വീട്ടമ്മയെ മാനഭംഗപ്പെടുത്തി കവര്‍ച്ച; മൂന്നുപേര്‍ അറസ്റില്‍
വീട്ടമ്മയെ മാനഭംഗപ്പെടുത്തി കവര്‍ച്ച; മൂന്നുപേര്‍ അറസ്റില്‍
Wednesday, January 28, 2015 1:15 AM IST
പെരിന്തല്‍മണ്ണ: വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്ത ശേഷം 10 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മൂന്നു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ് ചെയ്തു. മുഖ്യപ്രതി താഴേക്കോട് മേലേക്കളം തിരുത്തുമ്മല്‍ ജാഫര്‍ എന്ന പത്തിരി ജാഫര്‍ (27), എടപ്പറ്റ കൊമ്പന്‍കല്ല് പുത്തന്‍പീടികവീട്ടില്‍ പി.പി.നിസാര്‍ (25), എടപ്പറ്റ ഓലപ്പാറ പാതിരിക്കോട് കാഞ്ഞിരങ്ങാടന്‍ മുജീബ് റഹ്മാന്‍ (27) എന്നിവരെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം.പ്രദീപ്, സിഐ കെ.എം.ബിജു, എസ്ഐമാരായ കെ.മുഹമ്മദ്, നാസര്‍ എന്നിവര്‍ ചേര്‍ന്ന് എടത്തനാട്ടുകര പാലക്കടവ് പാലത്തിനു സമീപം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് അറസ്റ് ചെയ്തത്.

ഈ മാസം 20ന് രാത്രിയാണു കേസിനാസ്പദമായ സംഭവം. മേലാറ്റൂര്‍ സ്വദേശിനിയായ വീട്ടമ്മയെ ഫോണിലൂടെ പരിചയപ്പെട്ട മുഖ്യപ്രതി വീട്ടമ്മയെയും കുടുംബത്തെയും കാണണമെന്ന് ആവശ്യപ്പെടാറുണ്ടായിരുന്നു. മാന്യമായ പെരുമാറ്റം നടിച്ചതിനാല്‍ വീട്ടമ്മയ്ക്കു സംശയം തോന്നിയിരുന്നില്ല. സംഭവദിവസം പകല്‍ മൂന്നു തവണ ഫോണില്‍ വീട്ടമ്മയെ ബന്ധപ്പെട്ട യുവാവ് രാത്രി പത്തരയോടെ വീട്ടിലെത്തുമെന്നും വീട്ടമ്മയെയും കുടുംബനാഥനെയും കാണണമെന്നും പറഞ്ഞു. വീട്ടില്‍ ആളില്ലെന്നും പിന്നീടു കാണാമെന്നും വീട്ടമ്മ മറുപടി പറഞ്ഞു. രാത്രി മുഖ്യപ്രതിയും കൂട്ടുപ്രതികളും ചേര്‍ന്നു വീട്ടിലെത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി വലിച്ചിറക്കി കാറില്‍ കയറ്റി. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവച്ചു നാട്ടുകല്ലിലെ റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയെന്നു പരാതിയില്‍ പറയുന്നു. ഇവിടെയെത്തിയ മൂവരും മദ്യപിക്കുകയും പലതവണ മാനഭംഗപ്പെടുത്തുകയും ചെയ്തെന്നാണു കേസ്. അവശയായ വീട്ടമ്മയുടെ വള, മാല, കമ്മല്‍, പാദസരം എന്നിവ കവര്‍ന്ന ശേഷം പുലര്‍ച്ചെ മൂന്നരയോടെ മേലാറ്റൂരെ വീട്ടില്‍ എത്തിക്കുകയായിരുന്നു.


മാനഹാനി ഭയന്ന് ആഭരണങ്ങള്‍ വീട്ടില്‍ വച്ചു കളവുപോയെന്നു പിറ്റേന്നു മേലാറ്റൂര്‍ പോലീസിനു പരാതി നല്കി. കേസ് രജിസ്റര്‍ ചെയ്തു തുടര്‍ അന്വേഷണം എസ്പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. സൈബര്‍ സെല്‍, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പരാതിക്കാരി മാനഹാനിയും ഭീഷണിയും ഭയന്നു യഥാര്‍ഥ സംഭവം വെളിപ്പെടുത്താത്തതാണെന്നു വ്യക്തമായത്. അറസ്റിലായ ജാഫറിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. താഴേക്കോട്, മാട്ടറക്കല്‍ എന്നിവിടങ്ങളില്‍ നടന്ന അടിപിടി കേസുകളിലും വെട്ടുകേസുകളിലും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനെ തലയ്ക്കടിച്ചു പണം കവര്‍ന്ന കേസിലും താഴേക്കോട് സഹകരണ ബാങ്ക് മോഷണ ശ്രമത്തിനും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂട്ടുപ്രതിയായ നിസാര്‍ എന്ന സദ്ദാമിന്റെ പേരില്‍ സദാചാര പോലീസ് ചമഞ്ഞ്, കര്‍ട്ടന്‍ വില്പന നടത്തുകയായിരുന്ന സംഘത്തെ ആക്രമിച്ച കേസും അടിപിടി, മണല്‍ കടത്ത് കേസുകളും മുജീബ് റഹ്മാന്റെ പേരില്‍ മണല്‍കടത്തു കേസും നിലവിലുണ്ട്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ഇവരെ കസ്റഡിയില്‍ വാങ്ങി തുടര്‍അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.