മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ പ്രതിരോധിക്കും: ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം
Friday, December 19, 2014 1:20 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ പ്രതിരോധിക്കുമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം. ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയം മാറ്റിയാല്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെതിരേ വോട്ട് ചെയ്യണമെന്നും സര്‍ക്കാരിനെ താഴെയിറക്കണമെന്നും പറയില്ല. എന്നാല്‍, സര്‍ക്കാരിനെ സൂക്ഷിക്കണമെന്നു പറയും. തിന്മയെ പ്രോത്സാഹിപ്പിച്ചാല്‍ തിന്മയെന്നുതന്നെ പറയും. ഇത്തരത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

മദ്യത്തെ അപ്പാടെ ദൂരീകരിക്കണമെന്നാണു സഭയുടെ നിലപാട്. നമ്മള്‍ പ്രതീക്ഷിക്കാത്ത മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിനോടു ബഹുമാനം തോന്നി.ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്പനശാലകള്‍ മുഴുവന്‍ പൂട്ടണമെന്നാണ് ആഗ്രഹം. എന്നാല്‍, ഭരണം നടത്തുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പല വൈഷമ്യങ്ങളും ഉണ്ടാകും. മദ്യത്തിനെതിരായ നിയമവും മദ്യവര്‍ജനവും ആവശ്യമാണ്. നിരോധനം വരുമ്പോള്‍ മദ്യലഭ്യത കുറയ്ക്കാന്‍ സാധിക്കും.


വൈന്‍, ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചാല്‍ ദൂഷ്യം വരും. ചെറിയ തോതില്‍ തുടങ്ങുന്ന കുടിയാണു വലിയ കുടിയിലേക്ക് എത്തുന്നത്. യൂറോപ്പിലെപ്പോലെയല്ല കേരളം. കേരളത്തില്‍ വൈനും മദ്യവും ആവശ്യമില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

മതസൌഹാര്‍ദം തുരങ്കംവയ്ക്കുന്ന രീതിയിലേക്കു കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതായി തോന്നിപ്പോകുന്നു. മതപരിവര്‍ത്തനം സംബന്ധിച്ചുണ്ടായ സംഭവങ്ങളില്‍ വലിയ ആശങ്കയാണുള്ളത്. ഇതുവരെ ഇങ്ങനെയൊരു ആശങ്കയുണ്ടായിരുന്നില്ല. ബൈബിളിനെ ആദരിക്കുന്നതുപോലെയാണ് നാം ഭരണഘടനയെയും ആദരിക്കുന്നത്. എല്ലാവരുടേയും തുല്യത ഭരണഘടന അംഗീകരിക്കുന്നു.

ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കുന്ന ഭരണഘടന നമുക്കുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സമീപന രീതികള്‍ ഭരണഘടനയെ തുരങ്കംവയ്ക്കുന്നതാണ്. ഇന്ത്യയില്‍ രണ്ടുശതമാനംപോലും ക്രിസ്ത്യാനികളില്ലെന്ന കാര്യവും ആര്‍ച്ച് ബിഷപ് ഓര്‍മിപ്പിച്ചു. എല്ലാപേരും ഭാരതമാതാവിന്റെ മക്കളാണെന്ന നിലയിലാണു മുന്നോട്ടുപോകുന്നത്. ആ സമയത്തു വര്‍ഗീയ മനോഭാവങ്ങളെ ഊതിവീര്‍പ്പിക്കുന്ന ശൈലിയിലേക്കു പോകുന്നതായും ആര്‍ച്ച്ബിഷപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.