മദ്യനയം തിരുത്തുന്നതിനെതിരേ മദ്യവിരുദ്ധസമിതിയുടെ മോക്ക്ഡ്രില്‍
മദ്യനയം തിരുത്തുന്നതിനെതിരേ മദ്യവിരുദ്ധസമിതിയുടെ മോക്ക്ഡ്രില്‍
Friday, December 19, 2014 1:07 AM IST
കോട്ടയം: ടൂറിസം വികസനത്തിന്റെ പേരുപറഞ്ഞ് വിവാദങ്ങളുടെ മറവില്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ തിരുത്തല്‍ നീക്കത്തിനെതിരേ ശക്തമായ താക്കീതും പ്രതിഷേധവും അറിയിച്ച് കോട്ടയം പട്ടണത്തിലൂടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ മോക്ക്ഡ്രില്‍. അടച്ചുപൂട്ടിയ 418 ബാറുകളിലൂടെ ആവശ്യപ്പെടുന്നവര്‍ക്കൊക്കെ ബീയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുവാനുള്ള വിവാദക്കുരുക്കിലകപ്പെട്ട ഭരണക്കാരുടെ നീക്കത്തിന് പെട്രോള്‍ പമ്പ് മാതൃകയില്‍ ബീയര്‍-വൈന്‍ പമ്പ് പ്രദര്‍ശിപ്പിച്ചാണ് സര്‍ക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി പരിപാടി ആവിഷ്കരിച്ചത്.

മദ്യനിരോധനത്തിന്റെ ഘട്ടങ്ങള്‍ നടപ്പിലാക്കാന്‍ നടപടി എടുത്തവര്‍ കുട്ടിക്കുടിയന്മാരെ പ്രോത്സാഹിപ്പിക്കാന്‍ യഥേഷ്ടം ബീയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതും, ഡ്രൈഡേ പോലുളള ഘട്ടങ്ങള്‍ പിന്‍വലിക്കുന്നതും ബാറുടമകള്‍ക്ക് സമാശ്വാസം നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനാണെന്നും പൊതുസമൂഹം ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും തിന്മയ്ക്കെതിരേ സഭയ്ക്കോ സമിതിക്കോ അഡ്ജസ്റ്മെന്റ് പൊളിറ്റിക്സോ വിലപേശല്‍ തന്ത്രമോ ഇല്ലെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിദേശികള്‍ എത്തുന്നത് കുടിച്ചാല്‍ കണ്ണും ജീവനുമടിച്ചുപോകുന്ന കേരള മോഡല്‍ മദ്യം കഴിക്കാന്‍ അല്ലെന്ന വസ്തുത ഇനിയെങ്കിലും ഭരണാധികാരികള്‍ തിരിച്ചറിയണം. പത്ത് ബാര്‍ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തെന്നും ടൂറിസം മേഖല തകര്‍ന്നെന്നും നിയമസഭയില്‍ അറിയിപ്പ് നടത്തിയ മുഖ്യമന്ത്രിയും, എക്സൈസ് മന്ത്രിയും മദ്യം മൂലം ദിനംപ്രതി നഷ്ടപ്പെടുന്ന ജീവനുകളുടെയും തകരുന്ന കുടുംബങ്ങളുടെയും കണക്കുകള്‍ കൂടി പുറത്തു വിടണമായിരുന്നു.


മദ്യശാലകള്‍ അനുവദിക്കാന്‍തക്കവിധം നിയമവും പഴുതുമുണ്ടാക്കി വച്ചിട്ട് ഭരണാധികാരികള്‍ കോടതിയുടെമേല്‍ പഴിചാരുന്നത് ഭൂഷണമല്ല. ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ മുന്‍കൂട്ടി തയ്യാറാക്കിയുള്ള തിരക്കഥാ പഠന റിപ്പോര്‍ട്ട് സമിതി അംഗീകരിക്കില്ലെന്നും പ്രായോഗികതയുടെ പേര് പറഞ്ഞ് നയത്തില്‍ നിന്നും പിന്നോക്കം പോയാല്‍ ഈ സര്‍ക്കാരിന് നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും പ്രസാദ് കുരുവിള മുന്നറിയിപ്പ് നല്‍കി.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെപ്പോലും അവഗണിക്കുന്ന ഭരണമാണിതെന്നും മദ്യശാലകള്‍ പുനഃസ്ഥാപിക്കുന്നത് വീണ്ടും അക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പുനഃസ്ഥാപിക്കാനേ വഴിതെളിക്കൂവെന്നും സമിതി കോട്ടയം റീജിയന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അഭിപ്രായപ്പെട്ടു. ജോസ് ഫ്രാന്‍സിസ്, സാബു ഏബ്രഹാം, ഡെയ്സി മാത്യു, മറിയമ്മ ലൂക്കോസ്, ഏബ്രഹാം ഫ്രഞ്ചി, സിസ്റര്‍ റോസ്മിന്‍, മാത്തുക്കുട്ടി ചെമ്പകശേരി, ബൈജു പൊതീട്ടേല്‍, റോസമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ലിയ ജേക്കബ്, റ്റിന്‍ജി മോള്‍ തോമസ്, കരോള്‍ വി. ഗ്രഹാം, മാലു കെ. ബിജു, ഡിലു മനോജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.