ദൈവദാസന്‍ പഞ്ഞിക്കാരനച്ചന്റെ കബറിടം തുറക്കുന്നു
Wednesday, November 26, 2014 1:02 AM IST
കോതമംഗലം: നാമകരണത്തിനുള്ള കാനോനിക നടപടികളുടെ ഭാഗമായി ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ കബറിടം തുറന്ന് നാളെ പരിശോധന നടത്തും. വത്തിക്കാനില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പരിശോധന. കോതമംഗലം തങ്കളം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൌസ് സെമിത്തേരിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്.

നാളെ രാവിലെ 6.15ന് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. 8.15ന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനകളോടെയാണ് കബറിടം തുറന്നുള്ള പരിശോധനയുടെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. കാനോനിക പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൌതികശേഷിപ്പുകള്‍ ധര്‍മഗിരി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൌസ് കപ്പേളയില്‍ നിര്‍മിച്ചിരിക്കുന്ന കല്ലറയില്‍ അടക്കം ചെയ്യും. സുറിയാനി കത്തോലിക്കരില്‍ ആദ്യമായി എംഎ പാസായ വ്യക്തിയാണ് ഫാ. ജോസഫ് പഞ്ഞിക്കാരന്‍.


1913ല്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1918ല്‍ വൈദികനായി. റോമില്‍ നിന്ന് ഫിലോസഫി, തിയോളജി, കാനന്‍നിയമം എന്നിവയില്‍ ഡോക്ടറേറ്റുകള്‍ നേടിയ ശേഷം ഭൌതിക തലത്തിലും സഭാതലത്തിലും ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഉപേക്ഷിച്ച് സമൂഹത്തിലെ നിരാലംബര്‍ക്കായി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. സാന്നിധ്യം കൊണ്ടും വാക്കുകൊണ്ടും ജീവിതം കൊണ്ടും അനേകം ഹൃദയങ്ങളില്‍ കരുണാര്‍ദ്രസ്നേഹം പകര്‍ന്ന മനുഷ്യസ്നേഹികൂടിയാണ് പഞ്ഞിക്കാരനച്ചന്‍. സംസ്ഥാനത്ത് ആശുപത്രികള്‍ കുറവായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കോതമംഗലത്ത് ധര്‍മഗിരി ആശുപത്രിയും പിന്നീട് ഇവിടെ നിസ്വാര്‍ഥസേവനം ചെയ്യാനായി എംഎസ്ജെ സന്യാസിനിസമൂഹവും അദ്ദേഹം സ്ഥാപിച്ചു. 1949 നവംബര്‍ നാലിന് ദിവംഗതനായി. 2010 ജൂലൈ 18നാണ് ദൈവദാസനായി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.