്തു മത്സരിച്ചപ്പോള്‍ മതിയായ മുന്നൊരുക്കമോ ജാഗ്രതയോ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയില്ലെന്നായിരുന്നു മറ്റൊരു ആരോപണം.

ബേബിയെ സ്ഥാനാര്‍ഥിയാക്കിയ ശേഷം നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം സിപിഎം പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടതായി ചില പ്രതിനിധികള്‍ തുറന്നടിച്ചു. സംഭവത്തിന് പാര്‍ട്ടിക്ക് പല രീതിയില്‍ തിരിച്ചടികളുണ്ടായി. കൊലപാതകവുമായി ബന്ധപ്പെട്ട് നേതാക്കള്‍ നട ത്തിയ പ്രതികരണം പലപ്പോ ഴും ജനമധ്യത്തില്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താനേ ഉപകരിച്ചുള്ളൂ. ടി.പി വധം ഇടതുമനസുകളിലെ മായാത്ത മറയ്ക്കാനാവാത്ത മുറിവായി ഇന്നും നിലനില്‍ക്കുന്നതായും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരേയും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. എകെജി ഭവനില്‍നിന്ന് കേന്ദ്രനേതാക്കള്‍ പുറത്തിറങ്ങുന്നില്ല. മൂന്നു സംസ്ഥാനങ്ങളൊഴിച്ച് മറ്റിടങ്ങളില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിനു കേന്ദ്രനേതൃത്വം ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.