ഉമ്മന്‍ ചാണ്ടി വഞ്ചിച്ചു: ഗണേഷ്കുമാര്‍
ഉമ്മന്‍ ചാണ്ടി വഞ്ചിച്ചു: ഗണേഷ്കുമാര്‍
Friday, December 19, 2014 1:07 AM IST
പത്തനാപുരം: സംസ്ഥാന മന്ത്രിസഭയിലെ അഴിമതികളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും അറിയിക്കുമെന്നു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. താന്‍ വിശ്വസിച്ച ഉമ്മന്‍ ചാണ്ടി തന്നെ വഞ്ചിച്ചതായും ഗണേഷ്കുമാര്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയില്‍ അഴിമതിയാണെന്നും പൊതുമരാമത്തു വകുപ്പിലെ അഴിമതികള്‍ സിബിഐ അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളില്‍ തനിക്കു വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക പത്രസമ്മേളനത്തിലാണ് യുഡിഎഫിനെതിരേ ഗണേഷ് തുറന്നടിച്ചത്.

സംസ്ഥാനത്തെ മന്ത്രിമാരും അവരുടെ പിണിയാളുകളുമല്ലാതെ ആരും ഭരണത്തില്‍ തൃപ്തരല്ല. മുന്നണി വിടുന്നതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. അതു തീരുമാനിക്കേണ്ടതു പാര്‍ട്ടിയും പാര്‍ട്ടി ചെയര്‍മാനുമാണ്. നിയമസഭയില്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും എല്‍ഡിഎഫും ബിജെപിയും പിന്തുണച്ചിട്ടുണ്ട്. തന്റെ ആരോപണത്തിനു ലോകായുക്തയുടെ നോട്ടീസ് കിട്ടിയിട്ടില്ല. സാധാരണ പൌരനെപ്പോലെ കോടതിയില്‍ വിശ്വസിക്കുന്നു.


ഉമ്മന്‍ ചാണ്ടി സത്യത്തിന്റെ വാതില്‍ അടച്ചു. ആരോപണങ്ങള്‍ യുഡിഎഫ് നേതൃയോഗത്തില്‍ പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി തന്നെ അതില്‍നിന്നു പുറത്താക്കുകയാണു ചെയ്തത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഴിമതികള്‍ കാലം തെളിയിക്കും.

വി.എം. സുധീരനോടും എ.കെ. ആന്റണിയോടും കാര്യങ്ങള്‍ പറയും. തെറ്റു ചെയ്ത ഞാന്‍ അതു തിരുത്തിയിട്ടുണ്ട്. പക്ഷേ ഇന്നുവരെ അഴിമതി ചെയ്തിട്ടില്ല. കണ്‍സ്യൂമര്‍ഫെഡ് അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും തന്റെ വിശ്വാസം ജനകീയ കോടതിയിലാണെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.