ടയര്‍ കമ്പനികളുമായി ധാരണ; റബറിനു കൂടിയ വില ലഭിക്കും
ടയര്‍ കമ്പനികളുമായി ധാരണ; റബറിനു കൂടിയ വില ലഭിക്കും
Friday, December 19, 2014 12:20 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ടയര്‍ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്കു റബര്‍ വാങ്ങുന്നതിനുള്ള ഫോര്‍മുല അംഗീകരിക്കപ്പെട്ടു.

ഇതോടെ കര്‍ഷകര്‍ക്കു റബറിനു കൂടുതല്‍ വില ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. പുതിയ ഫോര്‍മുല പ്രകാരം കിലോയ്ക്കു 114 രൂപ വില ലഭിച്ചിരുന്ന റബറിനു 130.20 രൂപ കര്‍ഷകര്‍ക്കു ലഭിക്കും. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് റബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമുണ്ടായത്.

പുതിയ ഫോര്‍മുല പ്രകാരമുള്ള പദ്ധതി ഇന്നു മുതല്‍ അടുത്ത മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാ കും. ആര്‍എസ്എസ് 4 ഗ്രേഡിലുള്ള റബറാണു വാങ്ങുന്നത്. അന്താരാഷ്ട്ര വിലയെ (തായ്ലന്‍ഡ്) അടിസ്ഥാനമാക്കി റബര്‍ ബോര്‍ഡ് എല്ലാ ദിവസവും റബറിന്റെ വില പ്രഖ്യാപിക്കും.

ഈ വിലയോടൊപ്പം 20 ശത മാനം കസ്റംസ് ഡ്യൂട്ടിയും അഞ്ചു ശതമാനം പര്‍ച്ചേസ് ടാക്സും ചേര്‍ത്തുള്ള തുകയ്ക്കു നിര്‍മാണ യൂണിറ്റുകളോ ഏജന്റുകളോ ഡീലര്‍മാരില്‍ നിന്നു റബര്‍ വാങ്ങും. പര്‍ച്ചേസ് ടാക്സിന്റെ പകുതി മുപ്പതു ദിവസത്തിനകം സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്കു മടക്കി നല്‍കും.


ശേഷിക്കുന്ന പകുതി വാറ്റ് റീഫണ്ട് ക്ളെയിമായി പരിഗണിക്കും. ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് ചെയര്‍മാനും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കും.

യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ. ജയതിലക്, ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസ്, എഎന്‍ആര്‍പിസി സെക്രട്ടറി ജനറല്‍ ഷീല തോമസ് എന്നിവര്‍ പങ്കെടുത്തു.

കമ്പനികളെ പ്രതിനിധീകരിച്ച് മോഹന്‍ ക്വാന്‍ (എംആര്‍എഫ്), അജയ് സെവേകരി, നവീന്‍ ചൌധരി (ബ്രിഡ്ജ്സ്റോണ്‍), സ്വരഞ്ജിത് സിംഗ്, എം.കെ. മേത്ത (ജെ.കെ. ടയേഴ്സ്), പ്രവീണ്‍ ത്രിപതി (അപ്പോളോ), വിജയ് ഗാംബൈര്‍, പി. ഹരി (സിയറ്റ്), രമേശ് ചൌതാനി (ഗുഡ് ഇയര്‍), സന്തോഷ് കുമാര്‍ (മലയാളം പ്ളാന്റേഷന്‍സ് ലിമിറ്റഡ്), സിബി മോനിപ്പള്ളി (ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്സ് ഫെഡറേഷന്‍), ജോര്‍ജ് വാലി (പ്രസിഡന്റ്, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ്) എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.