എംജി വാഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് ചികിത്സാ-വൈകല്യ സഹായം
Wednesday, November 26, 2014 1:08 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ചികിത്സാ-വൈകല്യ സഹായ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. സാംസ്കാരിക മികവ് പുലര്‍ത്തുന്നവര്‍ക്ക് കള്‍ച്ചറല്‍ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും. ഈ അക്കാദമിക വര്‍ഷം തന്നെ മൂന്നു പദ്ധതികളും നടപ്പിലാക്കുന്നതിനു വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ അംഗീകാരവും നല്‍കി. പ്രൊവൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കറ്റംഗംങ്ങളായ പ്രഫ.കെ.വി.നാരായണക്കുറുപ്പ്, പ്രഫ.സി.എച്ച്.അബ്ദുള്‍ ലത്തീഫ്, പി.കെ.ഫിറോസ്, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, ഡിഎസ്എസ് ഡോ.ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവരടങ്ങുന്ന സമിതിയാണ് പദ്ധതിക്കു രൂപം നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഈ പദ്ധതിയുടെ പരിധിയില്‍ വരും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ വരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ യോഗ്യത. ഹൃദ്രോഗം, വൃക്കരോഗം, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പരമാവധി 25000 രൂപ വരെ പഠനസഹായം ലഭിക്കും. ഡിഗ്രി, പിജി കോഴ്സുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസഥാനത്തില്‍ 5000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പ് നല്‍കും.


യൂണിവേഴ്സിറ്റി യൂവജനോത്സവ വിജയികള്‍ക്ക് തൊട്ടടുത്ത വര്‍ഷം തുടര്‍പഠനം നടത്തുമ്പോള്‍ 5000 രൂപ കള്‍ച്ചറല്‍ സ്കോളര്‍ഷിപ്പും നല്‍കും. ഇതിനും വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്്. പുതിയ വിദ്യാര്‍ഥി ക്ഷേമ പദ്ധതികളെക്കുറിച്ച് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ കലാലയങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. സ്റ്റുഡന്റ് വെല്‍ഫയര്‍ ഫില്‍ പണം തികയാതെ വന്നാല്‍ പ്രത്യേക ബനവലന്റ് ഫണ്ട്് രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാ സ്റ്യന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.