കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി ഇന്ന്
Wednesday, January 28, 2015 1:11 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊതുരാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്യാനാണു യോഗമെന്നു നേതാക്കള്‍ പറയുമ്പോഴും പി.സി. ജോര്‍ജിന്റെ നിലപാടുകളും പ്രസ്താവനകളുമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്നു വൈകുന്നേരം ആറിനു ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷമായിരിക്കും ഉന്നതാധികാര സമിതി യോഗം ചേരുക.

യുഡിഎഫിലെ ചര്‍ച്ചകളും തീരുമാനങ്ങളും ഉന്നതാധികാര സമിതി യോഗത്തിന്റെ ഗതിയെ സ്വാധീനിക്കുമെന്നു സംശയമില്ല. പി.സി. ജോര്‍ജിന്റെ നീക്കങ്ങളും ചില പ്രസ്താവനകളും അനാവശ്യമായ ചര്‍ച്ചകള്‍ക്കു വഴിവച്ചു എന്ന വികാരമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്. മാണി രാജിവയ്ക്കുക എന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരികയും ജോസ് കെ. മാണി പിന്‍ഗാമിയാകില്ലെന്നു പറയുകയും ചെയ്തതു വഴി മാണിയുടെ രാജിയും പിന്‍ഗാമി പ്രശ്നവും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ചര്‍ച്ചയായി മാറിയെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.


ബിജു രമേശിനെ നേരില്‍ കാണണമെന്നു ജോര്‍ജ് ആവശ്യപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നപ്പോഴും ജോര്‍ജിനെ ന്യായീകരിക്കുന്ന പ്രതികരണങ്ങളാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. എന്നാല്‍ പിന്നാലെ വന്ന പ്രസ്താവനകള്‍ നിഷ്കളങ്കമാണെന്ന് ഇവര്‍ കരുതുന്നില്ല.ഏതായാലും പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.